തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ ഒരു വര്‍ഷം നഷ്ടപ്പെടാതെ അടുത്ത ക്ലാസിലേക്ക് പ്രവേശനം നടത്താനുള്ള നടപടികളിലേക്ക് വിദ്യാഭ്യാസ വകുപ്പ്. നിലവില്‍ എട്ടാം ക്ലാസ് വരെയുള്ള എല്ലാവരേയും ജയിപ്പിക്കല്‍ ഒമ്പതിൽ കൂടി നടപ്പാക്കാനാണ് ആലോചന.
ഇതോടെ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വര്‍ഷാന്ത്യ പരീക്ഷ ഒഴിവാക്കും. വരുന്ന മാസങ്ങളില്‍ കോവിഡ് വ്യാപനം കൂടുമെന്ന റിപ്പോര്‍ട്ടുകള്‍ കൂടി കണക്കിലെടുത്താണ് ഇക്കൊല്ലത്തെ ക്ലാസ് കയറ്റം വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.അധ്യയന വര്‍ഷം നഷ്ടപ്പെടാതെ വിദ്യാര്‍ത്ഥി സൗഹൃദമായ നടപടികളായിരിക്കും കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ ഉണ്ടാവുക. ഇതു സംബന്ധിച്ച് നയപരമായ തീരുമാനം സര്‍ക്കാരില്‍ നിന്നുണ്ടാവുമെന്നും എസ്.സി.ഇ.ആര്‍.ടി വ്യക്തമാക്കി.
11-ാം ക്ലാസില്‍ സംസ്ഥാനത്ത് പൊതു പരീക്ഷയായതിനാല്‍ , അതിന്റെ കാര്യത്തില്‍ എന്തു ചെയ്യണമെന്നത് കുറച്ചു കൂടി വിശദമായ ചര്‍ച്ചയ്ക്കു ശേഷം മാത്രമെ തീരുമാനം ഉണ്ടാവൂ. ഹയര്‍സെക്കന്‍ഡറിക്ക് രണ്ടു വര്‍ഷത്തേയും പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കുന്ന അപൂര്‍വം സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.സി.ബി.എസ്.ഇ. യില്‍ പന്ത്രണ്ടാം ക്ലാസിലെ പരീക്ഷയുടെ മാര്‍ക്കാണ് അന്തിമമായി എടുക്കുന്നത്.കോവിഡ് പശ്ചാത്തലത്തില്‍ ഇക്കൊല്ലം 11-ാം ക്ലാസിലെ പരീക്ഷ ഒഴിവാക്കണോ എന്നത് നിയമവശം കൂടി പരിഗണിച്ച ശേഷമേ തീരുമാനിക്കൂ. അടുത്ത ജൂണില്‍ സ്‌കൂള്‍ തുറക്കാനായാല്‍ അപ്പോള്‍ പ്ലസ് വണ്ണിന്റെ പരീക്ഷ നടത്താനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്.