കോതമംഗലം: മതം പഠിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയ വിദ്യാര്‍ത്ഥിനിക്ക് സ്‌കൂള്‍ അധികൃതര്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം നിഷേധിച്ചതായി പരാതി. കോതമംഗലം വേങ്ങൂരാന്‍ വീട്ടില്‍ വി.ഡി മാത്യുവിന്റെയും ദീപ്തി ഡന്നിയുടെയും മകള്‍ ദിയ റോസിനാണ് മതപഠനത്തിന്റെ പേരില്‍ തുടര്‍വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരിക്കുന്നത്. കോതമംഗലം രൂപത വക സെ. അഗസ്റ്റിന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തന്റെ മകള്‍ക്ക് അഡ്മിഷന്‍ നിഷേധിച്ചതായി ദിയയുടെ മാതാവ് ദീപ്തി വ്യക്തമാക്കുന്നു.
കേരള യുക്തിവാദി സംഘത്തിന്റെ ജനറല്‍ സെക്രട്ടറി രാജഗോപാല്‍ വാകത്താനം ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. കോതമംഗലം സെന്റ് അഗസ്റ്റിന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ചേരാന്‍ ചെന്നപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ തങ്ങളെ മതം പഠിക്കാനും കുമ്പസാരിക്കാനും തയ്യാറല്ലെങ്കില്‍ അഡ്മിഷന്‍ തരില്ലെന്നു പറഞ്ഞ് അധിക്ഷേപിച്ച് വിട്ടുവെന്ന് പെണ്‍കുട്ടിയും മാതാപിതാക്കളും ആരോപിക്കുന്നു.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ട്രീസ ജോസിന്റെ സാന്നിദ്ധ്യത്തില്‍ സിസ്റ്റര്‍ ജസീനയാണ് രൂക്ഷമായ ഭാഷയില്‍ തങ്ങളെ അപസഹിച്ചതെന്നാണ് ഇവര്‍ പറയുന്നത്. തങ്ങള്‍ നിരീശ്വരരല്ലെന്നും എന്നാല്‍ മതം പഠിപ്പിക്കാതെയാണ് കുട്ടികളെ വളര്‍ത്തുന്നതെന്നും അതിന് ഇനിയും താല്പര്യമില്ലെന്നും ദീപ്തി തുറന്നു പറയുന്നു. കുട്ടിക്ക് അഡ്മിഷന്‍ കൊടുക്കാന്‍ തയ്യാറാകാഞ്ഞതിനെ തുടര്‍ന്ന് ദീപ്തി പോലീസിലും വിദ്യാഭ്യാസ വകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന സ്‌കൂളില്‍ മതം പഠിക്കണമെന്ന നിബന്ധന നിയമ വിരുദ്ധവും ഭരണഘടനാ ലംഘനവുമാണ്. മതാധിപതികള്‍ എല്ലാ നിയമത്തിനും അതീതരാണല്ലോ? സര്‍ക്കാര്‍ എന്തു ചെയ്യുമെന്നാണ് ഇനി അറിയേണ്ടതെന്ന് കേരള യുക്തിവാദി സംഘം പറയുന്നു.