മലപ്പുറം: സ്ത്രീകൾ ഉൾപ്പെടെ എസ്‌സിഇആർടി സംഘം സഞ്ചരിച്ച ജീപ്പ് ആന ആക്രമിച്ചു. ഓടി രക്ഷപ്പെടുന്നതിനിടെ വീണ വൈസ് ചാൻസലർക്ക് (വിസി) പരുക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് കരുളായി വനത്തിലെ കാഞ്ഞിരക്കടവിലാണ് സംഭവം. എറണാകുളത്തെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്റെ (എൻയുഎഎൽഎസ്) വിസി ഡോ. കെ.സി.സണ്ണിക്കാണ് (63) പരുക്കേറ്റത്. വാരിയെല്ലുകൾക്ക് പൊട്ടലേറ്റ അദ്ദേഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിഷത്തിന്റെ നേതൃത്വത്തിൽ കരുളായി വനത്തിലെ പ്രാക്തന ഗോത്രമായ ചോല മക്ക പഠിപ്പ്ക്കൂട്ടം സാക്ഷരത പദ്ധതിയിൽ പുലിമുണ്ട ടവറിൽ നടത്തുന്ന ക്ലാസ് നിരീക്ഷിക്കാനെത്തിയതാണ് സംഘം. സംഘത്തിൽ എസ്‌സിഇആർടി അസിസ്റ്റന്റ് പ്രഫ. ഡോ. ശോഭാ ജേക്കബ്, റിസർച് ഓഫിസർ സുദർശനൻ ഉൾപ്പെടെ 7 പേരുണ്ടായിരുന്നു.
കരുളായിയിൽനിന്ന് ടാക്സി ജീപ്പിലാണ് പുറപ്പെട്ടത്. മടങ്ങും വഴി കൂടെയുള്ള മുണ്ടക്കടവ് ബദൽ സ്കൂൾ അധ്യാപിക പിങ്കിയെ ഇറക്കാൻ കാഞ്ഞിരക്കടവിൽ ജീപ്പ് നിർത്തി. കൈയിൽ കരുതിയ ഭക്ഷണം കഴിക്കാൻ എല്ലാവരും 10 മീറ്റർ അകലെ പുഴയിലേക്കിറങ്ങി.
തിരിച്ച് ജീപ്പിനടുത്തേക്ക് നീങ്ങവേ ചിന്നംവിളിച്ച് പാഞ്ഞെത്തിയ കൊമ്പൻ, ജീപ്പ് കുത്തി മറിച്ചിടുകയായിരുന്നു. ഭയന്ന എല്ലാവരും തിരിച്ച് പുഴയിലേക്കോടി. ജീപ്പിന് നേരേ കൊമ്പൻ പരാക്രമം തുടർന്നു. ആന പിൻവാങ്ങിയയെന്ന് ഉറപ്പാക്കിയ ശേഷം ജീപ്പ് നേരെയാക്കി യാത്ര തുടർന്ന് കരുളായിയിലെത്തി. തുടർന്നു മറ്റൊരു വാഹനത്തിൽ വിസിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ജീപ്പിന് സാരമായ കേടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുൾപ്പെട്ട സംഘത്തിന് യാത്രയിൽ പൊലീസ്, വനം ഉദ്യോഗസ്ഥരുടെ അകമ്പടിയില്ലാത്തത് ഗുരുതര സുരക്ഷാവീഴ്ചയാണെന്ന് ആക്ഷേപമുയർന്നു. സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് പൊലീസ് അന്വേഷണം തുടങ്ങി.