തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും വ്യാജരേകളുണ്ടാക്കി തട്ടിപ്പ് നടത്തുന്നതായി വിജിലൻസ്. ഏജന്റുമാർ മുഖേനെയാണ് വ്യാജ രേഖകൾ ഹാജരാക്കി പണം തട്ടുന്നത്. ഇതിന് കളക്ടറേറ്റിലെ ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുന്നതായാണ് വിജിലൻസ് കണ്ടെത്തൽ. അന്വേഷണത്തിന്റെ ഭാഗമായി ഓപ്പറേഷൻ സിഎംആർഡിഎഫ് എന്ന പേരിൽ സംസ്ഥാന വ്യാപകമായി കളക്ടറേറ്റുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തുകയാണ്.
ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം ലഭിക്കുന്നതിനായി കളക്ടറേറ്റുകൾ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സഹായം ആവശ്യപ്പെട്ട് നിരവധി അപേക്ഷകളാണ് സംസ്ഥാന വ്യാപകമായി ഓരോ കളക്ടറേറ്റുകളിലും ലഭിക്കാറുള്ളത്. ഈ അപേക്ഷകൾ ഉദ്യോഗസ്ഥർ പരിശോധിച്ച് അർഹരെ കണ്ടെത്തിയ ശേഷം സെക്രട്ടറിയേറ്റിലേക്ക് അയക്കും. തുടർന്ന് പണം അക്കൌണ്ടിലേക്ക് വരും. കാലങ്ങളായി തുടരുന്ന ഈ രീതിയിലാണ് അഴിമതി കണ്ടെത്തിയത്.
സിഎംആർഡിഎഫ് കൈകാര്യം ചെയ്യുന്ന കളക്ടറേറ്റിലെ ഉദ്യേഗസ്ഥർ, ഏജന്റുമാരുമായി ചേർന്ന് പണം വാങ്ങി വ്യാജ വരുമാന സർട്ടിഫിക്കറ്റുകളടക്കം നൽകി പണം തട്ടുന്നുവെന്നാണ് വിജിലൻസ് കണ്ടെത്തൽ. അനർഹരായ ആളുകളുടെ പേരിൽ അപേക്ഷ സമർപ്പിക്കുന്നതാണ് തട്ടിപ്പ് രീതി. വ്യാജ രേഖകളാകും ന ഫോൺ നമ്പറുകളും ബാങ്ക് അക്കൌണ്ട് രേഖകളും ഏജന്റുകളുടേതാകും. പണം ലഭിച്ച ശേഷം ഒരു വിഹിതം തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കും അപേക്ഷ സമർപ്പിച്ച വ്യക്തിക്കും നൽകും. ഈ രീതിയിലാണ് കാലങ്ങളായി തട്ടിപ്പ് നടക്കുന്നതെന്നാണ് വിജിലൻസ് കണ്ടെത്തിയത്.