ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷൻ ചെയ്തതിന് പിന്നാലെ തലയോട്ടി പഴുത്തു; പോലീസ്കൊച്ചിയിലെ സ്ഥാപനത്തിനെതിരെ കേസെടുത്തു

ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷൻ ചെയ്തതിന് പിന്നാലെ തലയോട്ടി പഴുത്തു; സനലിന്റെ പരാതിയിൽ പോലീസ് കേസെടുത്തു

കൊച്ചി: തലമുടി വെച്ചുപിടിപ്പിച്ചതിനെത്തുടര്‍ന്ന് (ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍) തലയോട്ടി പഴുത്ത സംഭവത്തില്‍ കേസെടുത്ത് പോലീസ്. കടവന്ത്ര ഇന്‍സൈറ്റ് ഡെര്‍മ ക്ലിനിക്കിലെ ഡോക്ടറും ആന്ധ്രാപ്രദേശ് സ്വദേശിയുമായ ശരത്കുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്. ചെറായി സ്വദേശി എസ്. സനിലിന് തലമുടി വെച്ചുപിടിപ്പിച്ചതിനെ തുടർന്ന് തലയോട്ടി പഴുക്കുകയും പിന്നാലെ പതിനാല് ശസ്ത്രക്രിയകൾ വേണ്ടിവരികയും ചെയ്തിരുന്നു.

പ്രാഥമികാന്വേഷണത്തിന് ശേഷമാണ് പോലീസ് സ്ഥാപനത്തിനെതിരേ കേസെടുത്തിരിക്കുന്നത്. മനുഷ്യജീവന് അപകടകരമായ പ്രവൃത്തികള്‍ ചെയ്തു എന്ന് വ്യക്തമാക്കി മൂന്നുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ സനില്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാന്‍ തയാറായിരുന്നില്ല.

ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ നടത്തിയ ഡോക്ടറുടെ യോഗ്യത സംബന്ധിച്ചും ചില സംശയങ്ങളുയർന്നിട്ടുണ്ട്. ഇതുസംബന്ധിച്ചും ഇപ്പോള്‍ പരിശോധന നടത്തുകയാണ്.ഇക്കഴിഞ്ഞ ഫെബ്രുവരി 26, 27 തീയതികളിലാണ് കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സൈറ്റ് ഡെര്‍മ ക്ലിനിക്കിലെത്തി മുടി വെച്ചുപിടിപ്പിക്കല്‍ നടത്തിയത്.

മാര്‍ച്ച് ആദ്യം വേദനയും ചൊറിച്ചിലും തുടങ്ങി. വൈകാതെ അസഹനീയ തലവേദനയായി. തുടര്‍ന്ന് സ്ഥാപന അധികൃതരുമായി ബന്ധപ്പെട്ടുവെങ്കിലും വേദന സംഹാരി ഗുളികകള്‍ കഴിക്കാനായിരുന്നു നിര്‍ദേശം. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് മുടിവെച്ചുപിടിപ്പിച്ച ഭാഗത്ത് ഗുരുതരമായ അണുബാധ കണ്ടെത്തിയത്. അപ്പോഴേക്കും തലയിലെ തൊലി ഏറെയും നഷ്ടമായിരുന്നു.

തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കുകയായിരുന്നു. തലയിലെ പഴുപ്പ് വലിച്ചെടുക്കുന്നതിന് പ്രത്യേക ഉപകരണം ഘടിപ്പിച്ചിരിക്കുകയാണ്. തലയോട്ടി പഴയ രീതിയിലാകാന്‍ ഇനിയും ശസ്ത്രക്രിയകള്‍ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുള്ളത്. അമ്പതിനായിരത്തോളം രൂപയാണ് മുടിവെച്ചുപിടിപ്പിക്കുന്നതിനായി ചെലവായത്. തുടര്‍ന്നുണ്ടായ അസ്വസ്ഥതകള്‍ക്കുള്ള ചികിത്സയ്ക്ക് ഇതുവരെ 10 ലക്ഷം രൂപയോളം ചെലവായതായാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News