ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം പരിഹരിക്കാന്‍ സമിതിയെ നിയോഗിക്കാനുള്ള ഇടപെടലുമായി സുപ്രീം കോടതി. കര്‍ഷക സമരം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജികളിലാണ് നടപടി.
ഇക്കാര്യത്തില്‍ മുഴുവന്‍ കര്‍ഷക സംഘടനകള്‍ക്കും നിലപാട് അറിയിക്കാന്‍ അവസരം നല്‍കിയ കോടതി അതിനായി കേസ് നാളെത്തേക്ക് മാറ്റി. കര്‍ഷകര്‍ക്കും അവരുടെ താത്പര്യങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ എതിരല്ല, അതിനാല്‍ ബില്ലുകളില്‍ ഓരോ വകുപ്പും പ്രത്യേകം പ്രത്യേകം ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകളോട് നിര്‍ദേശിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.
അതേസമയം ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തില്‍ പോലീസ് വിന്യാസം ശക്തമാക്കുന്നുണ്ട്. ഡല്‍ഹിയിലേക്കുള്ള കൂടുതല്‍ അതിര്‍ത്തികള്‍ അടക്കാനാണ് നീക്കം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരുടെ വരവ് തടയുകയാണ് ലക്ഷ്യം.
നഗരത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചാലും പിന്‍വാങ്ങാന്‍ കര്‍ഷകര്‍ തീരുമാനിച്ചിട്ടില്ല. ഗ്രാമങ്ങള്‍ ചുറ്റി ദീര്‍ഘമായ വഴികളിലൂടെ സഞ്ചരിച്ച് കര്‍ഷകര്‍ പ്രക്ഷോഭത്തിന് എത്തുന്നുണ്ട്. ആയിരക്കണക്കിന് പേരാണ് സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഓരോ ദിവസവും എത്തുന്നത്.