ന്യൂഡല്‍ഹി: 2019 ഏപ്രിൽ 1 നും 2024 ഫെബ്രുവരി 15 നും ഇടയിൽ രാഷ്ട്രീയ പാർട്ടികൾ മൊത്തം 22,217 ഇലക്ടറൽ ബോണ്ടുകൾ വാങ്ങുകയും 22,030 റിഡീം ചെയ്യുകയും ചെയ്തതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സുപ്രീം കോടതിയെ അറിയിച്ചു. കോടതിയുടെ നിർദ്ദേശപ്രകാരം, മാർച്ച് 12 ന് പ്രവൃത്തി സമയം അവസാനിക്കുന്നതിന് മുമ്പ് ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനിൽ ലഭ്യമാക്കിയതായി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, എസ്ബിഐ വ്യക്തമാക്കി.
2019 ഏപ്രിൽ 1 നും 2019 ഏപ്രിൽ 11 നും ഇടയിൽ വാങ്ങിയ മൊത്തം ബോണ്ടുകളുടെ എണ്ണം 3346 ഉം റിഡീം ചെയ്ത മൊത്തം ബോണ്ടുകളുടെ എണ്ണം 1609 ഉം ആണ്. 2019 ഏപ്രിൽ 12 നും 2024 ഫെബ്രുവരി 15 നും ഇടയിൽ വാങ്ങിയ ബോണ്ടുകളുടെ എണ്ണം 18871ആണ്, റിഡീം ചെയ്ത ബോണ്ടുകളുടെ എണ്ണം 20,421 . 2018 ജനുവരി 2ലെ ഗസറ്റ് വിജ്ഞാപനം നമ്പർ 20 പ്രകാരം പതിനഞ്ച് ദിവസത്തിനുള്ളിൽ രാഷ്ട്രീയ പാർട്ടികൾ എൻക്യാഷ് ചെയ്യാത്ത ഇലക്ടറൽ ബോണ്ടുകൾ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിയതായി എസ്ബിഐ അറിയിച്ചു.
ഓരോ ഇലക്ടറൽ ബോണ്ടുകളും വാങ്ങിയ തീയതി, വാങ്ങിയ ആളുകളുടെ പേരുകൾ, വാങ്ങിയ ബോണ്ടുകളുടെ മൂല്യം എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകിയിട്ടുണ്ടെന്ന് എസ്ബിഐ അറിയിച്ചു. എസ്ബിഐ ചെയർമാൻ ദിനേശ് കുമാർ ഖാര സമർപ്പിച്ച സത്യവാങ്മൂലത്തിൽ, ഇലക്ടറൽ ബോണ്ടുകൾ പണമാക്കിയ തീയതി, സംഭാവന സ്വീകരിച്ച രാഷ്ട്രീയ പാർട്ടികളുടെ പേരുകൾ, ബോണ്ടുകളുടെ മൂല്യം തുടങ്ങിയ വിശദാംശങ്ങളും ബാങ്ക് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച്, സമയം നീട്ടണമെന്ന എസ്ബിഐയുടെ ഹർജി തള്ളുകയും മാർച്ച് 12 ന് പ്രവൃത്തി സമയം അവസാനിക്കുന്നതിന് മുമ്പ് ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനിൽ അറിയിക്കണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.