തിരുവനന്തപുരം: എ.ടി.എം തട്ടിപ്പുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഉപയോക്താക്കള്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി എസ്.ബി.ഐ. ഇനിമുതല്‍ എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള വിനിമയങ്ങള്‍ക്ക് കൃത്യമായ സമയ നിയന്ത്രണമുണ്ടായിരിക്കുമെന്ന് ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചു. 24 മണിക്കൂറും ലഭിച്ചിരുന്ന എടിഎം സേവനങ്ങള്‍ ഇനി രാത്രി 11 മുതല്‍ രാവിലെ ആറുമണിവരെ ലഭിക്കില്ല. എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ കുറയ്ക്കുകയാണ് ഇതുവഴി ബാങ്ക് ലക്ഷ്യമിടുന്നതെന്നാണ് എസ്ബിഐ വ്യക്തമാക്കുന്നത്.
ഒരു ദിവസം നിലവില്‍ 40,000 രൂപവരെ എടിഎം വഴി വേറെ അക്കൗണ്ടിലേക്കോ കാര്‍ഡിലേക്കോ കൈമാറാന്‍ സൗകര്യമുണ്ടായിരുന്നു. പിന്നീട് തട്ടിപ്പ് പരാതികള്‍ വ്യാപകമായതോടെ എസ്ബിഐ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും തട്ടിപ്പ് നടക്കുന്നതായി പരാതികള്‍ തുടര്‍ന്നു. ഇതോടെയാണ് രാത്രി 11 മുതല്‍ രാവിലെ ആറുവരെ എടിഎം കാര്‍ഡ് വഴിയുള്ള ഇടപാട് പൂര്‍ണ്ണമായി നിര്‍ത്തിയത്. എസ്ബിഐ ഐടി വിഭാഗം ജനറല്‍ മാനേജര്‍ രാജേഷ് സിക്ക പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്.