ഡെൽഹി: സി.എല്‍.ആര്‍. അധിഷ്ഠിത വായ്പാ നിരക്കുകള്‍ വീണ്ടും വർദ്ധിപ്പിച്ച് എസ്.ബി.ഐ. നിരക്കുകളില്‍ 10 ബേസിസ് പോയിന്റിന്റെ വര്‍ദ്ധനയാണ് വരുത്തിയത്. പുതുക്കിയ നിരക്കുകള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് ബാങ്ക് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നത്. നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതോടെ ഭവനവായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ തുടങ്ങി എല്ലാ വായ്പകളുടേയും പ്രതിമാസ തവണ വര്‍ധിക്കും.
പുതിയ വര്‍ദ്ധനയോടെ എസ്.ബി.ഐയുടെ ഓവര്‍നൈറ്റ്, ഒരു മാസ, മൂന്ന് മാസത്തെ എം.സി.എല്‍.ആര്‍ നിരക്ക് 6.85 ശതമാനമാണ്. നേരത്തെ ഇത് 6.75 ശതമാനമായിരുന്നു. ആറ് മാസത്തെ എം.സി.എല്‍.ആര്‍ 7.05 ശതമാനത്തില്‍ നിന്ന് 7.15 ശതമാനമായി ഉയര്‍ന്നു.
അതുപോലെ, ഒരു വര്‍ഷത്തെ എം.സി.എല്‍.ആര്‍ 7.10 ശതമാനത്തില്‍ നിന്ന് 7.20 ശതമാനമായി ഉയര്‍ത്തി. രണ്ട് വര്‍ഷത്തെ എം.സി.എല്‍.ആര്‍ 7.30 ശതമാനത്തില്‍ നിന്ന് 7.40 ശതമാനമായി. മൂന്ന് വര്‍ഷത്തെ വായ്പാ നിരക്ക് 7.40 ശതമാനത്തില്‍ നിന്ന് 7.50 ശതമാനമായി ഉയര്‍ത്തി.