ഭരണവിരുദ്ധവികാരം ഉണ്ടെങ്കിൽ നിലമ്പൂരിൽ വൻ വോട്ട്‌ചോർച്ച ഉണ്ടാകേണ്ടതാണ്,അതുണ്ടായിട്ടില്ല- എം.വി ഗോവിന്ദൻ

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടെങ്കിലും അത് പിണറായി സര്‍ക്കാരിനെതിരെയുള്ള ജനവിധിയാണെന്ന് പറയുന്നത് വസ്തുതയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. തിരഞ്ഞെടുപ്പിലെ കണക്കുകള്‍ വ്യക്തമാക്കുന്നത് ഇടതുപക്ഷത്തിന് അടിത്തറയ്ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ലെന്നാണ്. ഒരു വശത്ത് മുസ്ലിംമതരാഷ്ട്രവാദികളുടെ വോട്ട് കരസ്ഥമാക്കിയ യുഡിഎഫ് മറുവശത്ത് ബിജെപിയുടെ വോട്ടും നേടിയെന്നും ഗോവിന്ദന്‍ പറഞ്ഞു.

ഫെയ്‌സ്ബുക്കിലൂടെയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് 11077 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിന്റെ എം. സ്വരാജിനെ പരാജയപ്പെടുത്തിയത്.

എം.വി.ഗോവിന്ദന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം….

യുഡിഎഫ് നേതൃത്വം മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുമായി പരസ്യധാരണയുണ്ടാക്കി. അത് ഇപ്പോഴുണ്ടാക്കിയതല്ല, 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പുമുതല്‍തന്നെ ഉണ്ടാക്കിയതാണ് എന്നാണ് പ്രതിപക്ഷനേതാവ് പറഞ്ഞത്. അതായത് രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയുംപോലും ജയിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് നേടിയാണ് എന്നര്‍ഥം. ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡിന്റെ ഇന്ത്യന്‍ പതിപ്പാണ് ആര്‍എസ്എസ് എന്നു പറയുന്ന രാഹുല്‍ഗാന്ധിപോലും ജയിച്ചത് മുസ്ലിം ബ്രദര്‍ഹുഡിന്റെ ഇന്ത്യന്‍ പതിപ്പിന്റെ വോട്ട് നേടിയാണ് എന്നുള്ളത് ഇന്ത്യന്‍ മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഏല്‍പ്പിക്കുന്ന പരിക്ക് ചില്ലറയല്ല. വര്‍ഗീയതയ്ക്കും മതമൗലികവാദത്തിനും എതിരെയുള്ള പോരാട്ടത്തെ ദുര്‍ബലമാക്കുന്ന നടപടിയാണ് ഇത്.

പേരിന് സ്ഥാനാര്‍ഥിയെ നിര്‍ത്തിയെങ്കിലും 2021ല്‍ ലഭിച്ച 4751 വോട്ടിന്റെ പകുതിയിലും കുറഞ്ഞ വോട്ട് -2075 മാത്രമാണ് എസ്ഡിപിഐക്ക് ലഭിച്ചത്. അതായത് വര്‍ഗീയതീവ്രവാദ ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയാണ് നിലമ്പൂരില്‍ യുഡിഎഫ് വിജയിച്ചത്. താല്‍ക്കാലികമായി വിജയിച്ചെങ്കിലും കേരള രാഷ്ട്രീയത്തില്‍ ദൂരവ്യാപകവും അപകടകരവുമായ ഫലമുളവാക്കുന്ന നീക്കമാണിത്. ഇടതുപക്ഷവിരോധം കാരണം ഭൂരിപക്ഷം മാധ്യമങ്ങളും ഈ വസ്തുതയ്ക്കു നേരെ കണ്ണടയ്ക്കുകയാണ്.

നിലമ്പൂരിലെ ജനവിധി സംബന്ധിച്ച് യുഡിഎഫും വലതുപക്ഷ മാധ്യമങ്ങളും ഉയര്‍ത്തുന്ന രണ്ട് പ്രധാന ആഖ്യാനമുണ്ട്. ഒന്ന് ഇടതുപക്ഷത്തിന്റെ അടിത്തറ ഇളകി. അതിനാല്‍ തുടര്‍ഭരണത്തിന് ഇനി സാധ്യതയില്ല എന്നാണ്. ഭരണവിരുദ്ധവികാരമാണ് നിലമ്പൂരിലെ പരാജയത്തിന് കാരണമെന്നാണ് ഇവര്‍ പൊതുവായി വിലയിരുത്തുന്നത്. വസ്തുതകളുമായി ഒരു ബന്ധവുമില്ലാത്ത ആഖ്യാനങ്ങളാണിവ. ഒന്നാമതായി നിലമ്പൂരില്‍ എല്‍ഡിഎഫിന്റെ അടിസ്ഥാന വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ആകെ വോട്ടിന്റെ 37.88 ശതമാനം സ്വരാജിന് നേടാനായി. 2011ല്‍ എല്‍ഡിഎഫിന് ലഭിച്ചത് 60,733 വോട്ടാണ്. അതിനേക്കാള്‍ അയ്യായിരത്തിലധികം വോട്ട് നേടാന്‍ കഴിഞ്ഞു. ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ലഭിച്ച 29,915നേക്കാള്‍ ഇരട്ടിയിലധികം വര്‍ധിപ്പിക്കാനും കഴിഞ്ഞു. ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് ഇടതുപക്ഷത്തിന് അടിത്തറയ്ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ലെന്നാണ്.

യുഡിഎഫ് നേതാക്കളും ബിജെപിയും ജമാഅത്തെ ഇസ്ലാമിയും ഒരുപോലെ പറയുന്ന മറ്റൊരു കാര്യം സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം ശക്തമാണെന്നും നിലമ്പൂര്‍ ഫലം അതാണ് തെളിയിക്കുന്നതെന്നുമാണ്. ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞത് കേരളത്തില്‍ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞെന്നും പിണറായി സര്‍ക്കാര്‍ ഇനി കെയര്‍ടേക്കര്‍ സര്‍ക്കാരായി എന്നുമാണ്. സ്വപ്നം കാണാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. ഒമ്പത് വര്‍ഷമായി അധികാരത്തില്‍നിന്ന് പുറത്തുനില്‍ക്കുമ്പോള്‍ സ്വപ്നം കാണാനല്ലേ യുഡിഎഫിന് കഴിയൂ. അതിന് യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ല.

ഇവര്‍ പറയുന്നതുപോലെ ഭരണവിരുദ്ധവികാരം ഉണ്ടെങ്കില്‍ നിലമ്പൂരില്‍ ഇടതുപക്ഷത്തിന് വന്‍ വോട്ട്‌ചോര്‍ച്ച ഉണ്ടാകേണ്ടതാണ്. അതുണ്ടായില്ലെന്ന് നാം കണ്ടല്ലോ. പക്ഷേ, നിലമ്പൂരില്‍ വോട്ട് ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. അത് യുഡിഎഫിനാണ്. 2021ല്‍ കോണ്‍ഗ്രസിലെ വി വി പ്രകാശിന് ലഭിച്ചതിനേക്കാള്‍ 1470 വോട്ട് കുറവാണ് ആര്യാടന്‍ ഷൗക്കത്തിന് ലഭിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ യുഡിഎഫിന് 65,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു എന്നറിയുമ്പോഴേ അവരുടെ വോട്ട് എത്രമാത്രം കുറഞ്ഞെന്ന് വ്യക്തമാകൂ.

ഭരണവിരുദ്ധ ആഖ്യാനം സൃഷ്ടിക്കാന്‍ കോളങ്ങള്‍ നീക്കിവച്ച മാധ്യമങ്ങളുടെ റിപ്പോര്‍ട്ടും മുഖപ്രസംഗവും വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ത്തന്നെ ഭരണവിരുദ്ധവികാരം എന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരമാണെന്ന് വ്യക്തമാകും. എന്തുകൊണ്ട് എല്‍ഡിഎഫ് തോറ്റെന്ന് ഒന്നാം പേജില്‍ ആറ് കോളം വാര്‍ത്ത നല്‍കിയ പത്രമാണ് മാതൃഭൂമി. ഭരണവിരുദ്ധവികാരമാണ് പ്രധാന കാരണങ്ങളിലൊന്ന് എന്നും അതില്‍ വിലയിരുത്തി.

എന്നാല്‍ അതേ പത്രം 'പറഞ്ഞും പറയാതെയും നിലമ്പൂര്‍ ' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്റെ ആദ്യ ഖണ്ഡികയില്‍ത്തന്നെ പറയുന്നത് 'ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമോ അടുത്ത കൊല്ലത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയോ ആയി ഈ തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്താനാകില്ലെന്നതാണ്. ഈ ജനവിധി എല്‍ഡിഎഫിന് കടുത്ത നിരാശയ്‌ക്കോ യുഡിഎഫിന് അമിത ആത്മവിശ്വാസത്തിനോ വക നല്‍കുന്നില്ല' എന്നും – മുഖപ്രസംഗം തുടരുന്നു.

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ മുഖപ്രസംഗത്തില്‍ നിലമ്പൂരിലെ ജനവിധി 'ഭരണമാറ്റത്തിനുള്ള സൂചനയോ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഹിതപരിശോധനയോ ആയി വ്യാഖ്യാനിക്കാനാകില്ലെന്നും' അഭിപ്രായപ്പെടുകയുണ്ടായി. എന്തിനധികം പറയണം മലയാള മനോരമപോലും മുഖപ്രസംഗത്തില്‍ വളരെ വിഷമിച്ച് ഇക്കാര്യം സമ്മതിക്കുന്നുണ്ട്. മാസങ്ങള്‍മാത്രം അകലെയുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ദിശാസൂചിക ഈ തെരഞ്ഞെടുപ്പില്‍നിന്ന് കണ്ടെത്താനാകില്ല എന്നാണ് അവരും അഭിപ്രായപ്പെടുന്നത്. സിപിഐ എമ്മും എല്‍ഡിഎഫും പറയുന്നതും ഇതുതന്നെയാണ്. നിലമ്പൂരിലേത് പരാജയംതന്നെയാണ്. എന്നാല്‍, ആ പരാജയം പിണറായി സര്‍ക്കാരിനെതിരെയുള്ള ജനവിധിയാണെന്ന് പറയുന്നത് വസ്തുതയല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News