മുംബൈ: രാഹുൽ ഗാന്ധി സവർക്കറെ അപമാനിച്ചെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെ. സവർക്കർ മഹാരാഷ്ട്രയുടെ മാത്രമല്ല രാജ്യത്തിന്‍റെതന്നെ ആരാധനാമൂർത്തിയാണെന്നും അദ്ദേഹം പറഞ്ഞു. അയോഗ്യനാക്കപ്പെട്ടതിനു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ, മാപ്പ് പറയുമോ എന്ന ചോദ്യത്തിന് തന്റെ പേര് സവര്‍ക്കര്‍ എന്നല്ലെന്നും ഗാന്ധി എന്നാണെന്നും രാഹുൽ പറഞ്ഞിരുന്നു.
‘മാപ്പ് പറയാൻ താൻ സവർക്കർ അല്ല എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. എന്താണ് അദ്ദേഹം സവർക്കറെക്കുറിച്ച് വിചാരിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി സവർക്കറെ അപമാനിച്ചിരിക്കുകയാണ്. അദ്ദേഹം ശിക്ഷിക്കപ്പെടണം’, ഷിന്ദെ പറഞ്ഞു. രാഹുൽ ഗാന്ധി ഇത്തരത്തിൽ തുടർന്നു കൊണ്ടിരുന്നാൽ അദ്ദേഹത്തിന് റോഡിലിറങ്ങി നടക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും മഹാരാഷ്ട്ര നിയമസഭയിൽ സംസാരിക്കവേ ഏക്നാഥ് ഷിന്ദെ പറഞ്ഞു.
‘കോൺഗ്രസ് ഉണ്ടാക്കിയ നിയമം മൂലമാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയിരിക്കുന്നത്. ലാലു പ്രസാദ് യാദവ് അടക്കമുള്ളവരെ നേരത്തെ അയോഗ്യരാക്കിയിട്ടുണ്ട്. എന്നാൽ ഇതേപോലെ ഒന്നും ഉണ്ടായിരുന്നില്ല. അപ്പോഴൊന്നും ജനാധിപത്യം അപകടത്തിൽ ആയിരുന്നില്ലേ? പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുക മാത്രമല്ല രാഹുൽ ഗാന്ധി ചെയ്തത്, ഒ.ബി.സി. വിഭാഗത്തെ ഒന്നടങ്കം അധിക്ഷേപിക്കുകയാണ് ചെയ്തത്. ഇത് അദ്ദേഹം തുടർന്നു കൊണ്ടേയിരിക്കുകയാണ്’, ഷിന്ദെ പറഞ്ഞു. ഇത്തരത്തിൽ തുടർന്നു കൊണ്ടിരുന്നാൽ റോഡിലിറങ്ങി നടക്കാൻ രാഹുൽ ഗാന്ധി ബുദ്ധിമുട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയോഗ്യനാക്കപ്പെട്ടതിനു ശേഷം രാഹുൽ ഗാന്ധി നടത്തിയ പത്ര സമ്മേളനത്തിന് പിന്നാലെയായിരുന്നു ഷിന്ദേയുടെ പരാമർശം. അയോഗ്യനാക്കിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് വിഷയം അവസാനിപ്പിക്കുമോ എന്ന ഒരു മാധ്യമ പ്രതിനിധിയുടെ ചോദ്യത്തിന് തന്റെ പേര് സവര്‍ക്കര്‍ എന്നല്ലെന്നും ഗാന്ധി എന്നാണെന്നും ഗാന്ധി ഒരിക്കലും മാപ്പ് പറയില്ലെന്നുമായിരുന്നു രാഹുല്‍ മറുപടി നല്‍കിയത്.