ഹരിപ്പാട്: ഉസ്ബെക്കിസ്താനിൽനിന്നു പറഞ്ഞസമയത്തുതന്നെ സാവര്യ വീട്ടിലെത്തി. പക്ഷേ, ചേതനയറ്റായിരുന്നെന്നു മാത്രം. കുഞ്ഞമ്മയുടെ മകൾക്കായി തുള്ളിക്കളിക്കുന്ന താറാവും തലയിലിടാൻ ക്ലിപ്പും മിഠായിയുമെല്ലാം വാങ്ങിക്കൂട്ടിയിരുന്ന അവൾ അതൊന്നുമെടുക്കാതെയാണ് വീടെത്തിയത്. ഉസ്ബെക്കിസ്താനിൽ സഹപാഠി മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സദറുൾ അനം ലാപ്ടോപ്പുകൊണ്ട് തലയ്ക്കടിച്ചുകൊന്ന മെഡിക്കൽ വിദ്യാർഥിനി സാവര്യ ബസന്തിന്റെ മൃതദേഹം വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് ഹരിപ്പാട് റെയിൽവേ സ്റ്റേഷനടുത്തുള്ള പുതുക്കാട് സുപ്രഭാതം വീട്ടിലെത്തിച്ചത്.
വീട്ടിലേക്കുള്ള ചെറിയ വഴിനിറയെ ആളുകൾ തിങ്ങിനിറഞ്ഞിരുന്നു. ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി മൃതദേഹപേടകം മുറ്റത്തെത്തിച്ചപ്പോഴേക്കും അകത്ത് അമ്മ മിനി അലറിക്കരയുകയായിരുന്നു. അച്ഛൻ ബസന്ത് കരച്ചിലടക്കാൻ പാടുപെട്ടു. സഹോദരൻ സാവന്ത് അച്ഛന്റെ കൈപിടിച്ചുനിന്നു. മുത്തശ്ശി സുപ്രഭ മൃതദേഹത്തിനരികിൽ ബോധംകെട്ടുവീണു.
അപകടംപറ്റി മകൾ ചികിത്സയിലാണെന്നാണ് അമ്മ മിനി ബുധനാഴ്ച വൈകുംവരെ വിശ്വസിച്ചിരുന്നത്. ടെലിവിഷൻ ഓഫാക്കിയും അടുത്ത ബന്ധുക്കളെപ്പോലും അകറ്റിനിർത്തിയുമാണ് മരണവാർത്ത അറിയിക്കാതിരുന്നത്. ഒടുവിൽ ബുധനാഴ്ച വൈകുന്നേരത്തോടെ മിനിയോട് വീട്ടുകാർ മകൾ മരിച്ച വിവരം പറഞ്ഞു. പിന്നാലെയാണ് സംസ്‌കാരച്ചടങ്ങിനായി മുറ്റത്ത് പന്തലിട്ടത്.
ജൂലായ് മൂന്നിന് സാവര്യ നാട്ടിലേക്കുള്ള വിമാനടിക്കറ്റെടുത്തിരുന്നു. എന്നാൽ, അവസാനനിമിഷം അത് റദ്ദായി. തുടർന്ന്, വ്യാഴാഴ്ച രാവിലെ ഡൽഹിയിലേക്കുള്ള ടിക്കറ്റു കിട്ടി. ജീവനോടെയുണ്ടായിരുന്നെങ്കിൽ വ്യാഴാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി വൈകുന്നേരത്തോടെ വീട്ടിലെത്തുമായിരുന്നു. ഏതാണ്ട് അതേസമയത്താണ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടിലെത്തിച്ചത്.
സാവര്യ നാട്ടിലേക്കു തിരിക്കാൻ ആദ്യം തീരുമാനിച്ച മൂന്നാംതീയതിയാണ് സദറുൾ അനം അവളെ ക്രൂരമായി കൊലപ്പെടുത്തിയത്. നിശ്ചയിച്ച ദിവസം യാത്ര പുറപ്പെട്ടിരുന്നെങ്കിൽ ഒരുപക്ഷേ, സാവര്യ ജീവനോടെയുണ്ടാകുമായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. സാവര്യ പഠിച്ച പള്ളിപ്പാട് നടുവട്ടം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകരും വിദ്യാർഥികളും അന്തിമോപചാരമർപ്പിക്കാനെത്തി. ആറുമണിയോടെ സഹോദരൻ സാവന്ത് ചിതയ്ക്കു തീകൊളുത്തി. ഡോക്ടറാകാനുള്ള മോഹത്തോടെ വിദേശത്തേക്കു പറന്ന പെൺകുട്ടിയുടെ വലിയ സ്വപ്നങ്ങൾകൂടിയാണ് ആ ചിതയിൽ എരിഞ്ഞടങ്ങിയത്.
ആലപ്പുഴ: ഉസ്ബെക്കിസ്താനിൽ കൊല്ലപ്പെട്ട സാവര്യക്ക് സഹപാഠിയിൽനിന്നു നേരിട്ടത് ക്രൂരമർദനമെന്നു ബന്ധു. സംഭവമറിഞ്ഞ് ഉസ്ബെക്കിസ്താനിലെത്തുമ്പോൾ സാവര്യയുടെ ശരീരത്തിലാകെ മർദനമേറ്റ പാടുണ്ടായിരുന്നെന്ന് ബന്ധു ജനീഷ് പറഞ്ഞു. സാവര്യയുടെ അമ്മ മിനിയുടെ സഹോദരീഭർത്താവാണ് ജനീഷ്.
കഴിഞ്ഞ ശനിയാഴ്ച രാത്രി 10-നാണ് സാവര്യ അപകടത്തിൽപ്പെട്ടെന്ന വിവരം ലഭിക്കുന്നത്. തലയ്ക്കു പരിക്കേറ്റെന്നും ഓപ്പറേഷൻ തിയേറ്ററിലാണെന്നുമാണ് അറിഞ്ഞത്. ഇതറിഞ്ഞ് ദുബായിൽനിന്നു പുറപ്പെടുമ്പോഴേക്കും സാവര്യ മരിച്ചെന്ന വിവരം ലഭിച്ചു.
'ഉസ്ബെക്കിസ്താനിലെ ആശുപത്രിയിലെത്തിയപ്പോൾ അവിടെ സാവര്യയുടെ സഹപാഠികളും ഇന്ത്യൻ എംബസി അധികൃതരും അന്വേഷണോദ്യോഗസ്ഥരുമുണ്ടായിരുന്നു. കുട്ടിയുടെ ശരീരമാകെ മർദനമേറ്റതിന്റെ ചതവും മുറിവുകളുമുണ്ട്. അതുകണ്ടാൽത്തന്നെ കൊല്ലാൻവേണ്ടി ചെയ്തതാണെന്നു മനസ്സിലാകും. സംഭവമന്വേഷിച്ച ഉദ്യോഗസ്ഥ ഒരു കാരണവശാലും പ്രതിയായ സദറുൾ അനം രക്ഷപ്പെടരുതെന്നാണ് പറഞ്ഞത്. അയാളെ കാണാൻ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല.
സാവര്യയെ മതംമാറ്റുന്നതിന് സദറുൾ അനം സമ്മർദം ചെലുത്തിയിരുന്നതായി അവിടെയുണ്ടായിരുന്ന കുട്ടികൾ ഉദ്യോഗസ്ഥരോടു പറയുന്നതുകേട്ടു. ഇതുസംബന്ധിച്ച് ഒട്ടേറെത്തവണ സംസാരമുണ്ടായെന്നും കുട്ടികൾ പറഞ്ഞു. അതിന് എംബസി ഉദ്യോഗസ്ഥരും സാക്ഷികളാണ്. ലാപ്ടോപ്പ് മാത്രം ഉപയോഗിച്ചായിരുന്നു മർദനമെന്നു പറയുന്നതിലും സംശയമുണ്ട്.
അവിടെ മിക്‌സഡ് ഹോസ്റ്റലാണെന്നാണു മനസ്സിലാക്കുന്നത്. സംഭവങ്ങളെക്കുറിച്ച് കുട്ടികൾ അനൗദ്യോഗികമായാണ് സംസാരിക്കുന്നത്. മൊഴിനൽകുന്നവരോട് ഉദ്യോഗസ്ഥർ പാസ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെടുന്നതിനാൽ പലരും കാര്യങ്ങൾ വ്യക്തമാക്കുന്നില്ല. കഴിഞ്ഞ വ്യാഴാഴ്ച സാവര്യയുമായി വീഡിയോ കോളിൽ സംസാരിച്ചിരുന്നു. അന്ന് കുട്ടികൾക്കായി വാങ്ങിയ കളിപ്പാട്ടമടക്കം കാണിച്ചിരുന്നു. എംബസി തലത്തിൽ അന്വേഷണം പുരോഗമിക്കുന്നെന്നാണ് വിവരം. അവിടത്തെ പോസ്റ്റ്‌മോർട്ടം കാര്യക്ഷമമല്ലാത്തതിനാലാണ് നാട്ടിൽ വീണ്ടും നടത്താൻ ആവശ്യപ്പെട്ടത്'- ജനീഷ് പറഞ്ഞു. സംഭവത്തിൽ ഇന്ത്യൻ എംബസി വഴി ബന്ധുക്കൾ ഉസ്ബെക്കിസ്താനിൽ പരാതി നൽകിയിട്ടുണ്ട്.


