സൗദിയിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; മൃതദേഹം എത്തുന്നത് 120 ദിവസത്തിന് ശേഷം, നഷ്ടപരിഹാരത്തില്‍ വ്യക്തതയില്ല, മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കള്‍

സൗദിയിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; മൃതദേഹം എത്തുന്നത് 120 ദിവസത്തിന് ശേഷം: നഷ്ടപരിഹാരത്തില്‍ വ്യക്തതയായില്ല: മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കള്‍

റാഞ്ചി: സൗദിയിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട പ്രവാസിയുടെ മൃതദേഹം 120 ദിവസത്തിന് ശേഷം ഇന്ത്യയിലെത്തിച്ചു. എന്നാല്‍ നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ വ്യക്തത വരാത്തതിനാല്‍ മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബം വിസമ്മതിച്ചു. സൗദി അറേബ്യയില്‍ പൊലീസും ഗുണ്ടാസംഘവും തമ്മിലുണ്ടായ വെടിവെപ്പിനിടയില്‍പ്പെട്ട് മരിച്ച ജാര്‍ഖണ്ഡ് സ്വദേശിയായ വിജയ് കുമാര്‍ മഹ്‌തോയുടെ (27) മൃതദേഹമാണ് 120 ദിവസത്തിന് ശേഷം നാട്ടിലെത്തിച്ചത്. ജന്മനാടായ റാഞ്ചിയില്‍ മൃതദേഹം എത്തിച്ചെങ്കിലും ഏറ്റെടുക്കാന്‍ വീട്ടുകാര്‍ തയ്യാറായിട്ടില്ല.

വിജയ് കുമാര്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്നുള്ള നഷ്ടപരിഹാര കാര്യത്തില്‍ വ്യക്തതയില്ലാത്തതിനാലാണ് മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബം വിസമ്മതിക്കുന്നത്. നിലവില്‍ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് 27കാരന്റെ മൃതദേഹം. നഷ്ടപരിഹാരത്തെക്കുറിച്ച് കമ്പനി രേഖാമൂലം ഉറപ്പ് നല്‍കിയാല്‍ മാത്രമേ മൃതദേഹം സ്വീകരിക്കൂവെന്നാണ് യുവാവിന്റെ ബന്ധുക്കള്‍ പ്രതികരിക്കുന്നത്.

അതേസമയം വെടിയേറ്റ സംഭവമായതിനാല്‍ സൗദിയിലെ കോടതിയുടെ പരിഗണനയിലാണ് കേസെന്നും അവിടുത്തെ നിയമ നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ അന്തിമ നഷ്ടപരിഹാരത്തില്‍ തീരുമാനമാകൂ എന്നുമാണ് കമ്പനി അധികൃതര്‍ വിശദമാക്കുന്നത്. വിജയ് കുമാറിന് ഭാര്യയും അഞ്ചും മൂന്നും വയസ്സുള്ള രണ്ട് ആണ്‍മക്കളും വയസ്സായ മാതാപിതാക്കളുമുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15-ന് സൗദി അറേബ്യയിലെ ജിദ്ദയില്‍ ഒരു ട്രാന്‍സ്മിഷന്‍ ലൈന്‍ പദ്ധതിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് വിജയ് കുമാറിന് വെടിയേറ്റത്. പ്രാദേശിക പൊലീസും ഒരു പിടിച്ചുപറി സംഘവും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടയില്‍ വിജയ്ക്ക് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. ചികിത്സയിലിരിക്കെ വിജയ് കുമാര്‍ മരിക്കുകയായിരുന്നു. ശനിയാഴ്ചയാണ് വിജയ് കുമാറിന്റെ മൃതദേഹം മുംബൈ വഴി റാഞ്ചി വിമാനത്താവളത്തിലെത്തിച്ചത്. ജാര്‍ഖണ്ഡിലെ ഗിരിദിഹ് ജില്ലയിലുള്ള ദുധപാനിയ ഗ്രാമവാസിയാണ് വിജയ് കുമാര്‍.

നാല് മാസമായിട്ടും കമ്പനി നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും, കുട്ടികളുടെയും കുടുംബത്തിന്റെയും ഭാവി മുന്നില്‍ കണ്ടാണ് തങ്ങള്‍ ഈ നിലപാട് എടുക്കുന്നതെന്നും വിജയിന്റെ സഹോദരീ ഭര്‍ത്താവ് രാം പ്രസാദ് മഹ്‌തോ പറയുന്നത്. നഷ്ടപരിഹാരമായി എന്ത് നല്‍കുമെന്ന് കമ്പനി വ്യക്തമാക്കുന്നില്ല.

ആ ഉറപ്പില്ലാതെ മൃതദേഹം സ്വീകരിക്കില്ലെന്ന നിലപാടിലാണ് കുടുംബമുള്ളത്. അതേസമയം സംസ്ഥാന സര്‍ക്കാര്‍ 5 ലക്ഷം രൂപ അടിയന്തര ധനസഹായം വാഗ്ദാനം ചെയ്തതായാണ് ജാര്‍ഖണ്ഡ് ലേബര്‍ ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള സ്റ്റേറ്റ് മൈഗ്രന്റ് കണ്‍ട്രോള്‍ സെല്‍ അറിയിക്കുന്നത്. എന്നാല്‍ കമ്പനി തന്നെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

English Summary: The mortal remains of an Indian expatriate, who was shot dead in Saudi Arabia, have been repatriated to India after a long delay of 120 days. The body was kept in a hospital mortuary due to legal procedures and the ongoing police investigation into the shooting incident. With the intervention of the Indian Embassy and social workers, the body reached his hometown via air. Authorities are working towards securing compensation for the deceased’s family.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News