റിയാദ്: അവിവാഹിതരായ വിദേശ സ്ത്രീ-പുരുഷന്മാര്‍ക്ക് ഹോട്ടലില്‍ ഒരുമിച്ച് മുറിയെടുക്കാനുള്ള അനുമതി നല്‍കി സൗദി അറേബ്യ. ടൂറിസം വ്യവസായം വളര്‍ത്താനുള്ള സൗദി സര്‍ക്കാറിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം. നേരത്തെ ബന്ധം തെളിയിക്കാതെ സ്ത്രീ-പുരുഷന്മാര്‍ക്ക് ഒരുമിച്ച് ഹോട്ടലില്‍ താമസിക്കുന്നതിന് അനുമതി ഉണ്ടായിരുന്നില്ല. വിദേശികള്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിച്ചതിനു പിന്നാലെയാണ് സൗദി പുതിയ ഇളവ് അനുവദിച്ചത്.
ഇതോടൊപ്പം സൗദി വനിതകള്‍ അടക്കം എല്ലാ സ്ത്രീകള്‍ക്കും ഹോട്ടലില്‍ ഒറ്റയ്ക്ക് മുറിയെടുക്കാനും അനുമതി ലഭിച്ചു. സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ലോകമെങ്ങുനിന്നുമുള്ള വിനോദസഞ്ചാരികളെ രാജ്യത്തിലേക്ക് ആകര്‍ഷിക്കുന്നതിനാണ് സൗദി മാറ്റങ്ങള്‍ക്ക് ഒരുങ്ങിയത്. 49 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് സൗദി ടൂറിസ്റ്റ് വീസ അനുവദിച്ചത്. ടൂറിസ്റ്റുകള്‍ക്ക് വീസ ഓണ്‍ അറൈവല്‍, ഇ വീസാ സൗകര്യം സൗദി ലഭ്യമാക്കിയിരുന്നു. വിദേശവനിതകള്‍ക്ക് ഡ്രസ് കോഡിലും ഇളവ് അനുവദിച്ചിരുന്നു. അവര്‍ പര്‍ദ ധരിക്കേണ്ടതില്ല.