FootballInternationalNewsSports

Fifa world cup 2022:പൊരുതിത്തോറ്റ് സൗദി,പോളണ്ടിന് ജയം

ദോഹ: അര്‍ന്റീനയ്ക്ക് മേല്‍ നേടിയ ഐതിഹാസിക വിജയത്തിന്റെ ആവേശത്തില്‍ പോളണ്ടിനെ മുട്ടുകുത്തിയ്ക്കാനിറങ്ങിയ സൗദി അറേബ്യയ്ക്ക് കാലിടറി.ആദ്യമൊന്ന് വിറപ്പിച്ചെങ്കിലും പിന്നീട് പിഴച്ച് പോളണ്ടിനോട് മടക്കമില്ലാത്ത രണ്ട് ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് അട്ടിമറിക്കാര്‍. വീണുകിട്ടിയ ഒരു പെനാല്‍റ്റിയും ഒരു ഡസനോളം അവസരങ്ങളും തുലച്ചാണ് ഒന്നാന്തരം പോരാട്ടത്തിനൊടുവില്‍ സൗദി തോല്‍വി വഴങ്ങിയത്.

അസൂയാവഹമായ ഒത്തൊരുമയും ചിട്ടയായ കൈമാറ്റവും ചടുലനീക്കങ്ങളുമായി പോളിഷ് നിരയെ ഞെട്ടിച്ചുകൊണ്ട് തുടങ്ങിയശേഷമാണ് സൗദി പിന്നാക്കം പോയത്. ഒന്നുവിറച്ചുപോയ പോളണ്ട് തിരിച്ചുവന്ന് അതേ നാണയത്തില്‍ തിരച്ചടി കൊടുക്കുകയായിരുന്നു. പോളിഷ് ആക്രമണക്കടല്‍ ഇരമ്പിത്തുടങ്ങിയതോടെ അര്‍ജന്റീനയെ വരിഞ്ഞുകെട്ടി സൗദി പ്രതിരോധം ആടിയുലഞ്ഞു. കോട്ടയില്‍ വിള്ളലുകള്‍ നിരവധി വീണു. അതിലൂടെ മുപ്പത്തിയൊന്‍പതാം മിനിറ്റി സെലിന്‍സ്‌കിയാണ് ആദ്യം നിറയൊഴിച്ചത്. എണ്‍പത്തിരണ്ടാം മിനിറ്റില്‍ പ്രതിരരോധത്തിലെ പിഴ് പിടിച്ചെടുത്ത് ലെവന്‍ഡോവസ്‌കി പട്ടിക തികയ്ക്കുകയും ചെയ്തു. ഒരു ഗോളടിക്കുകയും ഒരു ഗോളിന് വഴിവെയ്ക്കുകയും ചെയ്ത ലെവന്‍ഡോവ്‌സ്‌കിയാണ് മത്സരത്തിലെ ഹീറോ.

ഇതോടെ ഗ്രൂപ്പ് സിയില്‍ നാലു പോയിന്റോടെ പോളണ്ട് മുന്നിലെത്തി. സൗദിക്ക് അര്‍ജന്റീനയെ തോല്‍പിച്ച് കിട്ടിയ മൂന്ന് പോയിന്റാണുള്ളത്

മത്സരത്തിന്റെ ആദ്യ മിനിറ്റുതൊട്ട് ആക്രമണഫുട്‌ബോളാണ് സൗദി അറേബ്യ കാഴ്ചവെച്ചത്. നിരന്തരം പോളണ്ട് ഗോള്‍മുഖത്ത് ഇരച്ചുകയറി സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ സൗദിയ്ക്ക് സാധിച്ചു. 12-ാം മിനിറ്റില്‍ സൗദിയുടെ കാന്നോയുടെ ഗോളെന്നുറച്ച ഉഗ്രന്‍ ലോങ് റേഞ്ചര്‍ പോളണ്ട് ഗോള്‍കീപ്പര്‍ സെസ്‌നി ഒരുവിധം രക്ഷപ്പെടുത്തിയെടുത്തു.

സൗദി അറേബ്യയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പോളണ്ടിന് നിരവധി ഫൗളുകള്‍ നടത്തേണ്ടിവന്നു. അതിന്റെ ഫലമായി ആദ്യ 20 മിനിറ്റിനുള്ളില്‍ തന്നെ മൂന്ന് താരങ്ങളാണ് മഞ്ഞക്കാര്‍ഡ് കണ്ടത്.

ആദ്യപകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത സൗദിയെ ഞെട്ടിച്ചുകൊണ്ട് പോളണ്ട് മത്സരത്തില്‍ ലീഡെടുത്തു. 39-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ പിയോറ്റര്‍ സിയെലെന്‍സ്‌കിയാണ് ടീമിനായി വലകുലുക്കിയത്. സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ പാസില്‍ നിന്നാണ് ഗോള്‍ പിറന്നത്. പാസ് സ്വീകരിച്ച സിയെലെന്‍സ്‌കി തകര്‍പ്പന്‍ ഫിനിഷിലൂടെ വലതുളച്ചു.

44-ാം മിനിറ്റില്‍ സൗദി അറേബ്യയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. അല്‍ ഷെഹ്‌രിയെ ബിയാലെക് വീഴ്ത്തിയതിനെത്തുടര്‍ന്ന് വാറിലൂടെയാണ് റഫറി പെനാല്‍ട്ടി വിധിച്ചത്. സൂപ്പര്‍താരം സാലി അല്‍ ഷെഹ്‌രിയാണ് കിക്കെടുത്തത്. എന്നാല്‍ താരത്തിന്റെ പെനാല്‍ട്ടി കിക്ക് ഗോള്‍കീപ്പര്‍ സെസ്‌നി തകര്‍പ്പന്‍ ഡൈവിലൂടെ തട്ടിയകറ്റി. പന്ത് റീബൗണ്ടായി എത്തിയത് മറ്റൊരു സൗദി താരമായ അല്‍ ബുറൈക്കിന്റെ കാലിലേക്ക്. ഒഴിഞ്ഞ പോസ്റ്റിലേക്ക് ബുറൈക്ക് നിറയൊഴിച്ചെങ്കിലും സെസ്‌നി അവിശ്വസനീയമായി അതും തട്ടിയകറ്റി. പിന്നാലെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയിലും ആക്രമിച്ച് തന്നെയാണ് സൗദി കളിച്ചത്. 55-ാം മിനിറ്റില്‍ പോളണ്ട് ബോക്‌സിനുള്ളില്‍ വെച്ച് സൗദി താരങ്ങള്‍ക്ക് രണ്ടിലേറെ അവസരങ്ങള്‍ ലഭിച്ചിട്ടും ഒന്നുപോലും വലയിലാക്കാനായില്ല. 59-ാം മിനിറ്റില്‍ സൗദിയുടെ ഫെറാസ് അല്‍ബ്രിക്കാന് സുവര്‍ണാവസരം ലഭിച്ചിട്ടും താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി. തൊട്ടുപിന്നാലെ ലഭിച്ച അവസരവും സൗദി പാഴാക്കി.

62-ാം മിനിറ്റില്‍ നിര്‍ഭാഗ്യം കൊണ്ടുമാത്രം പോളണ്ടിന് ലീഡെടുക്കാനായില്ല. മിലിക്കിന്റെ ഉഗ്രന്‍ ഹെഡ്ഡര്‍ സൗദി ക്രോസ് ബാറിലിടിച്ച് തെറിച്ചു. പിന്നാലെ 65-ാം മിനിറ്റില്‍ ലെവന്‍ഡോവ്‌സ്‌കിയുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. 78-ാം മിനിറ്റില്‍ സൗദിയുടെ അല്‍ മാലിക്കിയുടെ ഷോട്ട് പോളിഷ് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി.

എന്നാല്‍ സൗദിയുടെ നെഞ്ചില്‍ തീകോരിയിട്ടുകൊണ്ട് പോളണ്ട് രണ്ടാം ഗോളടിച്ചു. 82-ാം മിനിറ്റില്‍ സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് ടീമിനായി വലകുലുക്കിയത്. സൗദി പ്രതിരോധതാരം അല്‍ മാലികിയുടെ പിഴവിലൂടെയാണ് ഗോള്‍ വീണത്. അല്‍ മാലികിയുടെ കാലില്‍ നിന്ന് പന്ത് റാഞ്ചിയ ലെവന്‍ഡോവ്‌സ്‌കി അനായാസം ലക്ഷ്യം കണ്ടു. ഇതോടെ പോളണ്ട് വിജയമുറപ്പിച്ചു.

ഇന്‍ജുറി ടൈമില്‍ ലെവന്‍ഡോവ്‌സ്‌കിയ്ക്ക് മറ്റൊരു അവസരം ലഭിച്ചെങ്കിലും താരത്തിന് പന്ത് വലയിലെത്തിക്കാനായില്ല. പിന്നാലെ മത്സരം അവസാനിച്ചു.[Poland vs Saudi Arabia FIFA World Cup 2022 Lewandowski scores 1st-ever WC goal as POL seal 2-0 win vs KSA]

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button