സൗദി എയര്‍ലൈന്‍സ് വിമാനം ലഖ്‌നൗ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യവേ ഇടതുചക്രത്തില്‍ നിന്ന് തീയും പുകയും;തീ അണച്ചതിനാല്‍ അപകടം ഒഴിവായത് വൻ ദുരന്തം

ന്യൂഡല്‍ഹി: ഹജ്ജ് യാത്രക്കാരുമായി എത്തിയ സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ തീയും പുകയും ഉയര്‍ന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. ഹജ്ജ് യാത്ര കഴിഞ്ഞശേഷം ഇന്ത്യയിലേക്ക് മടങ്ങിവരുന്നവരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം ലഖ്‌നൗ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുമ്പോഴാണ് ഇടതുചക്രത്തില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത്.

ഉടനെ തന്നെ വിമാനം അടിയന്തരമായി നിര്‍ത്തിയശേഷം യാത്രക്കാരെ ഒഴിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തിലെ ഫയര്‍ഫോഴ്‌സെത്തി തീ ഉടനെ കെടുത്തിയതിനാല്‍ അപകടമൊഴിവായി. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷഇതരാണ്. ഹൈഡ്രോളിക് സംവിധാനത്തിലെ ചോര്‍ച്ചയാണ് തീ ഉയരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

അതിനിടെ ജര്‍മനിയില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചുപറന്നതായി റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ജര്‍മ്മനിയില്‍ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ നിന്ന് ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2.14ന് പുറപ്പെട്ട ലുഫ്താന്‍സ വിമാനം തിങ്കളാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍ ബോംബ് ഭീഷണിയെത്തുടര്‍ന്ന് വിമാനം തിരിച്ചുപറന്നെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷം ഭീഷണി സന്ദേശം ലഭിച്ചെന്നും ഇതോടെ തിരിച്ചുപറന്നെന്നുമാണ് വിവരം. എന്നാല്‍ ഇന്ത്യയില്‍ 'ഇറങ്ങാന്‍' അനുമതി നല്‍കിയില്ലെന്നും അതിനാലാണ് വിമാനം തിരിച്ചുവിട്ടതെന്നുമാണ് ലുഫ്താന്‍സയുടെ അധികൃതര്‍ പറയുന്നത്. 'ഞങ്ങള്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ തിരിച്ചെത്തി. ഹൈദരാബാദില്‍ വിമാനം ഇറങ്ങാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് മാത്രമേ ഞങ്ങളോട് അധികൃതര്‍ പറഞ്ഞിട്ടുള്ളൂ.'- ഹൈദരാബാദിലുള്ള അമ്മയെ സന്ദര്‍ശിക്കാന്‍ പോകുന്ന സ്ത്രീ പ്രതികരിച്ചു.

'സുഗമമായ ഒരു വിമാനയാത്രയായിരുന്നു അത്. ഏകദേശം രണ്ട് മണിക്കൂര്‍ യാത്ര ചെയ്തു. പെട്ടെന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്ക് മടങ്ങുകയാണെന്ന് അധികൃതര്‍ ഞങ്ങളോട് പറഞ്ഞു. വിമാനത്താവളത്തില്‍ അവര്‍ ഞങ്ങള്‍ക്ക് താമസ സൗകര്യം ഒരുക്കിത്തന്നു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് അതേ വിമാനത്തില്‍ തന്നെ പുറപ്പെടാമെന്ന് അവര്‍ ഞങ്ങളോട് പറഞ്ഞു. ഇത്രമാത്രമേ ഞങ്ങള്‍ക്കറിയൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി പൊലീസുമായോ എയര്‍ലൈനുമായോ ബന്ധപ്പെടുക.'- യാത്രക്കാരി വിശദീകരിച്ചു. എന്നാല്‍ സംഭവത്തെക്കുറിച്ച് ഹൈദരാബാദ് വിമാനത്താവള അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News