ക്വലാലംപുര്‍: ഇന്ത്യയുടെ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് ജോഡികളായ സാത്വിക്‌സായ്‌രാജ് – ചിരാഗ് ഷെട്ടി സഖ്യത്തിന് മലേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ 1000 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ തോല്‍വി. ഞായറാഴ്ച നടന്ന ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ സഖ്യമായ ചൈനയുടെ ലിയാങ് വെയ് കെങ് – വാങ് ചാങ് ജോഡിയോടായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ തോല്‍വി. ആദ്യഗെയിം 21-9 എന്ന സ്‌കോറില്‍ ആധികാരികമായി സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യന്‍ സഖ്യം മത്സരം കൈവിട്ടത്.
രണ്ടാം ഗെയിമില്‍ തിരിച്ചടിച്ച ചൈനീസ് സഖ്യം 21-18 എന്ന സ്‌കോറിനാണ് ഗെയിം സ്വന്തമാക്കിയത്. മൂന്നാം ഗെയിമില്‍ ഇന്ത്യന്‍ സഖ്യം ലീഡ് നേടിയെങ്കിലും തിരിച്ചടിച്ച ലിയാങ് വെയ് കെങ് – വാങ് ചാങ് സഖ്യം 21-17 എന്ന സ്‌കോറിന് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുകയായിരുന്നു. ചൈനീസ് സഖ്യത്തോട് സാത്വിക്‌സായ്‌രാജ് – ചിരാഗ് ഷെട്ടി സഖ്യം ഇത് നാലാം തവണയാണ് പരാജയപ്പെടുന്നത്.
നേരത്തേ സെമിയില്‍ കൊറിയയുടെ ലോകചാമ്പ്യന്മാരായ സിയോ സ്യൂങ് ജെയ് -കങ് മിന്‍ ഹ്യുക്ദിഷ്ദ് സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു സാത്വിക്‌സായ്‌രാജ് – ചിരാഗ് ഷെട്ടി സഖ്യത്തിന്റെ ഫൈനല്‍ പ്രവേശനം.