മോഹൻലാലിന്റെ നായികയായി ഐശ്വര്യ ലക്ഷ്മി; സത്യൻ അന്തിക്കാട് ചിത്രം വരുന്നു, പ്രധാന റോളിൽ സംഗീതയും

കൊച്ചി:ഏറെ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഓരോ പുതിയ ചിത്രം ഇറങ്ങുമ്പോഴും മലയാള സിനിമയ്ക്ക് അതൊരു ആഘോഷമാണ്. ആവേശത്തോടെയാണ് ആ വാര്‍ത്ത പ്രേക്ഷകര്‍ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ വീണ്ടുമൊരു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് സിനിമകൂടി വരുന്നു.

‘ഹൃദയപൂര്‍വം’ എന്ന് പേരിട്ടിരിക്കുന്ന പുതിയ സിനിമയേക്കുറിച്ചുള്ള വിവരങ്ങള്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാടുതന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ഷൂട്ടിങ്ങിനു മുന്‍പുള്ള ജോലികള്‍ പുരോഗമിക്കുകയാണ്. ഡിസംബറില്‍ ചിത്രീകരണം തുടങ്ങുമെന്നും ഈ മാസംതന്നെ പാട്ടുകള്‍ കംപോസ് ചെയ്യുമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

ഐശ്വര്യലക്ഷ്മിയാണ് ചിത്രത്തിലെ നായിക. മോഹന്‍ലാലിനൊപ്പം ഐശ്വര്യ അഭിനയിക്കുന്ന ആദ്യ സിനിമയായിരിക്കും ‘ഹൃദയപൂര്‍വ്വം’. ചിന്താവിഷ്ടയായ ശ്യാമള അടക്കമുള്ള ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയിട്ടുള്ള സംഗീതയാണ് മറ്റൊരു പ്രധാന താരം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം.

സത്യന്‍ അന്തിക്കാടിന്റെ കുറിപ്പ്:

‘ഹൃദയപൂര്‍വ്വം’ എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗിനു മുമ്പുള്ള ജോലികളിലാണിപ്പോള്‍. ഡിസംബറില്‍ തുടങ്ങണം. ഈ മാസം പാട്ടുകളുടെ കമ്പോസിംഗ് ആരംഭിക്കണം. ആരാണ് നായിക എന്ന് പലരും ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരമാണ് ഈ കുറിപ്പ്. ഐശ്വര്യാലക്ഷ്മിയാണ് നായിക. മായാനദിയിലും ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലും വരത്തനിലുമൊക്കെ ഐശ്വര്യയുടെ മികച്ച പ്രകടനം നമ്മള്‍ കണ്ടിട്ടുണ്ട്. മോഹന്‍ലാലിനോടൊപ്പം ഐശ്വര്യ അഭിനയിക്കുന്ന ആദ്യ സിനിമയായിരിക്കും ‘ഹൃദയപൂര്‍വ്വം’. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ നമ്മളെ വിസ്മയിപ്പിച്ച സംഗീതയാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ‘ഹൃദയപൂര്‍വ്വം’ ഒരു നല്ല ചലച്ചിത്രാനുഭവമാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളെല്ലാവരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News