കുമളി:തുടര്‍ച്ചയായ പരിശ്രമങ്ങള്‍ക്കൊടുവില്‍ തടസ്സങ്ങള്‍ നീങ്ങിയതോടെ വണ്ടിപ്പെരിയാര്‍ സത്രത്തിലെ എന്‍സിസി എയര്‍സ്ട്രിപ്പ് യാഥാര്‍ഥ്യമാകുന്നു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം 100 ദിന പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ച് എയര്‍സ്ട്രിപ്പിന്റെ ഉദ്ഘാടനം നടക്കും.
ജില്ലയിലെയും പീരുമേട്ടിലെയും വിനോദസഞ്ചാര മേഖലയ്ക്ക് ഒരു കുതിച്ചുചാട്ടമാകും എയര്‍സ്ട്രിപ്പ്. വര്‍ഷവും ആയിരം എന്‍സിസി കേഡറ്റുകള്‍ക്ക് വിമാനം പറപ്പിക്കാനുള്ള പരിശീലനം നല്‍കും. ഇതില്‍ 200 പേര്‍ ഇടുക്കി ജില്ലയില്‍നിന്നുള്ളവരായിരിക്കും. നേരത്തെ കേരളപ്പിറവി ദിനത്തില്‍ എന്‍സിസി ട്രെയിനിങ് സെന്ററിന്റെ ഉദ്ഘാടനം നടത്താനുള്ള നീക്കങ്ങള്‍ നടത്തിയെങ്കിലും ചില തടസ്സങ്ങള്‍ വന്നതോടെ വൈകുകയായിരുന്നു. നിര്‍മാണത്തിന് 12 ഏക്കര്‍ ഭൂമി ആദ്യഘട്ടത്തില്‍ അനുവദിച്ചു. പിന്നീട് 15 ഏക്കര്‍കൂടി വേണമെന്ന് എന്‍സിസി ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന കുട്ടികള്‍ക്ക് എന്‍സിസി നേതൃത്വത്തില്‍ വിമാനം പറപ്പിക്കല്‍ പരിശീലനം നല്‍കാനുള്ള 650 മീറ്റര്‍ നീളത്തിലുള്ള റണ്‍വേയുടെ ജോലികള്‍ നേരത്തെ പൂര്‍ത്തീകരിച്ചു. എയര്‍ സ്ട്രിപ്പ് റണ്‍വേ നീളം 1000 മീറ്ററായി ഉയര്‍ത്തുന്നതിന് കൂടുതല്‍ വനഭൂമി വിട്ടുകിട്ടുന്നതിനുള്ള നടപടികളും ആരംഭിച്ചിരുന്നു.