വിവാഹ ശേഷമുള്ള വഴിവിട്ട ബന്ധം വിലക്കിയ പിതാവിനെ കാമുകന്റെയും സുഹൃത്തിന്റെയും സഹായത്തോടെ കൊലപ്പെടുത്തിയ യുവതി കുടുങ്ങിയത് പോസ്റ്റ്മോർട്ടത്തിൽ, ശ്രീജയ്ക്കും കൂട്ടാളികൾക്കും ജീവപര്യന്തം
ആലപ്പുഴ:വഴിവിട്ട ബന്ധം വിലക്കിയ പിതാവിനെ കാമുകന്റെയും സുഹൃത്തിന്റെയും സഹായത്തോടെ കൊലപ്പെടുത്തിയ കേസ് തെളിഞ്ഞത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെ സൂചനയിൽ. ചുനക്കര ലീലാലയത്തിൽ ശശിധരപണിക്കരെ (54) കൊലപ്പെടുത്തിയ കേസിലാണ് മകൾ ശ്രീജമോൾ (36) കാമുകൻ കൃഷ്ണപുരം ഞക്കനാൽ മണപ്പുറത്ത് റിയാസ് (38), ഇയാളുടെ സുഹൃത്ത് നൂറനാട് രതീഷ് ഭവനത്തിൽ രതീഷ് (39) എന്നിവർക്ക് ജീവപര്യന്തം കഠിന തടവ് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി സി.മോഹിത് വിധിച്ചത്.
2013 ഫെബ്രുവരി 26ന് വൈകിട്ട് ആറിനാണ് ശശിധരപണിക്കരെ കരിങ്ങാലി പുഞ്ചയോട് ചേർന്നുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളത്തിൽ ശവശരീരം പൊങ്ങിക്കിടക്കുന്നതായി വസ്തു ഉടമ ഗോപിനാഥപിള്ള പൊലീസിൽ അറിയിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തെങ്കിലും ഭാര്യയും മക്കളും അടങ്ങുന്ന ബന്ധുക്കൾക്ക് മരണത്തിൽ സംശയം ഇല്ലാതിരുന്നതിനാൽ അന്വേഷണം മന്ദഗതിയിലാണ് നടന്നത്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്നാണ് മരണം കൊലപാതകമാണെന്ന് സൂചന ലഭിച്ചത്. പോസ്റ്റുമോർട്ടം നടത്തിയ ഡോ.ഉമേഷ് കണ്ടെത്തി നൽകിയ റിപ്പോർട്ടാണ് കരുതികൂട്ടിയുള്ള കൊലപാതക കേസിന് വഴിത്തിരിവ് ഉണ്ടാക്കിയത്. ശക്തമായ അടിയേറ്റാണ് തലയിലെ മുറിവ് ഉണ്ടായതെന്നും മൂർച്ചയേറിയ ആയുധം കൊണ്ട് കുത്തി പരിക്കേൽപ്പിച്ച മുറിവാണ് തുടയിൽ സംഭവിച്ചതെന്നുമായിരുന്നു പോസ്റ്റുമോർട്ടത്തിൽ ഡോ.ഉമേഷ് കണ്ടെത്തിയത്.കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ അന്വേഷണം ആരംഭിച്ച പൊലീസ് ശശിധരപണിക്കരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലാണ് പ്രതികളിലേക്ക് എത്തിയത്.
ഫെബ്രുവരി 17 ന് നാട്ടിലെത്തിയ റിയാസ് 19ന് പുതിയ സിം വാങ്ങി. ഇതിൽ നിന്ന് കൊപാതകം നടന്ന 23ന് ശശിധരപണിക്കരെ ജോലി വാഗ്ദാനം ചെയ്ത് ചാരുംമൂട്ടിലേക്ക് വിളിച്ചുവരുത്തി അവിടെ നിന്ന് ബൈക്കിൽ കയറ്റി കരിങ്ങാലി പുഞ്ചയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതേ ദിവസം രണ്ട് സ്ഥലത്ത് നിന്ന് ശശിധരപണിക്കരുടെ ഫോണിലേക്ക് എസ്. ടി.ഡി ബൂത്തുകളിൽ നിന്ന് കോൾ വന്നിരുന്നു. ഈ സമയങ്ങളിൽ രണ്ട് സ്ഥലത്തും റിയാസിന്റെ ഫോൺ ടവർ ലോക്കേഷനിൽ ഉണ്ടായിരുന്നു. ഈ സിമ്മിൽ നിന്ന് ഫെബ്രുവരി 20നും 23നും ഇടക്കുള്ള ദിവസങ്ങളിൽ റിയാസ് രതീഷിനെ 70 തവണയും ശ്രീജയെ 58 തവണയും വിളിച്ചതായി കണ്ടെത്തി.
കൊലപാതകത്തിന് ശേഷം സിംകാർഡ് റിയാസ് ശ്രീജക്ക് കൈമാറി. തുടർന്ന് മൃതദേഹം കണ്ടെത്തിയ 27ന് റിയാസ് മറ്റൊരു സിമ്മിൽ നിന്ന് രതീഷിനെ 12 തവണയും ശ്രീജക്ക് കൈമാറിയ സിമ്മിലേക്ക് 10 തവണയും വിളിച്ചിട്ടുണ്ട്. ഈ വിളികളാണ് പ്രതികളെക്കുറിച്ചുള്ള സൂചന നൽകിയത്. തുടർന്ന് രതീഷിനെ പൊലീസ് പിടികൂടി ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയും അന്നുതന്നെ ശ്രീജയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിദേശത്തേക്ക് തിരികെ പോയിരുന്ന റിയാസ് ഏപ്രിലിൽ തിരികെ എത്തി കീഴടങ്ങുകയായിരുന്നു.
തിരുവല്ലയിലെ ഒരു സ്ഥാപനത്തിൽ സെക്യൂറിറ്റി ജീവനക്കാരൻ ആയിരുന്നു ശശിധര പണിക്കർ. മകൾ ശ്രീജ ചാരുമൂട്ടിൽ കടയിൽ ജോലി ചെയ്യുമ്പോഴാണ് റിയാസിനെ പരിചയപ്പെടുന്നതും അടുപ്പത്തിലാവുന്നതും. റിയാസ് പിന്നീട് വിദേശത്തേക്ക് പോയി. ഇതിന് ശേഷം ശ്രീജ തൊട്ടടുത്ത കടയിൽ ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിയായ ശ്രീജിത്തിനൊപ്പം ഇറങ്ങിപ്പോയി. ഈ ബന്ധത്തിൽ ഒരു മകളുണ്ട്. എന്നാൽ ശ്രീജിത്ത് വള്ളികുന്നം സ്റ്റേഷനിലെ ഒരു കേസിൽ ഉൾപ്പെട്ടതോടെ ഈ ബന്ധം ഉപേക്ഷിച്ചു.
ഗൾഫിലായിരുന്ന റിയാസുമായി ശ്രീജ വീണ്ടും അടുപ്പത്തിലായി. ഇതിനിടെ ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് പരിചയപ്പെട്ട ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി സുരേഷ് കുമാറുമായി ശ്രീജ അടുപ്പത്തിലാവുകയും ഇയാളെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. വഴിവിട്ട ഈ ബന്ധം ചോദ്യം ചെയ്തതാണ് അച്ഛനെ മകളുടെ ശത്രുവാക്കിയത്. എന്നാൽ റിയാസ് ഈ ബന്ധം അറിഞ്ഞിരുന്നില്ല. അച്ഛൻ അല്ലാതെ മറ്റാരും ബന്ധത്തെ എതിർക്കില്ലെന്നും അതിനാൽ അച്ഛനെ ഇല്ലാതാക്കണമെന്നും ശ്രീജയാണ് റിയാസിനോട് ആവശ്യപ്പെട്ടത്.
ഒരു കോടി വിലമതിക്കുന്ന 85 സെന്റ് വസ്തു വിറ്റ് സഹോദരിയെ വിവാഹം ചെയ്തയച്ച ശേഷം സുഖമായി മറ്റെവിടെയെങ്കിലും പോയി ജീവിക്കാമെന്ന് മോഹം നൽകിയാണ് ശ്രീജ റിയാസിനെക്കൊണ്ട് കൊലപാതകം ആസൂത്രണം ചെയ്യിച്ചത്. രണ്ട് സമുദായമായതിനാൽ ശ്രീജയുടെ അച്ഛൻ വിവാഹത്തിന് സമ്മതിക്കുന്നില്ലെന്നാണ് റിയാസ് ഗൾഫിൽ കൂടെ ഉണ്ടായിരുന്ന രതീഷിനോട് പറഞ്ഞിരുന്നത്. അതിനാൽ അച്ഛനെ ഒഴിവാക്കാൻ കൂടെ നിൽക്കണമെന്ന് ആവശ്യപ്പെട്ടു.
ഇതിനായി ഒഹരി വിറ്റുകിട്ടുന്നതിൽ നിന്ന് 1.5 ലക്ഷം രൂപയും വാഗ്ദാനം ചെയ്തു. എന്നാൽ കൊലക്ക് ശേഷം നാട്ടിൽ നിന്ന് മാറി നിൽക്കുന്നതിനുള്ള ചിലവിന് 5000 രൂപ മാത്രമാണ് രതീഷിന് കിട്ടിയത്. ഫെബ്രുവരി 22നാണ് കൊലപാതകം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ അന്ന് വിഷം ലഭിക്കാതിരുന്നതിനാൽ 23ലേക്ക് മാറ്റി. 23ന് ശശിധരപണിക്കരെ ജോലി വാഗ്ദാനം ചെയ്ത് ചാരുംമൂട്ടിലേക്ക് വിളിച്ചുവരുത്തി അവിടെ നിന്ന് ബൈക്കിൽ കയറ്റി കരിങ്ങാലി പുഞ്ചയിലേക്ക് കൂട്ടിക്കൊണ്ട് വന്ന ശേഷം റിയാസും രതീഷും ചേർന്ന് മദ്യത്തിൽ വിഷം കലർത്തി നൽകി. തുടർന്ന് രതീഷ് മടങ്ങി പോയി.
എന്നാൽ ശശിധരപണിക്കർ ശർദ്ദിച്ചതോടെ റിയാസ് രതീഷിനെ തിരികെ വിളിച്ചു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും ശശിധരപണിക്കർ ചെറുത്തുനിന്നതോടെ രതീഷ് കത്തികൊണ്ട് കുത്തി. കുത്തേറ്റ് വീണ ശശിധരപണിക്കരെ റിയാസ് കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മദ്യം വാങ്ങിയ കട്ടച്ചിറയിലെ ബിവറേജസ് ഔട്ട്ലറ്റ് ജീവനക്കാരൻ വിചാരണവേളയിൽ പ്രതിയെ തിരിച്ചറിഞ്ഞു. ഇയാൾ മദ്യം പൊതിഞ്ഞുകൊണ്ട് വന്ന തോർത്താണ് ശ്വാസംമുട്ടിക്കാൻ ഉപയോഗിച്ചത്.
രക്തകറ പുരണ്ടിരുന്ന ഈ തോർത്ത് കട്ടച്ചിറ പള്ളിക്ക് സമീപമുള്ള കലുങ്കിന്റെ അടിയിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. റബർ മരത്തിന്റെ ചുവട്ടിൽ കുഴിച്ചിട്ടിരുന്ന ശശിധരപണിക്കരുടെ ഫോൺ കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് തെളിവെടുപ്പ് സമയത്ത് രതീഷ് കണ്ടെടുത്ത് നൽകിയിരുന്നു. കേസിൽ പ്രൊസിക്യൂഷൻ ഭാഗത്തു നിന്ന് 31 സാക്ഷികളെയും, 70 രേഖകളും 42 തൊണ്ടിമുതലും ഹാജരാക്കി. കേസിന്റെ വിചാരണ വേളയിൽ ശശിധര പണിക്കരുടെ ഇളയ മകൾ ശരണ്യയടക്കം നാല് സാക്ഷികൾ കൂറുമാറുകയും ഭാര്യ ശ്രീദേവി സംസാരി ശേഷി ഇല്ലെന്ന് പറഞ്ഞ് ഒഴിവാകുകയും ചെയ്തിരുന്നു.
ഒന്നാം പ്രതിക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ, ക്രിമിനൽ ഗൂഡാലോചന കുറ്റങ്ങളാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. ഒന്ന് രണ്ട് പ്രതികൾക്കെതിരെ കൊലപാതകം, ഒന്ന് മുതൽ മൂന്ന് വരെ പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഡാലോചന കുറ്റങ്ങളും ഒന്നാം പ്രതിക്കെതിരെ തെളിവ് നശിപ്പിക്കൽ കുറ്റവും തെളിയിക്കപ്പെട്ടു. പബ്ലിക് പ്രോസിക്യൂട്ടർ എസ്.സോളമനാണ് കേസിൽ ഹാജരായത്. അഡ്വ.ശരുൺ.കെ. ഇടിക്കുള അസിസ്റ്റ് ചെയ്തു.