തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ശശി തരൂർ എം പി സന്ദർശിച്ചു. ജഗതിയിലെ ഉമ്മൻചാണ്ടിയുടെ വീട്ടിലെത്തിയായിരുന്നു ശശി തരൂർ അദ്ദേഹത്തെ കണ്ടത്. പെരുന്നയിൽ നടന്ന മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുത്ത ശേഷമായിരുന്നു ശശി തരൂരിന്റെ ഭവന സന്ദർശനം. എം കെ രാഘവൻ എം പിയും ശശി തരൂരിനെ അനുഗമിച്ചിരുന്നു.
ഇന്ന് പെരുന്നയിൽ നടന്ന എൻഎസ്എസ് ആസ്ഥാനത്ത് നടന്ന മന്നം ജയന്തിയിൽ ശശി തരൂർ പങ്കെടുത്ത് സംസാരിച്ചിരുന്നു. മറ്റു മുതിർന്ന കോൺഗ്രസ് നേതാക്കളെ ഒഴിവാക്കിയായിരുന്നു ശശി തരൂർ എം പിയ്ക്ക് സമ്മേളനത്തിലേയ്ക്ക് ക്ഷണം ലഭിച്ചത്. പത്ത് വർഷങ്ങൾക്ക് മുൻപ് മുൻ മുഖ്യമന്ത്രി എ കെ ആന്റണിയ്ക്ക് ക്ഷണം ലഭിച്ചത് ഒഴിച്ചാൽ പിന്നീട് അവസരം ലഭിച്ച ഏക കോൺഗ്രസ് നേതാവാണ് ശശി തരൂർ.
സമ്മേളന വേദിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ “ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ” എന്ന് അദ്ദേഹം നടത്തിയ പരാമർശം വാർത്തയായിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെ പരോക്ഷമായി വിമർശനമുന്നയിച്ചതാണ് എന്ന തരത്തിൽ ഇതിന് പിന്നാലെ വിഭിന്ന പ്രതികരണങ്ങൾ ഉയർന്നിരുന്നു. ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന കാര്യം മന്നം 80 വർഷങ്ങൾക്ക് മുൻപ് പറഞ്ഞതാണെന്നും എന്നാൽ ഇപ്പോഴും താനത് രാഷ്ട്രീയത്തിൽ അനുഭവിക്കുന്നുണ്ടെന്നായിരുന്നു ശശി തരൂരിന്റെ വാക്കുകൾ.
ശശി തരൂരിനെ മന്നം ജയന്തിക്ക് ക്ഷണിച്ചത് ഡൽഹി നായരെന്ന് പണ്ട് വിളിച്ച തെറ്റ് തിരുത്താനെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. തരൂർ ഡൽഹി നായരല്ല, കേരള പുത്രനും വിശ്വപൗരനുമാണ്. മന്നം ജയന്തി ഉദ്ഘാടനം ചെയ്യാൻ തരൂരിനോളം യോഗ്യതയുള്ള മറ്റൊരാളെ താൻ കാണുന്നില്ലെന്നും സ്വാഗതപ്രസംഗത്തിൽ സുകുമാരൻ നായർ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി ജി സുകുമാരന്‍ നായര്‍ ഏറെ കാലമായി അകല്‍ച്ചയിലാണ്.രണ്ട് മാസം മുമ്പ് സതീശനെതിരെ അദ്ദേഹം കടുത്ത ഭാഷയില്‍ പരസ്യ വിമര്‍ശനവും ഉന്നയിച്ചിരുന്നു. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങിയല്ല താന്‍ ജയിച്ചതെന്ന സതീശന്റെ പ്രസ്താവനയാണ് സുകുമാരന്‍ നായരെ ചൊടിപ്പിച്ചത്.ഈ സമീപനം തുടര്‍ന്നാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് അദ്ദേഹം സതീശൻ മുന്നറിയിപ്പും നല്‍കിയിരുന്നു.