ന്യൂഡല്‍ഹി: രാജ്യത്ത് ആഭ്യന്തര വളര്‍ച്ചാനിരക്കില്‍ ഉണ്ടായ തളര്‍ച്ചയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയുമായി താരതമ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. താടി വളര്‍ന്നത് അനുസരിച്ച് ഇന്ത്യയുടെ ജിഡിപി കുറഞ്ഞെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. മോദിയുടെ താടിയും ആഭ്യന്തര വളര്‍ച്ചാനിരക്കും താരതമ്യം ചെയ്ത് കൊണ്ടുള്ള ചിത്രം സഹിതമാണ് ശശി തരൂരിന്റെ പരിഹാസം.
2017-18 സാമ്പത്തിക വര്‍ഷത്തില്‍ 8.1 ശതമാനമായിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച. അന്ന് മോദിക്ക് താടി കുറവായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ താടി വളര്‍ന്നു. സാമ്പത്തിക വളര്‍ച്ചാനിരക്കും താഴോട്ട് പോയി. വിവിധ പാദങ്ങളിലായി ജിഡിപി ആറു ശതമാനത്തിനും താഴെയായി കൂപ്പു കുത്തി.
2019-20 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 4.5 ശതമാനമായും ഇടിഞ്ഞു. അപ്പോഴേക്കും മോദിയുടെ താടിക്ക് നീളം കൂടിയെന്നും ചിത്രത്തില്‍ നിന്നു വ്യക്തം. 2017 മുതലുള്ള മോദിയുടെ അഞ്ചു ചിത്രങ്ങളാണ് ട്വീറ്റിലുള്ളത്.
അതേസമയം, ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ രാജ്യത്തിന്റെ ജിഡിപിയില്‍ 0.4 ശതമാനം വര്‍ധനയുണ്ടായി. തുടര്‍ച്ചയായ രണ്ട് പാദങ്ങളിലെ ഇടിവിന് ശേഷമാണ് സാമ്പത്തിക വളര്‍ച്ച നിരക്ക് തിരിച്ചു കയറിയത്.
This is what is meant by a "graphic illustration"! pic.twitter.com/QYyA2lN2W0
— Shashi Tharoor (@ShashiTharoor) March 2, 2021