കൊച്ചി: ദേശീയ സുരക്ഷാ വിഷയങ്ങളില്‍ താന്‍ സ്വീകരിച്ച നിലപാടുകളിൽ ഉറച്ചുനില്‍ക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് ശശി തരൂര്‍. സമീപകാലത്തെ പ്രവര്‍ത്തനങ്ങളിലും അഭിപ്രായപ്രകടനങ്ങളിലും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് തന്നെ വിമര്‍ശനങ്ങളുയരുന്നതിനിടെയാണ് അദ്ദേഹം നിലപാട് ആവര്‍ത്തിച്ചത്.
നിര്‍ഭാഗ്യവശാല്‍ ഏത് ജനാധിപത്യ സംവിധാനത്തിലും രാഷ്ട്രീയം ഒരു മത്സരമാണ്. എന്നിരുന്നാലും ദേശീയ സുരക്ഷയുടെ കാര്യം വരുമ്പോള്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളുമായി ചേർന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ചിലര്‍ക്ക് നമ്മള്‍ ആത്മാര്‍ഥതയില്ലാത്തവരായി തോന്നും. അതൊരു പ്രശ്‌നമാണ്. താന്‍ ആദ്യം കൂറുപുലര്‍ത്തുന്നത് രാജ്യത്തോടാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യം കൂടുതല്‍ നന്നാക്കാനുള്ള ഉപാധിയാണ്. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ പോലും നല്ല ഇന്ത്യയ്ക്കാണ് പ്രവര്‍ത്തിക്കേണ്ടത്. പക്ഷേ ഇതൊന്നും എളുപ്പമല്ല.
സമീപകാലത്തുണ്ടായ സംഭവവികാസങ്ങളില്‍ സര്‍ക്കാരിനെയും സായുധസേനയെയും പിന്തുണച്ചതിന് ഒരുപാടാളുകള്‍ വിമര്‍ശിക്കുന്നുണ്ട്. പക്ഷേ ഞാൻ എന്റെ നിലപാടിൽ ഉറച്ചുനില്‍ക്കുന്നു.-തരൂർ പറഞ്ഞു. ‘ഇന്ത്യ മരിച്ചാല്‍ പിന്നെ ആര്‍ക്കാണ് ജീവിതം അവശേഷിക്കുക’ എന്ന ജവഹര്‍ലാല്‍ നെഹറുവിന്റെ വാക്യവും അദ്ദേഹം ഉദ്ധരിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാര്‍ട്ടിയോട് ആലോചിക്കാതെ കേന്ദ്രസര്‍ക്കാരിന്റെ താത്പര്യപ്രകാരം തരൂര്‍ ത്രിരാഷ്ട്ര നയതന്ത്രദൗത്യത്തിന് പുറപ്പെട്ടതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് പാര്‍ട്ടിയില്‍ കടുത്ത അതൃപ്തിയുണ്ടാക്കിയിരുന്നു. കൂടാതെ ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ കാലത്ത് നടത്തിയ ക്രൂരതകള്‍ വിവരിച്ച് ലേഖനം എഴുതിയതും വിമര്‍ശനത്തിന് ആക്കംകൂട്ടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ പി.ജെ കുര്യന്‍, കെ മുരളീധരന്‍ എന്നിവര്‍ തരൂരിനെതിരേ രംഗത്ത് വരികയും ചെയ്തു.


