News

32 ലക്ഷംരൂപയുടെ സ്വർണം, ഭൂമി, കാർ; തരൂരിന് 55 കോടിയുടെ ആസ്തി

തിരുവനന്തപുരം: നാലാം വട്ടവും ലോക്‌സഭയിലേക്ക് മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി ശശി തരൂരിന് 55 കോടി രൂപയുടെ ആസ്തി. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ആസ്തി വിവരങ്ങളുള്ളത്. 49 കോടിയുടെ സ്ഥാവര ആസ്തിയും, 19 ബാങ്കുകളിലായി വിവിധങ്ങളായ നിക്ഷേപങ്ങള്‍, ബോണ്ടുകള്‍, മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങള്‍ എന്നിവയും ഉള്ളതായി തരൂര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനൊപ്പം ബിറ്റ്‌കോയിനിലും തരൂര്‍ നിക്ഷേപമിറക്കിയിട്ടുണ്ട്. തരൂരിന്റെ ബിറ്റ്‌കോയിന്‍ നിക്ഷേപം നിലവിലെ നിരക്കില്‍ ഏകദേശം 5,11,314 രൂപ മതിപ്പ് വരുമെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.

32 ലക്ഷം രൂപ വിലമതിപ്പുള്ള 534 ഗ്രാം സ്വര്‍ണം, കൈയില്‍ 36,000 രൂപ എന്നിവയാണ് ജംഗമസ്വത്ത്. പാരമ്പര്യമായി ലഭിച്ച സ്വത്തിന്റെ മൂല്യം 1.56 ലക്ഷമാണ്. പാലക്കാട് 2.51 ഏക്കര്‍ കൃഷി ഭൂമിയുണ്ട്. തിരുവനന്തപുരത്ത് 10.47 ഏക്കര്‍ സ്ഥലമുണ്ട്. 6.20 കോടിയാണ് ഇതിന് മൂല്യം. കൂടാതെ ഇപ്പോള്‍ താമസിക്കുന്ന വീട്ടിന് 52 ലക്ഷം രൂപയാണ് വിലയായി കാണിച്ചിട്ടുള്ളത്. മാരുതിയുടെ സിയാസ്, XL6 എന്നീ മോഡല്‍ വാഹനങ്ങളാണ് തരൂരിനുള്ളത്.

തരൂരിന് 2014-ല്‍ സ്വത്ത് 23 കോടിയായിരുന്നു. 2019-ല്‍ 35 കോടിയായും ആസ്തി വര്‍ദ്ധിച്ചു. 2022-2023 കാലഘട്ടത്തില്‍ മാത്രം തരൂരിന്റെ വരുമാനം 4.32 കോടി രൂപയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button