KeralaNews

ഗോള്‍വാള്‍ക്കറും സവര്‍ക്കറും സിലബസില്‍ ഉള്‍പ്പെടുന്നതില്‍ തെറ്റില്ലെന്ന് ശശി തരൂര്‍

തിരുവനന്തപുരം: വിമര്‍ശനാത്മകമായി ഗോള്‍വാള്‍ക്കറും സവര്‍ക്കറും സിലബസില്‍ ഉള്‍പ്പെടുന്നതില്‍ തെറ്റില്ലെന്ന് ശശി തരൂര്‍ എം.പി. കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസ് വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സവര്‍ക്കറും ഗോള്‍വാള്‍ക്കറും ജീവിച്ചിരുന്ന കാലത്ത് എന്താണ് സംഭവിച്ചത്. അവര്‍ എപ്പോഴാണ് പുസ്തകം എഴുതിയത് തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് തരൂര്‍ വ്യക്തമാക്കി.

എന്താണ് അവരുടെ വിശ്വാസം എന്നത് മനസിലാക്കി വിമര്‍ശനാത്മകമായി പുസ്തകത്തെ കാണാമെന്നും അദ്ദേഹം പറഞ്ഞു. ഒരു യൂണിവേഴ്സിറ്റിയില്‍ പോയാല്‍ അവിടെ അഭിപ്രായങ്ങളും ഉണ്ടാകും. അങ്ങനെ വരുമ്പോള്‍ ഒരു പുസ്തകം ഒരു സര്‍വകലാശാലയില്‍ ഉണ്ടാകരുത് എന്ന് പറയുന്നതില്‍ യുക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇഷ്ടമുള്ള കാര്യങ്ങള്‍ മാത്രമേ വായിക്കൂ എങ്കില്‍ സര്‍വകലാശാലയില്‍ പോയിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിലര്‍ പറയുന്നത് സിലബസില്‍ ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ അധ്യാപകര്‍ പഠിപ്പിക്കുമ്‌ബോള്‍ വിദ്യാര്‍ത്ഥികള്‍ ഇതൊക്കെ യാഥാര്‍ത്ഥ്യമാണെന്ന് വിശ്വസിക്കുമെന്നാണ്. എന്നാല്‍ അധ്യാപകര്‍ക്ക് ഇത്തരത്തിലുള്ള സാഹചര്യം ഇല്ലാതാക്കാന്‍ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാം വായിക്കാം, എല്ലാം ചര്‍ച്ച ചെയ്യാമെന്നുണ്ടെങ്കില്‍ ഇത്തരം പുസ്തകം സിലബസില്‍ ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന് തരൂര്‍ പറഞ്ഞു.

അതേസമയം സിലബസില്‍ ഹിന്ദുത്വവത്കരണമെന്ന ആരോപണം നിഷേധിച്ച് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ രംഗത്തെത്തിയിരിന്നു. സിലബസ് പൂര്‍ണമല്ലെന്നും രണ്ടംഗ സമിതി ഇതിനെക്കുറിച്ച് പഠിക്കുമെന്നും വി സി വ്യക്തമാക്കി. സിലബസ് മരവിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സിലബസ് പൂര്‍ണമല്ലെന്നും ഇതിനെക്കുറിച്ച് രണ്ടംഗ സമിതി പഠിക്കുമെന്നും അഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവാദമായതിന് പിന്നാലെ സര്‍വകലാശാല സിലബസില്‍ ആര്‍ എസ് എസ് നേതാവ് ഗോള്‍വാള്‍ക്കറെയും സവര്‍ക്കറെയും ഉള്‍പ്പെടുത്തിയ നടപടി താത്കാലികമായി മരവിപ്പിച്ചിരുന്നു. വിവാദ സിലബസിനെതിരേ സര്‍വകലാശാലയില്‍ ഉപരോധസമരം നടത്തിയ കെ എസ് യു പ്രവര്‍ത്തകരെയാണ് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ വാക്കാല്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ സിലബസ് മരവിപ്പിക്കില്ലെന്ന് വി സി വ്യക്തമാക്കുകയായിരുന്നു.

”പഠിക്കേണ്ടത് തന്നെയാണ് സിലബസിലുള്ളത്. ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സിലബസിനെ കുറിച്ച് പഠിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ടിന് ശേഷമെ സിലബസ് പിന്‍വലിക്കുന്നതിനെ പറ്റി ആലോചിക്കുള്ളു. സര്‍വകലാശാലക്ക് പുറത്തുള്ള അധ്യാപകരെയാണ് പഠിക്കാന്‍ നിയമിച്ചിരിക്കുന്നത്”- അദ്ദേഹം പറഞ്ഞു.

പി ജി കോഴ്‌സില്‍ ആര്‍ എസ് എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം വലിയ വിവാദമായിരുന്നു. ഗോള്‍വാള്‍ക്കറുടെ ‘വീ ഓര്‍ ഔര്‍ നാഷന്‍ഹുഡ് ഡിഫൈന്‍ഡ്’, ‘ബഞ്ച് ഓഫ് തോട്ട്‌സ്’, സവര്‍ക്കറുടെ ‘ഹിന്ദുത്വ; ഹൂ ഇസ് എ ഹിന്ദു’ എന്നീ പുസ്തകങ്ങളിലെ ചില ഭാഗങ്ങളാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എം എ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് പി.ജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠഭാഗങ്ങള്‍ ഉള്ളത്. തീംസ് – ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട് എന്ന പേപ്പറിലാണ് പുസ്തകങ്ങള്‍ പാഠഭാഗങ്ങളായുള്ളത്. കൂടാതെ, ഹിന്ദുത്വവാദികളായ ദീനദയാല്‍ ഉപാധ്യായ, ബാല്‍രാജ് മധോക് എന്നിവരുടെ പുസ്തകങ്ങളിലെ ചില ഭാഗങ്ങളും സിലബസിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button