കൊച്ചി: സംസ്ഥാനത്തെ സോളാര്‍ കേസുമായി ബന്ധപ്പെട്ട് ജാമ്യ ഹർജി നല്കുന്ന ദിവസംതന്നെ പരിഗണിച്ച് തീര്‍പ്പാക്കാന്‍ മജിസ്ട്രേറ്റ് കോടതിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതി സരിത നായര്‍ ഹൈകോടതിയില്‍. അര്‍ബുദത്തിന് ചികിത്സയിലാണെന്നും കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്ത് ജാമ്യ ഹർജി പരിഗണിക്കണമെന്നുമാണ് ആവശ്യം.
എന്നാൽ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഫെബ്രുവരി 25ന് കേസ് പരിഗണിക്കുന്നുണ്ടെന്നും അന്ന് തന്നെ ജാമ്യ ഹരജികൂടി പരിഗണിക്കാന്‍ നിര്‍ദേശിക്കണമെന്നുമാണ് ആവശ്യം. ഹർജി അടുത്തയാഴ്ച പരിഗണിക്കാന്‍ ജസ്റ്റിസ് വി.ജി. അരുണ്‍ മാറ്റി. സോളാര്‍ പ്ലാന്റ് സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് 40 ലക്ഷം തട്ടിയെടുത്ത കേസില്‍ രണ്ടാം പ്രതിയായ സരിതയോട് ഫെബ്രുവരി 11ന് ഹാജരാകാന്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചിരുന്നു. വക്കീല്‍ മുഖേന അവധി അപേക്ഷനല്‍കിയെങ്കിലും ഇതു തള്ളി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെന്ന് ഹരജിയില്‍ പറയുന്നു.
തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടറുടെ കുറിപ്പും ഹാജരാക്കിയിരുന്നു. എന്നാല്‍, ന്യൂറോ സംബന്ധമായ പ്രശ്നമാണെന്നാണ് ഡോക്ടറുടെ കുറിപ്പില്‍നിന്ന് വ്യക്തമാകുന്നതെന്ന് കോടതി വാക്കാല്‍ പറഞ്ഞു. കീമോ തെറാപ്പി വേണ്ട രോഗമാണെന്ന് ഹരജിക്കാരിയുടെ അഭിഭാഷകനും വ്യക്തമാക്കിയതോടെ ഹരജി മാറ്റുകയായിരുന്നു.