കൊച്ചി: മുട്ടാര്‍ പുഴയില്‍ 13 വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം സിനിമാക്കാരിലേക്കും. സംഭവത്തിന് പിന്നാലെ കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന പിതാവ് സനു മോഹന്‍ ഒളിവില്‍പോയ സാഹചര്യത്തിലാണ് മരിച്ച വൈഗ അവസാനമായി അഭിനയിച്ച ‘ബില്ലി’ സിനിമയുടെ അണിയണ പ്രവര്‍ത്തകരെയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നതെന്നാണ് സൂചന.
സനു മോഹനുമായി അടുപ്പമുള്ളവരെ പോലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും കാര്യമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പോലീസിന്റെ പുതിയ നീക്കം. നാലു സംവിധായകരുടെ അഞ്ചു സിനിമകള്‍ കോര്‍ത്തിണക്കി ഒരുങ്ങുന്ന ചിത്രഹാറിലെ ഒരെണ്ണമാണ് ബില്ലി. മൂന്ന് പെണ്‍കുട്ടികളുടെ കഥ പറയുന്ന ചിത്രത്തിലെ ഒരാള്‍ വൈഗയാണ്.
നിലവില്‍ ചെന്നൈയിലും കോയമ്പത്തൂരിലുമായി രണ്ട് സംഘങ്ങള്‍ സനുവിനായി തെരച്ചില്‍ നടത്തുന്നുണ്ട്. സംഭവം നടന്ന് മൂന്ന് ആഴ്ച പിന്നിടുമ്പോഴും കേസില്‍ കാര്യമായ പുരോഗതി ഉണ്ടാക്കാന്‍ കഴിയാത്തതു പോലീസിനെ കുഴക്കുന്നുണ്ട്. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട രേഖകളും ശാസ്ത്രീയ തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ടെന്നു കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു. സംഭവത്തിനു പിന്നിലെ വസ്തുതകള്‍ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയുടെ വിശദ വിവരങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായതിനാല്‍ ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സനുവിന്റെ സുഹൃത്തുക്കളില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കുന്ന പോലീസ് കേരളത്തിലും തെരച്ചില്‍ നടത്തുന്നതായാണ് സൂചന. ഇയാളുടെ കൂട്ടാളികളില്‍നിന്നും അടുത്ത സുഹൃത്തുക്കളില്‍നിന്നും ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്.
കഴിഞ്ഞ 21ന് ഭാര്യ രമ്യയെ ആലപ്പുഴയിലെ ബന്ധുവീട്ടിലാക്കി മകളോടൊപ്പം കാറില്‍ പുറപ്പെട്ടതാണ് സനു. ഇവരെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് വൈഗയുടെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തിയത്.