കൊച്ചി: ലൈഫ് മിഷൻ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) സംസ്ഥാനസർക്കാർ ഉദ്യോഗസ്ഥരിലേക്കെത്താൻ യൂണീടാക് ബിൽഡേഴ്‌സ് എം.ഡി. സന്തോഷ് ഈപ്പന്റെ ‘കമ്മിഷൻ കുറിപ്പ്’ ആയുധമാകും. സന്തോഷ് ഈപ്പൻ സ്വന്തംകൈപ്പടയിൽ തയ്യാറാക്കിയ ഈ കുറിപ്പിൽ ഏതൊക്കെ ഉദ്യോഗസ്ഥർക്ക് എത്രവീതം കൊടുക്കണമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
വടക്കാഞ്ചേരി ലൈഫ് മിഷൻ പാർപ്പിടസമുച്ചയത്തിന്റെ കരാർ ലഭിക്കാനാണ് ഈ തുക ഓരോരുത്തർക്കും നൽകുന്നതെന്ന് സന്തോഷ് ഈപ്പൻ ഇ.ഡി.ക്ക് മൊഴിയും നൽകിയിട്ടുണ്ട്.
ഈ കുറിപ്പിനെക്കുറിച്ച് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശമുണ്ടെങ്കിലും ആരുടെയൊക്കെ പേരുകളുണ്ടെന്ന് ഇ.ഡി. വെളിപ്പെടുത്തിയിട്ടില്ല. ഉദ്യോഗസ്ഥർ സന്തോഷ് ഈപ്പനിൽനിന്ന് പണം കൈപ്പറ്റിയെന്ന് തെളിഞ്ഞാൽ കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നെന്ന് ഇ.ഡി.ക്ക് ചൂണ്ടിക്കാട്ടാനാകും.
പ്രളയത്തിൽ വീടുനഷ്ടപ്പെട്ടവർക്ക് പാർപ്പിടസമുച്ചയം നിർമിക്കാൻ ലഭിച്ച 7.50 കോടി രൂപയിൽ വടക്കാഞ്ചേരിയിൽ ചെലവിട്ടത് മൂന്നുകോടിരൂപയിൽത്താഴെമാത്രം. ബാക്കിത്തുക മുഴുവൻ കമ്മിഷനായി ഒഴുകിയെന്നാണ് ഇ.ഡി. കോടതിയിൽ നൽകിയ റിപ്പോർട്ട്.
പാർപ്പിടപദ്ധതിക്കായി ഏതാണ്ട് 18.75 കോടി രൂപയാണ് റെഡ്ക്രസന്റ് ചെലവിടേണ്ടിയിരുന്നത്. ആദ്യഘട്ടത്തിലെ 7.50 കോടിയുടെ നിർമാണം പൂർത്തിയാകുമ്പോൾ ബാക്കിത്തുക ലഭിക്കുമായിരുന്നു. പദ്ധതി വിവാദത്തിലായതോടെ ആ തുകയുടെ കൈമാറ്റം നടന്നോ ഇല്ലയോ എന്നതിൽ വ്യക്തതവന്നിട്ടില്ല.
തിരുവനന്തപുരം യു.എ.ഇ. കോൺസുലേറ്റിന് നേരിട്ട് തുക കൈമാറിയിട്ടുണ്ടാവാനുള്ള സാധ്യതയും അന്വേഷണ ഏജൻസികൾ തള്ളിക്കളയുന്നില്ല.
യു.എ.ഇ. റെഡ്ക്രസന്റും ലൈഫ്മിഷനും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പിടുന്നത് 2019 ജൂലായ് 11-ന് ആണ്. റെഡ്ക്രസന്റിന് നേരിട്ട് കേരളത്തിൽ പണമിടപാടുകൾ നടത്താനാവില്ല എന്നതിനാൽ കോൺസുലേറ്റിനെയാണ് ചുമതലപ്പെടുത്തിയത്. കോൺസുലേറ്റ് യൂണീടാക് ബിൽഡേഴ്‌സിനെ നിർമാണത്തിനായി തിരഞ്ഞെടുത്തു. യു.എ.ഇ. കോൺസുലേറ്റും യൂണീടാക് ബിൽഡേഴ്‌സും തമ്മിൽ കരാറിൽ ഏർപ്പെട്ടത് 2019 ജൂലായ് 31-നാണ്. സെയിൻ വെഞ്ച്വേഴ്‌സ് കമ്പനിയുമായി ഹെൽത്ത് കെയർ സെന്റർ നിർമിക്കാൻ 5.25 കോടിരൂപയുടെ കരാറിലും ഒപ്പുവെച്ചു.
വടക്കാഞ്ചേരി പാർപ്പിടസമുച്ചയത്തിനായി 80,000 ചതുരശ്രയടി നിർമാണത്തിന് പരമാവധി 13-14 കോടി രൂപ ചെലവാകുമെന്നാണ് താൻ അന്ന് കണക്കുകൂട്ടിയിരുന്നതെന്നാണ് സന്തോഷ് ഈപ്പൻ നൽകിയ മൊഴി. ആകെ ലഭിക്കുന്ന 18 കോടി രൂപയിൽനിന്ന് കമ്മിഷൻ കൊടുത്താലും ലാഭംകിട്ടുമെന്ന കണക്കുകൂട്ടലിലായിരുന്നു സന്തോഷ് ഈപ്പൻ.