കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോൾ ദക്ഷിണമേഖല യോഗ്യതാ മത്സരത്തിൽ കേരളത്തിന് കൂറ്റൻ വിജയം. അന്തമാൻ നിക്കോബാറിനെ എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് തകർത്താണ് കേരളം വിജയമാഘോഷിച്ചത്.
കേരളത്തിനായി നിജോ ഗിൽബർട്ടും ജെസിനും ഇരട്ട ഗോളുകൾ നേടിയപ്പോൾ വിബിൻ തോമസ്, അർജുൻ ജയരാജ്, നൗഫൽ, സൽമാൻ, സഫ്നാദ് എന്നിവരും സ്കോർ ചെയ്തു. ഈ വിജയത്തോടെ കേരളം പോയന്റ് പട്ടികയിൽ ഒന്നാമതെത്തി. ദുർബലരായ അന്തമാന് കേരളത്തിന് മേൽ ഒരു ഘട്ടത്തിൽ പോലും സമ്മർദം ചെലുത്താനായില്ല
ആദ്യ പകുതിയിൽ തന്നെ കേരളം മൂന്ന് ഗോളിന്റെ ലീഡെടുത്തു. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിലാണ് കേരളം ഗോളടിച്ചത്. ആദ്യ 38 മിനിറ്റുവരെ ഗോൾ വഴങ്ങാതെ പിടിച്ചുനിൽക്കാൻ താരതമ്യേന ദുർബലരായ അന്തമാന് സാധിച്ചു. എന്നാൽ 39-ാം മിനിറ്റിൽ കേരളം സമനിലപ്പൂട്ട് പൊളിച്ചു. നിജോ ഗിൽബർട്ടിലൂടെ കേരളം ആദ്യ ഗോളടിച്ചു. പോസ്റ്റിലിടിച്ച് വന്ന പന്ത് അനായാസം നിജോ വലയിലെത്തിച്ചു.
പിന്നാലെ ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ജെസിൻ കേരളത്തിന്റെ ലീഡുയർത്തി. ബോക്സിനുള്ളിലേക്ക് ലഭിച്ച പാസ് പിടിച്ചെടുത്ത ജെസിൻ ഗോൾകീപ്പർ സൻസാനിയ്ക്ക് ഒരവസരവും നൽകാതെ പന്ത് വലയിലെത്തിച്ചു. പിന്നാലെ തൊട്ടടുത്ത മിനിട്ടിൽ ജെസിൻ വീണ്ടും ഗോളടിച്ചു. അർജുൻ ജയരാജിന്റെ മനോഹരമായ പാസിലൂടെയാണ് ജെസിൻ കേരളത്തിന്റെ മൂന്നാം ഗോൾ സ്വന്തമാക്കിയത്. ഇതോടെ ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയിൽ ആക്രമിച്ച് തന്നെയാണ് കേരളം കളിച്ചത്. അതിന്റെ ഫലമായി 65-ാം മിനിറ്റിൽ കേരളം ലീഡ് നാലാക്കി ഉയർത്തി. ഇത്തവണ വിബിൻ തോമസാണ് കേരളത്തിനായി വല കുലുക്കിയത്. ബോക്സിലേക്ക് വന്ന കോർണർ കിക്ക് മികച്ച ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് വിബിൻ കേരളത്തിന്റെ നാലാം ഗോൾ സ്വന്തമാക്കി. 70-ാം മിനിറ്റിൽ അർജുൻ ജയരാജിന്റെ വെടിയുണ്ട കണക്കെയുള്ള തകർപ്പൻ ലോങ് റേഞ്ചർ അന്തമാൻ ഗോൾവല തുളച്ചു. ഇതോടെ കേരളം 5-0 എന്ന സ്കോറിന് ലീഡെടുത്തു. ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണിത്.
80-ാം മിനിറ്റിൽ കേരളം വീണ്ടും ലീഡുയർത്തി. പകരക്കാരനായി വന്ന നൗഫലാണ് കേരളത്തിന്റെ ആറാം ഗോൾ നേടിയത്. 81-ാം മിനിട്ടിൽ നിജോ ഗിൽബർട്ട് വീണ്ടും ഗോളടിച്ചു. വിബിന്റെ പാസിൽ നിന്നാണ് താരം ഗോളടിച്ചത്. ഇതോടെ കേരളം 7-0 ന് മുന്നിലെത്തി. 85-ാം മിനിറ്റിൽ പകരക്കാരനായി വന്ന സൽമാനും ലക്ഷ്യം കണ്ടു. ഗോൾകീപ്പർ തട്ടിയകറ്റിയ പന്ത് സ്വീകരിച്ച സൽമാൻ അനായാസം സ്കോർ ചെയ്തു.
മത്സരമവസാനിക്കാൻ മിനിട്ടുകൾ മാത്രം ബാക്കിനിൽക്കേ ഇൻജുറി ടൈമിൽ സഫ്നാദ് കേരളത്തിന്റെ ഒൻപതാം ഗോളടിച്ചു. സഫ്നാദിന്റെ ലോങ്റേഞ്ചർ പോസ്റ്റിന്റെ വലതുമൂലയിലേക്ക് കുതിച്ചു.ആദ്യ മത്സരത്തിൽ കേരളം എതിരില്ലാത്ത അഞ്ചുഗോളുകൾക്ക് ലക്ഷദ്വീപിനെ തകർത്തിരുന്നു. അടുത്ത മത്സരത്തിൽ പോണ്ടിച്ചേരിയാണ് കേരളത്തിന്റെ എതിരാളി.