കൊച്ചി:കൊവിഡിന് ശേഷം കര പറ്റാൻ മലയാള സിനിമ വല്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥയുണ്ട്. പോരാത്തതിന് താരങ്ങൾ പ്രതിഫലം കൂട്ടി ചോദിക്കുന്നതും ലഹരി ഉപയോഗം മലയാള സിനിമയിൽ കൂടി വരുന്നുവെന്നുള്ളതും പ്രതിസന്ധിയാകുന്നുണ്ട്.
ഒരു ഹിറ്റ് പടം ചെയ്തിട്ട് പിന്നീട് കുത്തനെ പ്രതിഫലം ഉയർത്തുന്ന നിരവധി യുവതാരങ്ങളുണ്ടെന്നും മാർക്കറ്റ് വാല്യു കുറഞ്ഞാലും അത്തരക്കാർ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകുന്നില്ലെന്നും മലയാള സിനിമയിലെ നിർമാതാക്കൾ തുറന്ന് അടിച്ചിരുന്നു. യുവതാരങ്ങൾ പറഞ്ഞ് ഉറപ്പിച്ച കരാറുകൾ തെറ്റിച്ച് പെരുമാറുന്നതും പല സിനിമകളുടേയും ചിത്രീകരണത്തേയും ബാധിച്ചിട്ടുണ്ട്.
ഇപ്പോഴിതാ സിനിമാ രംഗത്തെ വാർത്തകളും ആരും അറിയാത്ത കഥകളും പ്രേക്ഷകരിലേക്ക് സ്വന്തം യുട്യൂബ് ചാനലിലൂടെ എത്തിക്കാറുള്ള സംവിധായകൻ ശാന്തിവിള ദിനേശ് അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. സിനിമാക്കാരുടെ കഥകൾ സോഷ്യൽമീഡിയ വഴി പരസ്യപ്പെടുത്തി എപ്പോഴും വിവാദത്തിൽ ചാടുന്ന സംവിധായകൻ കൂടിയാണ് ശാന്തിവിള ദിനേശ്.
രണ്ടോ മൂന്നോ സിനിമകൾ മാത്രം ചെയ്തിട്ടുള്ള യുവതാരങ്ങളുടെ പ്രതിഫലവും കാരവൻ അടക്കം വേണമെന്നുള്ള അവരുടെ ഡിമാന്റുകളും കേട്ടാൽ അതിശയിച്ച് പോകുമെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.
യുവതാരങ്ങളോട് കഥ പറയാൻ ചെല്ലുമ്പോൾ അവർ മുന്നോട്ട് വെക്കുന്ന ഡിമാന്റുകൾ കാരണം പല സംവിധായകരും സിനിമ എടുക്കണമെന്ന ആഗ്രഹം പോലും ഉപേക്ഷിക്കുകയാണെന്നും ശാന്തിവിള ദിനേശ് പറയുന്നു. ഷെയ്ൻ നിഗത്തെ കുറിച്ചും അദ്ദേഹത്തിന്റെ പിതാവ് അബിയെ കുറിച്ചും നടൻ സുരേഷ് ഗോപിയെ കുറിച്ചുമെല്ലാം വീഡിയോയിൽ ശാന്തിവിള ദിനേശ് സംസാരിച്ചു.
‘മരിക്കുന്നത് വരെ സുകുമാരി ചേച്ചിക്ക് പിഎ ഇല്ലായിരുന്നു. ചേച്ചിക്ക് മേക്കപ്പ് അസിസ്റ്റന്റ്സും ഇല്ലായിരുന്നു. കവിയൂർ പൊന്നമ്മയ്ക്ക് വരെ സഹായത്തിന് ഒരു അമ്മയുണ്ട്. സുകുമാരി ചേച്ചിക്ക് അതും ഇല്ലായിരുന്നു. പക്ഷെ ഒരു ലൊക്കേഷനിലും ഡേറ്റ് തെറ്റിച്ച് എത്തിയിട്ടില്ല. സമയം തെറ്റിച്ചിട്ടില്ല എല്ലായിടത്തും കൃത്യമായി എത്തുമായിരുന്നു. അതിന് കാരണം അവർക്ക് മീഡിയയോടുള്ള കമ്മിറ്റ്മെന്റാണ്.’
‘ഷെയ്ൻ നിഗം കൊച്ചു പയ്യനാണ്. അബിക്ക് ഉണ്ടാക്കാൻ പറ്റാത്ത മൈലേജ് അവൻ ഉണ്ടാക്കി. ഷെയ്ന്റെ കൂടെ നടക്കുന്നവർ അവനെ നശിപ്പിച്ച് നാറാണക്കല്ല് എടുപ്പിക്കുന്നതാണ് പ്രശ്നം. അബി രക്ഷപ്പെടാതിരുന്നതിന് കാരണമുണ്ട്. നയം വ്യക്തമാക്കുന്നുവെന്ന മമ്മൂട്ടി ചിത്രത്തിൽ അബിയും ഒരു സുപ്രധാന വേഷം ചെയ്തിരുന്നു.’
‘ഷോട്ടൊക്കെ റെഡിയായി ആക്ഷൻ പറയാൻ തുടങ്ങുമ്പോൾ അബി പെട്ടന്ന് ബാത്ത് റൂമിൽ പോകണമെന്ന് പറയും. എന്നിട്ട് ബാത്ത് റൂമിൽ പോയി വെറുതെ നിൽക്കും. മമ്മൂട്ടി കുറച്ച് നേരം കാത്ത് നിൽക്കട്ടെയെന്ന മനോഭാവം കൊണ്ടാണ് അബി അങ്ങനെ ചെയ്തത്. ഇങ്ങനൊക്കെ പെരുമാറിയാൽ എങ്ങനെ രക്ഷപ്പെടും’, ശാന്തിവിള ദിനേശ് പറയുന്നു.
സുരേഷ് ഗോപി പ്രതിഫലത്തിനായി തർക്കിച്ച ചില സംഭവങ്ങളും ശാന്തിവിള ദിനേശ് വെളിപ്പെടുത്തി. ‘സാറ്റ്ലൈറ്റ് വാല്യുവില്ല… ഒടിടിക്ക് വേണ്ട… പക്ഷെ സുരേഷ് ഗോപിയുടെ പ്രതിഫലം കോടികളാണ്. അത്രയും തരാൻ കഴിയില്ലെന്ന് പറയുമ്പോൾ ഇരട്ടി കോടി കൊടുത്താൻ നല്ല ബിസിനസ് നടത്താവുന്ന നടന്റെ പേര് പറഞ്ഞ് തെറി വിളിച്ചാണ് അവന് നിങ്ങൾക്ക് കോടി കൊടുക്കാൻ മടിയില്ല അല്ലേയെന്ന് ചോദിക്കുന്നത്.’
‘അയാളുടെ മതം കൂടി ചേർത്ത് പറഞ്ഞാണ് ചീത്ത വിളിക്കുന്നത്’, ശാന്തിവിള ദിനേശ് വ്യക്തമാക്കി. സിനിമയ്ക്കായി ബജറ്റിടുമ്പോൾ ആ പണം സിനിമ നല്ലതാക്കാൻ ചിലവഴിക്കാൻ പറ്റുന്നില്ലെന്നും ഭൂരിഭാഗം തുകയും അഭിനേതാക്കളെ തൃപ്തിപ്പെടുത്താൻ ചിലവഴിക്കേണ്ട അവസ്ഥയാണെന്നും നിർമാതാക്കളിൽ ചിലർ പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്.