പാർലമെന്റേറിയൻ അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച പാർലമെന്റേറിയനുള്ള സൻസദ് രത്ന അവാർഡ് ഡോ. ജോൺ ബ്രിട്ടാസ് എംപിക്ക്

ന്യൂഡൽഹി: മികച്ച പാർലമെന്റേറിയനുള്ള സൻസദ് രത്ന അവാർഡ് ഡോ. ജോൺ ബ്രിട്ടാസ് എംപിക്ക്.പാർലമെന്ററി സഹമന്ത്രി അർജുൻ റാം മേഘ് വാൾ അധ്യക്ഷനായ ജൂറിയാണ് അവാർഡ് പ്രഖ്യാപിച്ചത്.മുൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ടി എസ് കൃഷ്ണമൂർത്തി സഹാധ്യക്ഷനായിരുന്നു.രാജ്യസഭയിലെ ചോദ്യങ്ങൾ, സ്വകാര്യ ബില്ലുകൾ, ചർച്ചകളിലെ പങ്കാളിത്തം, ഇടപെടൽ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പടെ സഭാ നടപടികളിലെ പ്രാഗൽഭ്യം മുൻനിർത്തിയാണ് പുരസ്‌കാരമെന്ന് ജൂറി അറിയിച്ചു.

രാജ്യസഭയിൽ മൂന്ന് പേരെ തെരഞ്ഞെടുത്തപ്പോൾ ജോൺ ബ്രിട്ടാസ് ആദ്യ പേരുകാരനായി. എംപിയായി ആദ്യവർഷത്തെ പ്രവർത്തനം കൊണ്ടുതന്നെ സൻസദ് രത്‌ന അവാർഡിന്റെ പട്ടികയിൽ ഇടം പിടിക്കുക എന്ന പുതുമയും ബ്രിട്ടാസിനെ തേടിയെത്തി. ഡോ. ജോൺ ബ്രിട്ടാസിനെ കൂടാതെ രാജ്യസഭയിൽനിന്ന് ഡോ. മനോജ് കുമാർ ഝാ, ഫൗസിയ തഹ്‌സീൻ അഹമ്മദ് ഖാൻ എന്നിവരും അവാർഡിന് അർഹരായി.

ബിദ്യുത് ബരൺ മഹതോ, ഡോ. സുകാന്ത മജുംദാർ, കുൽദീപ് റായ് ശർമ്മ, ഡോ. ഹീണ വിജയകുമാർ ഗാവിത, അധിർ രഞ്ജൻ ചൗധരി, ഗോപാൽ ചിനയ്യ ഷെട്ടി, സുദീർ ഗുപ്ത, ഡോ. അമോൽ റാം സിങ് കോളി എന്നിവരാണ് ലോക് സഭാംഗങ്ങളായ അവാർഡ് ജേതാക്കൾ.ഡോ. എപിജെ അബ്ദുൾ കലാം ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് മുൻ എംപി ടി കെ രംഗരാജൻ അർഹനായി.

ലോക്സഭയുടെ ധനകാര്യ കമ്മിറ്റി, രാജ്യസഭയുടെ ട്രാൻസ്പോർട്ട് ടൂറിസം കൾച്ചറൽ കമ്മിറ്റി എന്നിവയും അവാർഡിന് അർഹമായി.മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൾ കലാമിന്റെ ആഭിമുഖ്യത്തിൽ തുടങ്ങിയ പാർലമെന്ററിയൻ അവാർഡിന്റെ നിർവഹണ ചുമതല പ്രൈം പോയിന്റ് ഫൗണ്ടേഷനാണ്.മാർച്ച് 25 ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News