മൊഹാലി: തകർപ്പൻ സ്റ്റംപിങ്ങിലൂടെ പല താരങ്ങളെയും പുറത്താക്കാറുള്ള സഞ്ജു സാംസണിനെ നമുക്കറിയാം. വിക്കറ്റിനു പിന്നിൽ അതീവ ജാഗ്രതയോടെ നിന്ന് ആരാധകരുടെ കയ്യടി നേടിയ ഒരുപിടി സ്റ്റംപിങ്ങുകളിലൂടെ സഞ്ജു ശ്രദ്ധ കവർന്നിട്ടുമുണ്ട്. ഇപ്പോൾ നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും സഞ്ജുവുമായി ബന്ധപ്പെട്ട ഒരു സ്റ്റംപിങ്ങാണ് ശ്രദ്ധ നേടുന്നത്. ഇത്തവണ പക്ഷേ ഒരു വ്യത്യാസമുണ്ട്. സ്റ്റംപിങ്ങ് നടത്തിയല്ല സഞ്ജു വാർത്തകളിൽ ഇടംപിടിച്ചത്; മറിച്ച് സ്റ്റംപിങ്ങിന് ഇരയായതിലൂടെയാണ്!
കഴിഞ്ഞ ദിവസം മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിലാണ് സഞ്ജു സാംസൺ സ്റ്റംപിങ്ങിലൂടെ പുറത്തായത്. മഹാരാഷ്ട്ര ക്യാപ്റ്റനും ഇന്ത്യൻ ടീമിൽ സഞ്ജുവിന്റെ സഹതാരവുമായ ഋതുരാജ് ഗെയ്ക്‌വാദാണ് മിന്നൽ സ്റ്റംപിങ്ങിലൂടെ സഞ്ജുവിനെ പുറത്താക്കിയത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത മഹാരാഷ്ട്രയ്‌ക്കായി ഓപ്പണറുടെ വേഷത്തിലെത്തി സെഞ്ചറി നേടിയതിനു പിന്നാലെയാണ് കേരള നിരയിലെ ഏറ്റവും അപകടകാരിയായ സഞ്ജുവിനെ ഋതുരാജ് പുറത്താക്കിയത്.
കേരള ഇന്നിങ്സിലെ 14–ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു സഞ്ജുവിന്റെ പുറത്താകൽ. മഹാരാഷ്ട്ര താരം സത്യജീത് ബച്ചവിന്റെ പന്തിൽ ക്രീസ് വിട്ടിറങ്ങി ആക്രമിക്കാനുള്ള ശ്രമത്തിലാണ് സഞ്ജുവിനു പിഴച്ചത്. പന്ത് പിടിച്ചെടുത്ത ഋതുരാജ് ഗെയ്‌ക്‌വാദ് അനായാസം സ്റ്റംപ് പിഴുതു.
ഏഴു പന്തിൽ മൂന്നു റൺസ് മാത്രമെടുത്ത സഞ്ജു ഉൾപ്പെടെയുള്ള താരങ്ങൾ തിളങ്ങാതെ പോയതോടെ ടൂർണമെന്റിൽ കേരളം തുടർച്ചയായ രണ്ടാം തോൽവിയും വഴങ്ങി. 40 റണ്‍സിനായിരുന്നു മഹാരാഷ്ട്രയുടെ വിജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മഹാരാഷ്ട്ര നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 167 റൺസ്. മറുപടി ബാറ്റിങ്ങിൽ കേരളത്തിന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുക്കാനേ സാധിച്ചുള്ളൂ. അർധ സെഞ്ചറി നേടിയ ഓപ്പണര്‍ രോഹൻ എസ്. കുന്നുമ്മൽ മാത്രമാണു കേരളത്തിനായി തിളങ്ങിയത്.
ആദ്യം ബാറ്റു ചെയ്ത മഹാരാഷ്ട്രയ്ക്കായി ക്യാപ്റ്റൻ ഋതുരാജ് ഗെയ്‍ക്‌വാദ് സെഞ്ചറി നേടി. 68 പന്തുകൾ നേരിട്ട താരം 114 റൺസെടുത്തു പുറത്തായി. ഏഴു സിക്സും എട്ട് ഫോറുകളുമാണു ഗെയ്‍ക്‌വാദ് അടിച്ചുപറത്തിയത്. ഓപ്പണർ പവൻ ഷായും തിളങ്ങി. 29 പന്തുകൾ നേരിട്ട പവൻ 31 റൺസെടുത്തു. കേരളത്തിനായി സിജോമോൻ ജോസഫ് മൂന്നു വിക്കറ്റും കെ.എം. ആസിഫ് ഒരു വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ ആറ് മുൻനിര താരങ്ങൾ രണ്ടക്കം കടക്കാനാകാതെ പുറത്തായതാണു കേരളത്തിനു തിരിച്ചടിയായത്. വിഷ്ണു വിനോദ് (എട്ടു പന്തിൽ പത്ത്), ഷോൺ റോജർ (12 പന്തിൽ മൂന്ന്), മുഹമ്മദ് അസ്ഹറുദ്ദീൻ (ഏഴു പന്തിൽ അഞ്ച്), സച്ചിൻ ബേബി (നാലു പന്തിൽ നാല്), സഞ്ജു സാംസൺ (ഏഴു പന്തിൽ മൂന്ന്), അബ്ദുൽ ബാസിത്ത് (ഏഴു പന്തിൽ അഞ്ച്), മനു കൃഷ്ണൻ (മൂന്ന് പന്തിൽ രണ്ട്) എന്നിങ്ങനെയാണു കേരള താരങ്ങളുടെ പ്രകടനം. സിജോമോൻ ജോസഫ് 20 പന്തിൽ 18 റൺസെടുത്തു പുറത്താകാതെ നിന്നു.