CricketKeralaNewsSports

സഞ്ജുവിൻ്റെ തകർപ്പൻ സേവ്, ഇന്ത്യ കരകയറിയത് വലിയ നാണക്കേടിൽ നിന്ന്

പോർട്ട് ഓഫ് സ്പെയിൻ: വിജയ സാധ്യതകൾ മാറിമറിഞ്ഞ ഒന്നാം ഏകദിനത്തിൽ‌, വെസ്റ്റിൻഡീസിനും വിജയത്തിനുമിടയിൽ ഇന്ത്യയുടെ കാവലാളായത് മലയാളി താരം സഞ്ജു സാംസൺ. പോർട്ട് ഓഫ് സ്പെയിനിൽ നടന്ന ഒന്നാം ഏകദിനത്തിൽ വിൻഡീസ് വിജയത്തിന്റെ വക്കിൽ നിൽക്കെ, മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറിൽ തകർപ്പൻ സേവുമായാണ് സഞ്ജു ഇന്ത്യയുടെ രക്ഷകനായത്. വിൻഡീസ് ടീമിന്റെ ചരിത്രത്തിൽ ഏകദിനത്തിൽ പിന്തുടർന്നു നേടുന്ന ഏറ്റവും മികച്ച വിജയമെന്ന റെക്കോർഡാണ് വിക്കറ്റിനു പിന്നിൽ മലയാളി താരം സഞ്ജു സാംസണിന്റെ അസാമാന്യ പ്രകടനത്തിൽ നിക്കൊളാസ് പുരാനും സംഘത്തിനും നഷ്ടമായത്.

മുഹമ്മദ് സിറാജ് എറിഞ്ഞ ബൗണ്ടറിയെന്ന് ഉറപ്പിച്ച വൈഡ് അവസാന ഓവറിൽ സഞ്ജു മുഴുനീള ഡൈവിലൂടെ തടുത്തിട്ടതോടെയാണ് ഇന്ത്യ മൂന്നു റൺസിന്റെ നേരിയ വിജയവുമായി പരമ്പരയിൽ മുന്നിലെത്തിയത്.

അവസാന 10 ഓവറിൽ ജയിക്കാൻ 90 റണ്‍സ് വേണ്ടിയിരുന്ന വിൻഡീസിന് വിജയപ്രതീക്ഷ നൽകിയത് റൊമാരിയോ ഷെപ്പേർഡ് (39 നോട്ടൗട്ട്), അകീൽ ഹുസൈൻ (33 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിങ്ങാണ്. ഇന്ത്യയ്ക്കായി അവസാന ഓവർ എറിയാനെത്തിയ മുഹമ്മദ് സിറാജാണ്. ഈ സമയത്ത് ആറു വിക്കറ്റ് നഷ്ടത്തിൽ 294 റൺസെന്ന നിലയിലായിരുന്നു വിൻഡീസ്. തകർത്തടിച്ചു മുന്നേറിയ ഷെപ്പേർഡ് 21 പന്തിൽ 31 റൺസോടെയും അകീൽ ഹുസൈൻ 20 പന്തിൽ 32 റൺസോടെയും ക്രീസിൽ. വിൻഡീസിനു വിജയത്തിലേക്കു വേണ്ടിയിരുന്നത് 14 റൺസും.

സിറാജ് മികച്ച നിയന്ത്രണത്തോടെ പന്തെറിഞ്ഞതോടെ ആദ്യ രണ്ടു പന്തുകൾ നേരിട്ട അകീൽ ഹുസൈന് നേടാനായത് ലെഗ്ബൈയിലൂടെ ലഭിച്ച ഒരു റൺ മാത്രം. സ്ട്രൈക്ക് കിട്ടി ഷെപ്പേർഡ് മൂന്നാം പന്ത് ബൗണ്ടറി കടത്തി. ഇതോടെ വിജയത്തിലേക്കു വേണ്ടത് അവസാന മൂന്നു പന്തിൽ 10 റൺസ്.

നാലാം പന്തിൽ ഷെപ്പേർഡിന്റെ വക രണ്ടു റൺസ്. അവസാന രണ്ടു പന്തിൽ വിജയത്തിലേക്ക് വേണ്ടത് 8 റൺസ്. ഇതിനു പിന്നാലെയായിരുന്നു സഞ്ജുവിന്റെ നിർണായകമായ സേവ്. സിറാജിനു ചെറുതായി നിയന്ത്രണം നഷ്ടമായതോടെ അഞ്ചാം പന്ത് വൈഡായി. ബൗണ്ടറിയിലേക്കെന്നു തോന്നിച്ചെങ്കിലും ഇടതുവശത്തേക്ക് മുഴുനീളെ ഡൈവ് ചെയ്ത സഞ്ജുവിന് പന്ത് തടയാനായത് നിർണായകമായി. ഇല്ലെങ്കിൽ ബൗണ്ടറി ഉറപ്പിക്കാമായിരുന്ന പന്തിൽ വിൻഡീസിന് ലഭിച്ചത് ഒരു റൺ മാത്രം. ഫലം, വിജയലക്ഷ്യം രണ്ടു പന്തിൽ ഏഴു റൺസായി ചുരുങ്ങി.

https://twitter.com/VishnudathK/status/1550696681741504512?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1550696681741504512%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fsports%2Fcricket%2F2022%2F07%2F23%2Fsanju-samson-s-terrific-diving-effort-after-mohammed-siraj-error-helps-india-survive-thriller-vs-west-indies.html

വൈഡിനു പകരമെറിഞ്ഞ പന്തിൽ വീണ്ടും ഷേപ്പേർഡ് വക ഡബിൾ. ഇതോടെ അവസാന പന്തിൽ വിജയത്തിലേക്ക് അഞ്ച് റൺസ്. ഫോറടിച്ചാലും മത്സരം സൂപ്പർ ഓവറിലേക്ക്. സിറാജിന്റെ തകർപ്പൻ പന്തിൽ ഷെപ്പേർഡിന് തൊടാനായില്ലെങ്കിലും ബൈ ആയി ലഭിച്ച ഒരു റണ്ണോടെ വിൻഡീസിന്റെ മറുപടി 305 റൺസിൽ ഒതുങ്ങി. ഇന്ത്യൻ വിജയം മൂന്നു റൺസിന്.

18 പന്തിൽ 12 റൺസെടുത്ത പുറത്തായ സഞ്ജു ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയെങ്കിലും, താരത്തിന്റെ നിർണായക സേവാണ് ഇന്ത്യയെ വിജയത്തിലേക്കു നയിച്ചതെന്ന കാര്യത്തിൽ മുൻ താരങ്ങൾക്കും ആരാധകർക്കും യാതൊരു സംശയവുമുണ്ടായിരുന്നില്ല. ആകാശ് ചോപ്ര ഉൾപ്പെടെയുള്ള മുൻ താരങ്ങളും ആരാധകരും ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ‘അവസാനം സഞ്ജു സാംസണിന്റെ ആ സേവായിരുന്നു ടീമുകൾ തമ്മിലുള്ള പ്രധാന വ്യത്യാസം. 100 ശതമാനവും ബൗണ്ടറി കടക്കേണ്ട പന്ത്. അതു സംഭവിച്ചിരുന്നെങ്കിൽ മത്സരം വിൻഡീസ് സ്വന്തമാക്കുമായിരുന്നു.’’ – ആകാശ് ചോപ്ര കുറിച്ചു. ‘നിങ്ങൾക്ക് സഞ്ജുവിനെ സ്നേഹിക്കുകയോ വെറുക്കുകയോ ചെയ്യാം. പക്ഷേ അവഗണിക്കാനാകില്ല. തോറ്റ മത്സരത്തിൽ ഇന്ത്യയെ ജയിപ്പിച്ചത് സഞ്ജുവിന്റെ സേവാണ്’ – ഒരു ആരാധിക ട്വിറ്ററിൽ കുറിച്ചു.

https://twitter.com/CricCrazyRoshmi/status/1550611648641019904?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1550611648641019904%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fsports%2Fcricket%2F2022%2F07%2F23%2Fsanju-samson-s-terrific-diving-effort-after-mohammed-siraj-error-helps-india-survive-thriller-vs-west-indies.html

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker