ടോപ് സ്‌കോററായി സഞ്ജു, സിംബാബ്‌വെയ്‌ക്കെതിരേ ഇന്ത്യയ്ക്ക് പരമ്പര

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം. അഞ്ചുവിക്കറ്റിനാണ് ഇന്ത്യ ആതിഥേയരായ സിംബാബ്‌വെയെ കീഴടക്കിയത്. സിംബാബ്‌വെ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 25.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. 43 റണ്‍സെടുത്ത് പുറത്താവാതെ നിന്ന മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ ഇന്ത്യ പത്തുവിക്കറ്റിന് സിംബാബ്‌വെയെ തകര്‍ത്തിരുന്നു.

സിംബാബ്‌വെ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. ശുഭ്മാന്‍ ഗില്ലിന് പകരം നായകന്‍ കെ.എല്‍.രാഹുലാണ് ശിഖര്‍ ധവാനൊപ്പം ഓപ്പണ്‍ ചെയ്തത്. എന്നാല്‍ രാഹുലിന് താളം കണ്ടെത്താനായില്ല. വെറും ഒരു റണ്‍ മാത്രം നേടിയ രാഹുലിനെ വിക്ടര്‍ ന്യായുച്ചി വിക്കറ്റിന് മുന്നില്‍ കുടുക്കി. രാഹുലിന് പകരം ഗില്‍ ക്രീസിലെത്തി. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റിന്റെ വിജയം സമ്മാനിച്ച ഗില്ലും ധവാനും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി.

ധവാനായിരുന്നു കൂടുതല്‍ അപകടകാരി. ട്വന്റി 20 ശൈലിയിലാണ് താരം ബാറ്റേന്തിയത്. എന്നാല്‍ ടീം സ്‌കോര്‍ 47-ല്‍ നില്‍ക്കേ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ധവാന്‍ പുറത്തായി. ഷിവാന്‍ഗയുടെ പന്തില്‍ സിക്‌സ് നേടാനുള്ള ധവാന്റെ ശ്രമം ഇന്നസെന്റിന്റെ കൈയ്യിലൊതുങ്ങി. 21 പന്തുകളില്‍ നിന്ന് നാല് ബൗണ്ടറികളുടെ സഹായത്തോടെ 33 റണ്‍സെടുത്ത് ധവാന്‍ മടങ്ങി.

ധവാന് പകരം വന്ന ഇഷാന്‍ കിഷന്‍ നിരാശപ്പെടുത്തി. 13 പന്തുകള്‍ നേരിട്ട കിഷന്‍ വെറും ആറുറണ്‍സ് മാത്രമെടുത്ത് മടങ്ങി. ലൂക്ക് യോങ്വെയുടെ പന്ത് കിഷന്റെ ബാറ്റില്‍ തട്ടി വിക്കറ്റ് പിഴുതു. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് ഗില്‍ നന്നായി ബാറ്റുവീശി. എന്നാല്‍ 14-ാം ഓവറില്‍ അനാവശ്യ ഷോട്ട് കളിച്ച് ഗില്ലും പുറത്തായി. 34 പന്തുകളില്‍ നിന്ന് ആറുബൗണ്ടറികള്‍ സഹിതം 33 റണ്‍സെടുത്ത ഗില്ലിനെ യോങ്വെ പുറത്താക്കി. ഇതോടെ ഇന്ത്യ 97 ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.

അഞ്ചാം വിക്കറ്റില്‍ സഞ്ജു സാംസണും ദീപക് ഹൂഡയും ക്രീസിലൊന്നിച്ചു. സഞ്ജുവും ഹൂഡയും അനായാസം ബാറ്റുവീശിയതോടെ ഇന്ത്യ വിജയത്തിലേക്ക് കുതിച്ചു. സഞ്ജുവായിരുന്നു കൂടുതല്‍ ആക്രമണകാരി. ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. വിജയത്തിന് തൊട്ടരികില്‍ വെച്ച് ഹൂഡ പുറത്തായി. 36 പന്തുകളില്‍ നിന്ന് 25 റണ്‍സെടുത്ത ഹൂഡയെ സിക്കന്ദര്‍ റാസ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ വന്ന അക്ഷര്‍ പട്ടേലിനെ (6*) കൂട്ടുപിടിച്ച് സഞ്ജു ഇന്ത്യയെ വിജയത്തിലെത്തിച്ചു. സിക്‌സടിച്ചുകൊണ്ടാണ് സഞ്ജു ഇന്ത്യയെ വിജയത്തിലെത്തിച്ചത്. സഞ്ജു 39 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും നാല് സിക്‌സിന്റെയും അകമ്പടിയോടെ 43 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

സിംബാബ്‌വെയ്ക്ക് വേണ്ടി ലൂക്ക് യോങ്വെ രണ്ടുവിക്കറ്റെടുത്തപ്പോള്‍ ടനക ഷിവാന്‍ഗ, വിക്ടര്‍ ന്യായുച്ചി, സിക്കന്ദര്‍ റാസ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News