CricketNewsSports

സഞ്ജു മികച്ച താരം, കൂടുതല്‍ അവസരങ്ങള്‍ കൊടുക്കൂ, തകര്‍ത്ത് കളിക്കും’; ആവശ്യപ്പെട്ട് പാക് മുന്‍താരം

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഐപിഎല്ലിലെ മികച്ച ബാറ്റര്‍മാരില്‍ ഒരാളെന്ന് പേരെടുത്തിട്ടും രാജ്യാന്തര കരിയറില്‍ ഏറെ ചലനമുണ്ടാക്കാന്‍ ഇതുവരെ സഞ്ജു സാംസണനായിരുന്നില്ല(Sanju Samson). തുടര്‍ച്ചയായി ഇന്ത്യന്‍ ടീം അവസരം നല്‍കാത്തതാണ് താരത്തിന് തിരിച്ചടിയാവുന്നത് എന്ന വിമര്‍ശനം ശക്തമാണ്. എന്നാല്‍ അവസരങ്ങള്‍ മുതലാക്കി രാജ്യാന്തര ടി20യിലെയും ഏകദിനത്തിലേയും തന്‍റെ കന്നി അര്‍ധ സെഞ്ചുറികളുമായി സഞ്ജു പ്രതിഭ തെളിയിച്ചിരിക്കുന്നു. അവസരങ്ങളുടെ അഭാവം തന്നെയാണ് സഞ്ജു ഇതുവരെ നേരിട്ട പ്രശ്‌നം എന്ന് തെളിയിക്കുന്നതാണ് പാക് മുന്‍ സ്‌പിന്നര്‍ ഡാനിഷ് കനേറിയയുടെ(Danish Kaneria) വാക്കുകള്‍. 

‘സഞ്ജു ഗംഭീര താരമാണ്. അക്കാര്യത്തില്‍ സംശയമില്ല. എന്നാല്‍ താരം ടീമിനുള്ളിലും പുറത്തുമായിക്കൊണ്ടിരിക്കുന്നു. തുടര്‍ച്ചയായി അവസരങ്ങള്‍ കിട്ടിയാല്‍ അദ്ദേഹത്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന് എനിക്കുറപ്പാണ്. അഴകുള്ള ബാറ്റിംഗാണ് താരത്തിന്‍റേത്. ദൈര്‍ഘ്യമുള്ള ഇന്നിംഗ്‌സുകള്‍ കളിക്കാനുള്ള പ്രതിഭ സഞ്ജുവിനുണ്ട്. തന്‍റെ ഇന്നിംഗ്‌സിൽ എത്രമാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുവെന്ന് സഞ്ജുവിന്‍റെ പ്രകടനത്തില്‍ വ്യക്തമാണ്. സഞ്ജു കന്നി ഏകദിന അര്‍ധ സെഞ്ചുറി കണ്ടെത്തി. നന്നായി കളിക്കുമ്പോള്‍ റണ്ണൗട്ടായത് ദൗര്‍ഭാഗ്യകരമായിപ്പോയി. റണ്ണിനായി ഓടാന്‍ ദീപക് ഹൂഡയാണ് വിളിച്ചത്. സഞ്ജു അതിനോട് പ്രതികരിച്ചു. ബുദ്ധിപൂര്‍വവും വിവേകപൂർവ്വവുമുള്ള ഇന്നിംഗ്‌സാണ് അതുവരെ സഞ്ജു കാഴ്‌ചവെച്ചത്’ എന്നും ഡാനിഷ് കനേറിയ തന്‍റെ യൂട്യൂബ് ചാനലില്‍ കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 39-ാം ഓവറില്‍ റൊമാരിയോ ഷെഫേഡിന്‍റെ പന്തില്‍ ഷോര്‍ട്ട് ഫൈന്‍ ലെഗിലേക്ക് കളിക്കുകയായിരുന്നു സഞ്ജു സാംസണ്‍. റണ്ണിനായി ദീപക് ഹൂഡ കോള്‍ ചെയ്‌തപ്പോള്‍ സഞ്ജു ഓടി. എന്നാല്‍ ത്രോ ഷെഫേര്‍ഡിന് പൂര്‍ണമായും പിടികൂടാനായില്ലെങ്കിലും ബെയ്‌ല്‍ തെറിച്ചു. ഈനേരം ക്രീസിന് ഏറെ അകലെയായിരുന്നു മലയാളി ക്രിക്കറ്റര്‍. മത്സരത്തില്‍ 51 പന്തില്‍ മൂന്ന് വീതം ബൗണ്ടറിയും സിക്‌സും സഹിതം 54 റണ്‍സെടുത്ത് സഞ്ജു മടങ്ങി. ഈ പ്രകടനത്തിന് ഇടയിലും താരത്തിന് സ്ഥിരമായി അവസരം നല്‍കാത്തത് ചര്‍ച്ചയാവുകയാണ്. നേരത്തെ അയര്‍‌ലന്‍ഡിന് എതിരായ ടി20 പരമ്പരയില്‍ അര്‍ധ സെഞ്ചുറി കണ്ടെത്തിയിട്ടും സഞ്ജുവിനെ ടി20 ടീമില്‍ നിന്ന് പുറത്താക്കിയത് അന്ന് വലിയ ചര്‍ച്ചയായിരുന്നു. 

സഞ്ജു സാംസണ്‍ തിളങ്ങിയ രണ്ടാം ഏകദിനത്തില്‍ രണ്ട് വിക്കറ്റിന് വിജയിച്ച് ഒരു മത്സരം ബാക്കിനില്‍ക്കേ ഇന്ത്യ പരമ്പര സ്വന്തമാക്കി. വിന്‍ഡീസ് മുന്നോട്ടുവെച്ച 312 റണ്‍സ് വിജയലക്ഷ്യം 49.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ ഇന്ത്യ നേടുകയായിരുന്നു. ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാന്‍ 13ല്‍ പുറത്തായപ്പോള്‍ ശുഭ്‌മാന്‍ ഗില്‍ 43 ഉം ശ്രേയസ് അയ്യര്‍ 63 ഉം സഞ്ജു സാംസണ്‍ 54 ഉം റണ്‍സെടുത്തു. 35 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌‌സറും ഉള്‍പ്പെടെ പുറത്താകാതെ 64* റണ്‍സെടുത്ത അക്‌സര്‍ പട്ടേലാണ് ഇന്ത്യയുടെ വിജയശില്‍പിയും മത്സരത്തിലെ താരവും. ജയിക്കാന്‍ ഇന്ത്യക്ക് 74 പന്തില്‍ 144 റണ്‍സ് വേണ്ടപ്പോഴാണ് അക്‌സര്‍ ക്രീസിലെത്തിയത്. അപ്രതീക്ഷിത വെടിക്കെട്ടുമായി പക്ഷേ അക്‌സര്‍ ഇന്ത്യയെ ജയിപ്പിച്ചു. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ഷായ് ഹോപ്(135 പന്തില്‍ 115), നായകന്‍ നിക്കോളാസ് പുരാന്‍(77 പന്തില്‍ 74) എന്നിവരുടെ മികവില്‍ 50 ഓവറില്‍ ആറ് വിക്കറ്റിന് 311 റണ്‍സെടുത്തു. കെയ്‌ല്‍ മയേര്‍സ് 39 ഉം ഷമാര്‍ ബ്രൂക്ക്‌സ് 35 ഉം റണ്‍സെടുത്തു. ഇന്ത്യക്കായി ഷര്‍ദുല്‍ ഠാക്കൂര്‍ മൂന്നും ദീപക് ഹൂഡയും അക്‌സര്‍ പട്ടേലും യുസ്‌വേന്ദ്ര ചഹാലും ഓരോ വിക്കറ്റും നേടി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ഏകദിനം 27-ാം തിയതി പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ നടക്കും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker