പാലക്കാട്: മലയാളി താരം സ്ഞ്ജു സാംസണെ ട്വന്റി20 ലോകകപ്പിനുള്ള ടീമിലെടുത്തത് ബിജെപിയുടെ ഇടപെടലിലെന്ന് നേതാവിന്റെ പോസ്റ്റ്. ബിജെപി മീഡിയ പാനലിസ്റ്റ് അംഗമായ ജോമോന്‍ ചക്കാലക്കലാണ് അവകാശവാദവുമായി രംഗത്തെത്തിയത്. ചര്‍ച്ചയായതോടെ പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്.
ബിജെപി സംഘടനാ സെക്രട്ടറി സുഭാഷ് ഇടപെട്ടാണ് സഞ്ജുവിനെ ടീമിലെടുത്തതെന്നാണ് ഫേസ്ബുക്കില്‍ ജോമോന്‍ പറഞ്ഞത്. തിരുവനന്തപുരത്ത് നടന്ന യോഗത്തിനിടെ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുന്നില്ലെന്ന് കാര്യം സുഭാഷിന് മുന്നില്‍ ഉന്നയിച്ചിരുന്നുവെന്നും അതിന് പിന്നാലെ സുഭാഷ് നടത്തിയ ഇടപെടലിലൂടെയാണ് സഞ്ജു ടീമിലെത്തിയതെന്നുമാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്.
മോദിയെയും അമിത്ഷായെയും ബി എല്‍ സന്തോഷിനെയും പോലെയുള്ള ആളുകളെയൊക്കെ ഇടനിലക്കാരില്ലാതെ നേരിട്ട് വിളിക്കാനാകുന്ന കേരളത്തിലെ വിരലില്‍ എണ്ണാവുന്ന നേതാക്കളില്‍ ഒരാളാണെന്ന് സുഭാഷെന്നും പോസ്റ്റില്‍ പറയുന്നു. അര്‍ഹതയുണ്ടായിട്ടും പല കാര്യങ്ങള്‍ പറഞ്ഞ് സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ നിന്നും മാറ്റി നിര്‍ത്തുന്നു എന്ന സംസാരം പൊതുമധ്യത്തില്‍ ഉണ്ടെന്ന് താന്‍ സുഭാഷിനോട് പറഞ്ഞു. പറഞ്ഞ കാര്യം നോട്ട് ചെയ്തു. അര്‍ഹത ഉണ്ടായിട്ടും അവസരം നഷ്ടപ്പെടുന്നുണ്ടെങ്കില്‍ ഇടപെട്ടിരിക്കും എന്ന് പറഞ്ഞുവെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു.
ട്വന്റി20 ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ജോമോന്‍ ചക്കാലക്കലിന്റെ പോസ്റ്റ്. വിവാദമായതോടെ പിന്നീട് പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്. പാര്‍ട്ടി നേതൃത്വം ഇടപെട്ടാണ് പോസ്റ്റ് പിന്‍വലിപ്പിച്ചതെന്ന സൂചനയുമുണ്ട്. ഇന്നലെയാണ് ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. സഞ്ജു ഉള്‍പ്പടെ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.