ന്യൂഡല്‍ഹി: മലയാളി താരം സഞ്ജു സാംസൺ ഇനി ‘തല’യുടെ തട്ടകത്തിലേക്ക്. ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസ് വിട്ട് സഞ്ജു ചെന്നൈയിലേക്ക് കൂടുമാറി. ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാനും താരക്കൈമാറ്റം സംബന്ധിച്ച് ധാരണയായതായി സഞ്ജുവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിച്ചു. രവീന്ദ്ര ജഡേജയും സഞ്ജുവും ഉൾപ്പെട്ട സ്വാപ് ഡീൽ വഴിയാണ് കൂടുമാറ്റം.
ജഡേജയേയും സാം കറനേയും ടീമിലെടുത്ത് സഞ്ജുവിനെ നല്‍കാനായിരുന്നു രാജസ്ഥാൻ ആദ്യഘട്ടത്തിൽ തീരുമാനിച്ചിരുന്നത്. ഇത് അവസാനത്തോടടുത്തുവെങ്കിലും പിന്നീട് ഡീലിൽ തടസ്സങ്ങൾ നേരിട്ടു. സാം കറനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ രാജസ്ഥാന് സാധിക്കാതെ വന്നതാണ് കാരണം. അതോടെയാണ് കറനെ ഡീലിൽ നിന്ന് ഒഴിവാക്കി ജഡേജയെ മാത്രം ടീമിലെത്തിച്ച് രാജസ്ഥാൻ കൈമാറ്റം നടത്തിയത്.
രാജസ്ഥാനിലെത്തിയാല്‍ തന്നെ നായകനാക്കണമെന്ന ആവശ്യം ജഡേജ മുന്നോട്ടുവെച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് അംഗീകരിച്ചാൽ ജഡേജ അടുത്ത സീസണിൽ റോയൽസ് ക്യാപ്റ്റനാകും. അതേസമയം സഞ്ജു സീസണിൽ ചെന്നൈയെ നയിക്കില്ല. ഋതുരാജ് ഗെയ്ക്വാദ് തന്നെ ടീമിന്റെ നായകനായി തുടരുമെന്നാണ് ലഭിക്കുന്ന സൂചന. മഹേന്ദ്രസിങ് ധോനി ഇനി ചെന്നൈക്കായി എത്ര നാൾ കളിക്കുമെന്ന് ഉറപ്പില്ലാത്ത പശ്ചാത്തലത്തിൽ കൂടിയാണ് സഞ്ജുവിനെ ടീം തട്ടകത്തിലെത്തിക്കുന്നത്. ടീമിന്റെ വിക്കറ്റ് കീപ്പറും സഞ്ജു തന്നെയായേക്കും.
ഒരു ടീമിന് പരമാവധി എട്ട് വിദേശതാരങ്ങളെ മാത്രമേ ടീമിലെടുക്കാനാവൂ എന്നതാണ് നേരത്തേ രാജസ്ഥാന് തിരിച്ചടിയായത്. രാജസ്ഥാന്‍ സ്‌ക്വാഡില്‍ നിലവില്‍ എട്ട് വിദേശതാരങ്ങളുണ്ട്. ജൊഫ്ര ആര്‍ച്ചര്‍, ഷിമ്രോണ്‍ ഹെറ്റ്മയര്‍, വാനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ, ഫസല്‍ഹഖ് ഫറൂഖി, ക്വന മഫക്ക, നാന്ദ്രെ ബര്‍ഗര്‍, പ്രിട്ടോറിയസ് എന്നിവരാണ് ടീമിലുള്ള വിദേശ താരങ്ങള്‍. അതിനാൽ സാം കറനെ കൂടി ടീമിലെടുക്കാന്‍ രാജസ്ഥാന് കഴിയില്ല. മാത്രമല്ല, താരത്തിനായി ചെലവിടുന്ന പണത്തിന്റെ കാര്യത്തിലും തടസ്സങ്ങളുണ്ട്. നിലവില്‍ 30 ലക്ഷം മാത്രമാണ് ടീമിന് ചെലവിടാനാകുക. കറന്റെ ലേലത്തുക തന്നെ 2.4 കോടിയാണ്. അതിനാല്‍ കറനെ ഉള്‍ക്കൊള്ളിക്കണമെങ്കില്‍ ഏതെങ്കിലും വിദേശതാരത്തെ ടീമില്‍ നിന്ന് നീക്കിയേ മതിയാകൂ. അതോടെയാണ് ജഡേജ-സഞ്ജു സ്വാപ് ഡീലിന് കളമൊരുങ്ങിയത്.
2013 ല്‍ രാജസ്ഥാനിലെത്തിയ സഞ്ജു ടീമിന് വിലക്ക് നേരിട്ട ഘട്ടത്തില്‍ ഡല്‍ഹിക്കായി കളിച്ചിരുന്നു. 2018-ല്‍ രാജസ്ഥാനില്‍ തിരികെയെത്തി. 2021 ലാണ് ടീമിന്റെ നായകനായി മലയാളി താരമെത്തുന്നത്. പിന്നാലെ തൊട്ടടുത്ത സീസണില്‍ ടീമിനെ ഐപിഎല്‍ ഫൈനലിലുമെത്തിച്ചു. അതേസമയം ഐപിഎല്ലിലെ ജഡേജയുടെ ആദ്യ ടീമാണ് രാജസ്ഥാന്‍. 2008 ല്‍ രാജസ്ഥാന്‍ കിരീടം നേടുമ്പോള്‍ ജഡേജ ടീമിലുണ്ടായിരുന്നു. 2012 മുതലാണ് താരം ചെന്നൈ കുപ്പായമണിയാന്‍ തുടങ്ങിയത്. ടീമിന് വിലക്ക് നേരിട്ട 2016,2017 സീസണുകള്‍ ഒഴികെ പിന്നീടങ്ങോട്ട് താരം ചെന്നൈ നിരയിലുണ്ടായിരുന്നു.


