വിന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തിയതായി സൂചന. കൊവിഡ് ബാധിതനായ കെ.എല്‍ രാഹുലിന് പകരമാണ് സഞ്ജുവിന് നറുക്കുവീണതെന്നാണ് അഭ്യൂഹം. അതേസമയം വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ബിസിസിഐ തയ്യാറായിട്ടില്ല. നേരത്തെ പരുക്കില്‍ നിന്ന് മോചിതനായ രാഹുല്‍ ടീമിനൊപ്പം ചേരുമെന്നായിരുന്നു ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയത്.
സഞ്ജുവിനെ ടീമിലെടുത്തതായി വ്യക്തമാക്കുന്ന ട്വീറ്റുകൾ പ്രചരിക്കുന്നുണ്ട്. സഞ്ജു എത്തിയാൽ ടീമിലുള്ള സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പർമാരുടെ എണ്ണം നാലായി ഉയരും. ദിനേഷ് കാർത്തിക്ക്, ഇഷാൻ കിഷൻ, ഋഷഭ് പന്ത് എന്നിവരാണ് ഇപ്പോൾ ടീമിലുള്ള മറ്റു വിക്കറ്റ് കീപ്പർമാർ. അടുത്തിടെ രണ്ട് പരമ്പരകളിൽ ലഭിച്ച അവസരം ഭേദപ്പെട്ട രീതിയിൽ വിനിയോഗിക്കാൻ സഞ്ജുവിന് കഴിഞ്ഞിരുന്നു. ഇതാണ് അപ്രതീക്ഷിത അവസരത്തിൽ നറുക്കു വീഴാൻ കാരണമെന്നാണ് സൂചന.
അയർലൻഡിനെതിരായ ട്വന്റി-20 പരമ്പരയിലും വിൻഡീസിനെതിരായ ഏകദിന പരമ്പരയിലും ഓരോ അർധസെഞ്ച്വറി വീതം നേടി സഞ്ജു തിളങ്ങിയിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരെ അവസരം ലഭിച്ചില്ല. വിൻഡിസിനെതിരായ രണ്ടാം ഏകദിനത്തിൽ 51 പന്തുകൾ നേരിട്ട സഞ്ജു 54 റൺസെടുത്തിരുന്നു. പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും വിക്കറ്റ് പിന്നിൽ മിന്നും പ്രകടനമാണ് താരം നടത്തിയത്. ആദ്യ ഏകദിനത്തിൽ സിറാജിന്റെ വൈഡ് ബൗൾ ബൗണ്ടറിയിലെത്താതെ തടഞ്ഞ സഞ്ജുവിനെ അഭിനന്ദിച്ച് നിരവധി താരങ്ങളും നിരീക്ഷകരും രംഗത്തുവന്നിരുന്നു.