കൊച്ചി: സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമെന്ന അഭ്യൂഹം ശക്തം. രാജസ്ഥാന്റെ ക്യാപ്റ്റനാണ് സഞ്ജു. എന്നാല്‍ ഇത്തവണ അവര്‍ അടിമുടി മാറുകയാണെങ്കില്‍ സഞ്ജുവിന് ക്യാപ്റ്റന്‍ സ്ഥാനം തന്നെ നഷ്ടമായേക്കും. സോഷ്യല്‍ മീഡിയയില്‍ ചെന്നൈ ആരാധക ക്ലബുകള്‍ താരത്തെ സ്വന്തമാക്കുന്ന കാര്യത്തില്‍ വലിയ ആവേശത്തിലാണ്.
ഐപിഎല്ലിന്റെ മെഗാതാരലേലം വരാനിരിക്കുകയാണ്. അതുകൊണ്ട് വലിയ ട്വിസ്റ്റുകള്‍ ത ന്നെ പ്രതീക്ഷിക്കാം. സഞ്ജു സാംസണ്‍ അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി കളിക്കുമെന്നാണ് അഭ്യൂഹം. നിലവില്‍ സിഎസ്‌കെയ്ക്ക് ക്യാപ്റ്റന്‍ അടക്കം ഉള്ളതിനാല്‍ സഞ്ജുവിനെ വാങ്ങുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.
മധ്യനിരയില്‍ സിഎസ്‌കെയ്ക്ക് സഞ്ജുവിനെ പോലൊരു ബാറ്റ്‌സ്മാന്‍ ആവശ്യമാണ്. മഹേന്ദ്ര സിംഗ് ധോണി ഏത് നിമിഷവും വിരമിക്കാനിരിക്കെ വിക്കറ്റ് കീപ്പറിനെയും ചെന്നൈക്ക് ആവശ്യമാണ്. ഇതെല്ലാം സഞ്ജുവാണെങ്കില്‍ പരിഹരിക്കപ്പെടും. എന്നാല്‍ സഞ്ജുവിനെ വാങ്ങുന്ന കാര്യത്തില്‍ ഇതുവരെ സിഎസ്‌കെ മനസ്സുതുറന്നിട്ടില്ല.
നേരത്തെ തന്നെ സഞ്ജുവിനെ സിഎസ്‌കെ സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. കഴിഞ്ഞ സീസണില്‍ താരം സിഎസ്‌കെ ജേഴ്‌സിയില്‍ കളിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. നിലവില്‍ ധോണി ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞതോടെ റുതുരാജ് ഗെയ്ക്വാദാണ് ചെന്നൈയുടെ പുതിയ ക്യാപ്റ്റന്‍. അതേസമയം ലേലം ആരംഭിക്കുന്നതിന് മുമ്പ് ട്രേഡിംഗിലൂടെയും ചെന്നൈക്ക് സഞ്ജുവിനെ ടീമിലെത്തിക്കാം.അതേസമയം സഞ്ജുവിന് പുതിയ ടീമില്‍ തിളങ്ങാനാവുമെന്നാണ് ആരാധകര്‍ പറയുന്നത്.
ശിവം ദുബെ രാജസ്ഥാന്‍ റോയല്‍സിലേക്ക് മടങ്ങിയെത്താനുള്ള സാധ്യത ശക്തമാണ്. സഞ്ജുവിനെ ട്രേഡിംഗ് വിന്‍ഡോയിലൂടെ കൈമാറുമെങ്കില്‍ തീര്‍ച്ചയായും ദുബെയെ സിഎസ്‌കെയില്‍ നിന്ന് രാജസ്ഥാന്‍ വാങ്ങിയേക്കും. സൂര്യകുമാര്‍ യാദവ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. പകരം ശ്രേയസ് അയ്യര്‍ മുംബൈ ഇന്ത്യന്‍സിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
റിഷഭ് പന്തിനെ സിഎസ്‌കെയില്‍ എത്തിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. സിഎസ്‌കെയുമായി പണമിടപാടില്‍ സഞ്ജുവിനെ കൈമാറാന്‍ രാജസ്ഥാന് താല്‍പര്യമില്ല. എന്നാല്‍ രാജസ്ഥാന്‍ ആരാധകര്‍ ഈ അഭ്യൂഹങ്ങളെ തള്ളുന്നു. രാജസ്ഥാന്‍ ടീമില്‍ നിലവില്‍ മാറ്റങ്ങള്‍ക്കുള്ള സാധ്യതകളില്ല. എന്നാല്‍ നാല് പേരെ മാത്രമേ അവര്‍ക്ക് ടീമില്‍ നിലനിര്‍ത്താനാവൂ. ഇതില്‍ സഞ്ജു സാംസണ്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.
ബാക്കി മൂന്ന് താരങ്ങള്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ സസ്‌പെന്‍സ് തുടരുകയാണ്. ധ്രുവ് ജുറല്‍, ഹെറ്റ്മയര്‍, യശസ്വി ജെയ്‌സ്വാള്‍ എന്നിവരായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജുറലിന് പകരം ട്രെന്‍ഡ് ബൂള്‍ട്ടിനെ നിലനിര്‍ത്താനും സാധ്യതയുണ്ട്.