മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പല താരങ്ങളുടെയും പേര് കാണാത്തതിന്‍റെ വിഷമത്തിലാണ് ആരാധകര്‍. സ്‌പിന്നര്‍മാരായ രവിചന്ദ്ര അശ്വിനും യുസ്‌വേന്ദ്ര ചഹലിനും ഓപ്പണര്‍ ശിഖര്‍ ധവാനും ഏഷ്യാ കപ്പില്‍ ഇടംപിടിക്കാനായില്ല. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ആവട്ടെ 17 അംഗ പ്രധാന സ്‌ക്വാഡിലില്ലാത്തപ്പോള്‍ സ്റ്റാന്‍ഡ് ബൈ താരമായാണ് ടീമിലെത്തിയത്. സ്‌ക്വാഡിലെ പതിനെട്ടാമനാണെങ്കിലും സഞ്ജുവിന്‍റെ ഏകദിന ലോകകപ്പ് പ്രതീക്ഷ അവസാനിച്ചിട്ടില്ല എന്നുവേണം കരുതാന്‍.
ഏഷ്യാ കപ്പ് ടീം പ്രഖ്യാപനവേളയില്‍ മുഖ്യ സെലക്‌ടര്‍ അജിത് അഗാര്‍ക്കറുടെ വാക്കുകള്‍ ഇങ്ങനെ. ‘ലോകകപ്പ് ടീം സെലക്ഷന്‍ വലിയ തലവേദനയല്ല. ഏഷ്യാ കപ്പിനായി 17 അംഗ സ്‌ക്വാഡിനെ തെരഞ്ഞെടുത്തിട്ടുണ്ട്. പരിക്കില്‍ നിന്ന് മടങ്ങിവരുന്ന താരങ്ങളുണ്ട് ടീമില്‍. എങ്കിലും എല്ലാം മനോഹരമായി നടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
സെപ്റ്റംബര്‍ അഞ്ചാണ് ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിക്കാനുള്ള അവസാന തിയതി. സ്‌ക്വാഡ് പ്രഖ്യാപിക്കും മുമ്പ് ഒരു ടീം ക്യാംപ് ഉണ്ട്. അപ്പോഴേക്കും നമ്മുടെ താരങ്ങളുടെ ഫിറ്റ്‌നസ് നോക്കും. ഇപ്പോള്‍ ഏഷ്യാ കപ്പ് സ്‌ക്വാഡിലുള്ള താരങ്ങളില്‍ നിന്നാകും ലോകകപ്പിനുള്ള ടീമിനെ തെരഞ്ഞെടുക്കുക’ എന്നുമാണ് അഗാര്‍ക്കറിന്‍റെ വാക്കുകള്‍.
ഇതോടെ ലോകകപ്പ് സ്‌ക്വാഡിനായി സഞ്ജു സാംസണും പരിഗണനയിലുണ്ട് എന്ന് വ്യക്തമായി. ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായ കെ എല്‍ രാഹുല്‍ പരിക്ക് മാറിയയുടനെയാണ് ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. രാഹുലിനോ പരിക്കില്‍ നിന്ന് ഏഷ്യാ കപ്പിലൂടെ തിരിച്ചെത്തുന്ന മറ്റൊരു ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്കോ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ വന്നാലാകും സഞ്ജുവിനെ ലോകകപ്പ് സ്‌ക്വാഡിലേക്ക് പരിഗണിക്കൂ.
ഏകദിന ലോകകപ്പിനുള്ള മികച്ച തയ്യാറെടുപ്പായാണ് ഏഷ്യാ കപ്പിനെ ഇന്ത്യന്‍ ടീം കാണുന്നത്. പാകിസ്ഥാനുമായുള്ള പോരാട്ടമാണ് ഏഷ്യാ കപ്പിലെ നിര്‍ണായക അങ്കം. സെപ്റ്റംബര്‍ രണ്ടാം തിയതിയാണ് ഈ ആവേശ മത്സരം. ഏകദിന ലോകകപ്പിലും പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരമുണ്ട് എന്നതിനാല്‍ ഏഷ്യാ കപ്പിലെ പ്രകടനം രോഹിത് ശര്‍മ്മയ്‌ക്കും സംഘത്തിനും നിര്‍ണായകമാണ്.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശർമ്മ(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, സഞ്ജു സാംസണ്‍(സ്റ്റാന്‍ഡ് ബൈ).