തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ മത്സരിച്ച ദേവപ്രിയ ഷൈബുവിനെയും ടി.എം അതുലിനെയും ഏറ്റെടുക്കുമെന്ന് അറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ ഉടമസ്ഥതയിലുള്ള സഞ്ജു സാംസണ്‍ ഫൗണ്ടേഷന്‍.
സബ് ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ 100 മീറ്ററില്‍ റെക്കോര്‍ഡ് നേടിയ ദേവപ്രിയ ഷൈബു, സിഎച്ച്എസ് കാല്‍വരി മൗണ്ട് സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. 100 മീറ്ററിലും 200 മീറ്ററിലും റെക്കോര്‍ഡ് നേടിയ ടി.എം അതുല്‍ ചാരമംഗലം സര്‍ക്കാര്‍ ഡിവിഎച്ച്എസ്എസ് സ്‌കൂളിലെ വിദ്യാര്‍ഥിയും.
ചുരുങ്ങിയ ജീവിത സാഹചര്യങ്ങളോട് മല്ലിട്ട് ഇരുവരും നേടിയ വിജയം കായിക കേരളത്തിനാകെ പ്രചോദനമാണെന്ന് ഫൗണ്ടേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ശക്തമായ പിന്തുണ നല്‍കിയാല്‍ ഈ കുട്ടികള്‍ ഭാവിയില്‍ ദേശീയ തലത്തിലും ഒളിമ്പിക്‌സ് തലത്തിലും വരെ മികവു തെളിയിക്കുന്ന അഭിമാനതാരങ്ങളായി മാറിയേക്കാം. സഞ്ജു സാംസണ്‍ ഫൗണ്ടേഷന്റെ മേല്‍നോട്ടത്തില്‍ അതുലിനും ദേവപ്രിയക്കും സംസ്ഥാന ദേശീയ തലത്തില്‍ ആവശ്യമായ യാത്രാ – താമസ സൗകര്യങ്ങള്‍ ഒരുക്കി നല്‍കും. പ്രൊഫഷണലായ അത്‌ലറ്റിക് കോച്ചിന്റെ സേവനവും കുട്ടികള്‍ക്കു ലഭ്യമാക്കുമെന്നും സഞ്ജു സാംസണ്‍ അറിയിച്ചു.
ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് സഞ്ജു സാംസണ്‍.


