തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ മുന്‍ ചാമ്പ്യന്‍മാരായ മുംബൈയെ ആദ്യ ഇന്നിംഗ്‌സില്‍ കേരള ബൗളര്‍മാര്‍ എറിഞ്ഞൊതുക്കുന്ന കാഴ്ചയാണ് തുമ്പ സെന്‍റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ കണ്ടത്. കേരളത്തിനായി സ്വന്തം മണ്ണില്‍ പന്തെടുത്തവരെല്ലാം വിക്കറ്റ് പിഴുതപ്പോള്‍ മുംബൈ 251 റണ്‍സില്‍ ഓള്‍ഔട്ടായി. നാല് വിക്കറ്റുമായി ശ്രേയസ് ഗോപാല്‍ ആദ്യ ദിനം താരമായെങ്കില്‍ ഇതിലേറെ ക്യാച്ച് വിക്കറ്റിന് പിന്നില്‍ സഞ്ജു സാംസണിനുണ്ടായിരുന്നു.
മുംബൈ രഞ്ജി ടീമിന്‍റെ ഒന്നാം ഇന്നിംഗ്സ് 251 റണ്‍സില്‍ അവസാനിച്ചപ്പോള്‍ അഞ്ച് ക്യാച്ചുകളാണ് കേരള വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ പേരിലാക്കിയത്. സഞ്ജു മുംബൈ ക്യാപ്റ്റന്‍ അജന്‍ക്യ രഹാനെ, സുവെദ് പാര്‍കര്‍, ഭൂപന്‍ ലാല്‍വാനി, ശിവം ദുബെ, ധവാല്‍ കുല്‍ക്കര്‍ണി എന്നിവരുടെ ക്യാച്ചുകളെടുത്തു. ഇതില്‍ രഹാനെയെ ബേസില്‍ തമ്പിയുടെ പന്തില്‍ സഞ്ജു ഗോള്‍ഡന്‍ ഡക്കാക്കാന്‍ കൈകൊടുത്ത് സഹായിക്കുകയായിരുന്നു. ഭൂപനെ 50 ഉം ദുബെയെ 51 ഉം റണ്‍സെടുത്ത് നില്‍ക്കേയാണ് സഞ്ജു സാംസണ്‍ പിടികൂടിയത്.
അടുത്തിടെ അവസാനിച്ച അഫ്ഗാനിസ്ഥാനെതിരായ ടീം ഇന്ത്യയുടെ ട്വന്‍റി 20 പരമ്പരയില്‍ വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജുവിനെ ഫീല്‍ഡിംഗ് പരിശീലകന്‍ ടി ദിലീപ് പ്രത്യേകം അഭിനന്ദിച്ചിരുന്നു. അഫ്ഗാനെതിരെ മികച്ച ത്രോയും മിന്നല്‍ സ്റ്റംപിംഗും മൂന്നാം ടി20യില്‍ സഞ്ജുവിനുണ്ടായിരുന്നു.
തുമ്പ സെന്‍റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ മുംബൈയെ കേരളം 251 റണ്‍സിന് എറിഞ്ഞിട്ടു. നാല് വിക്കറ്റ് നേടിയ ശ്രേയസ് ഗോപാലാണ് കേരള ബൗളര്‍മാരില്‍ തിളങ്ങിയത്. ബേസില്‍ തമ്പി, ജലജ് സക്‌സേന എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
തനുഷ് കൊട്യന്‍ (56), ഭൂപന്‍ ലാല്‍വാനി (50), ശിവം ദുബെ (51) എന്നിവര്‍ മാത്രമാണ് മുംബൈ നിരയില്‍ തിളങ്ങിയത്. ഇന്ത്യന്‍ സീനിയര്‍ താരവും മുംബൈ ക്യാപ്റ്റനുമായി അജന്‍ക്യ രഹാനെ ഗോള്‍ഡന്‍ ഡക്കായി. മുംബൈയുടെ ഇന്നിംഗ്സിന് ശേഷം ആദ്യ ദിവസത്തെ കളി നിര്‍ത്തിവെക്കുകയായിരുന്നു.