വാങ്കഡെയിൽ സഞ്ജു ‘സൂനാമി’; മുംബൈ ബൗളർമാരെ തല്ലിത്തകർത്ത് സെഞ്ചുറി, അഭിനന്ദനങ്ങളുമായി ബുംറയും സൂര്യകുമാറും

ചേട്ടൻ സെഞ്ചുറിയടിച്ചാൽ അഭിനന്ദിക്കാതെങ്ങിനെ? സഞ്ജുവിനെ ചേർത്തുപിടിച്ച് ഹാർദിക്കും ബുംറയും സൂര്യയും

മുംബൈ: മുംബൈ ഇന്ത്യൻസിന്റെ നീലക്കോട്ടയായ വാങ്കഡെ സ്റ്റേഡിയത്തിൽ മഞ്ഞപ്പടയുടെ കരുത്ത് വിളിച്ചോതി സഞ്ജു സാംസണിന്റെ മിന്നും പ്രകടനം. സഞ്ജു ഒരിക്കൽ കൂടി തന്റെ വിശ്വരൂപം പുറത്തെടുത്തപ്പോൾ എതിരാളികൾ പോലും കൈയടിച്ചു പോകുന്ന കാഴ്ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്.

മുംബൈ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് സെഞ്ചുറി നേടിയ സഞ്ജുവിനെ അഭിനന്ദിക്കാൻ എതിർ ടീമിലെ പ്രമുഖ താരങ്ങൾ തന്നെ ക്രീസിലെത്തി. ക്രിഷ് ഭഗത്ത് എറിഞ്ഞ അവസാന ഓവറിൽ രണ്ട് സിക്‌സും ഒരു ഫോറുമടക്കം 16 റൺസെടുത്താണ് സഞ്ജു 54 പന്തിൽ സെഞ്ചുറി തികച്ചത്. താരത്തിന്റെ ഈ മാന്ത്രിക പ്രകടനത്തിന് സാക്ഷ്യം വഹിച്ച വാങ്കഡെ സ്റ്റേഡിയം ഹർഷാരവങ്ങളാൽ മുഖരിതമായി.

സെഞ്ചുറി പൂർത്തിയാക്കി ക്രീസ് വിട്ട സഞ്ജുവിനെ അഭിനന്ദിക്കാൻ ആദ്യം ഓടിയെത്തിയത് ലോകോത്തര ബൗളർ ജസ്പ്രീത് ബുംറയായിരുന്നു. സഞ്ജുവിന് കൈകൊടുത്ത ബുംറ, താരത്തെ കെട്ടിപ്പിടിച്ച് പുറത്തു തട്ടി അഭിനന്ദിച്ച ശേഷമാണ് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. തൊട്ടുപിന്നാലെ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുമെത്തി സഞ്ജുവിന് ഹൈ ഫൈവ് നൽകി. ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ സൂര്യകുമാർ യാദവ് സഞ്ജുവിനെ ആലിംഗനം ചെയ്ത ശേഷമാണ് മടങ്ങിയത്. വിക്കറ്റിന് പിന്നിലും ബാറ്റിംഗിലും സഞ്ജു പുലർത്തുന്ന സ്ഥിരതയ്ക്കുള്ള അംഗീകാരമായിരുന്നു ഈ സ്പോർട്സ്മാൻ സ്പിരിറ്റ്.

വെറും 54 പന്തിൽ ആറ് സിക്‌സും 10 ഫോറുമടക്കം പുറത്താകാതെ 101 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഈ സീസണിൽ താരത്തിന്റെ രണ്ടാം സെഞ്ചുറിയാണിത് എന്ന പ്രത്യേകതയുമുണ്ട്. മുംബൈ ഇന്ത്യൻസിനെതിരെ ഒരു ചെന്നൈ താരം നേടുന്ന ആദ്യ സെഞ്ചുറി എന്ന ചരിത്രനേട്ടവും ഇതിലൂടെ സഞ്ജു സ്വന്തമാക്കി. സഞ്ജുവിന്റെ ഐപിഎൽ കരിയറിലെ അഞ്ചാം സെഞ്ചുറിയാണിത്. വരാനിരിക്കുന്ന ലോകകപ്പ് ടീം സെലക്ഷനിൽ സഞ്ജുവിന്റെ ഈ പ്രകടനം നിർണ്ണായക സ്വാധീനം ചെലുത്തുമെന്ന് ഉറപ്പാണ്. മലയാളി താരത്തിന്റെ ഈ ഉജ്ജ്വല ഫോം ചെന്നൈ ആരാധകർക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

Sanju Samson delivered a masterclass at Wankhede Stadium, scoring a brilliant unbeaten 101 off 54 balls against Mumbai Indians. His historic century, marked by six sixes and ten fours, earned him hugs and congratulations from top stars like Jasprit Bumrah, Hardik Pandya, and Suryakumar Yadav. This is Samson’s second century of the season and his fifth overall in the IPL, making him the first Chennai player to score a ton against Mumbai.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News