ഡബ്ലിന്‍: ഒരേസമയം രണ്ട് ടീമുകള്‍. ടെസ്റ്റ് ടീം രോഹിത് ശർമ്മയുടെ നായകത്വത്തില്‍ ഇംഗ്ലണ്ട് പര്യടനത്തില്‍, ടി20 ടീം ഹാർദിക് പാണ്ഡ്യയുടെ കീഴില്‍ അയർലന്‍ഡ് പര്യടനത്തിലും. രണ്ട് ടീമുകളെ ഒരേസമയം അണിനിരത്തിയിട്ടും ഇന്ത്യന്‍ കുപ്പായത്തില്‍ അണിനിരക്കാന്‍ താരങ്ങളുടെ പോരാട്ടമാണ്. അയർലന്‍ഡിനെതിരായ ടി20 പരമ്പര(IRE vs IND 1st T20I) ഇന്ന് തുടങ്ങുമ്പോള്‍ ആരൊക്കെ പ്ലേയിംഗ് ഇലവനിലെത്തും എന്നതാണ് ആകാംക്ഷ. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിച്ച സഞ്ജു സാംസണ്‍(Sanju Samson) ഇന്നിറങ്ങുമോ എന്ന് ആരാധകർ ചോദിക്കുന്നു. ഒപ്പം അരങ്ങേറ്റത്തിന് കാത്തിരിക്കുന്ന താരങ്ങളെ കുറിച്ചും ആരാധകർക്കറിയണം.
പ്രമുഖ ക്രിക്കറ്റ് വെബ്‍സൈറ്റായ ക്രിക്ബസിന്‍റെ പ്രവചനം പ്രകാരം സഞ്ജു സാംസണ്‍ ഇന്ന് ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ മൈതാനത്തിറങ്ങും. ക്രിക്ബസിന്‍റെ സാധ്യതാ ഇലവന്‍ ഇങ്ങനെ. വിക്കറ്റ് കീപ്പർ ഇഷാന്‍ കിഷനും റുതുരാജ് ഗെയ്ക്‌വാദാണ് ടീമിന്‍റെ ഓപ്പണർമാർ. ടീമിലേക്ക് മടങ്ങിയെത്തിയ വിശ്വസ്തന്‍ സൂര്യകുമാർ യാദവാണ് മൂന്നാം നമ്പറില്‍. നാലാം നമ്പറില്‍ മലയാളികളുടെ പ്രിയപ്പെട്ട സഞ്ജു സാംസണ്‍ എത്തുമെന്നാണ് ക്രിക്ബസിന്‍റെ നിരീക്ഷണം. അഞ്ചാം നമ്പറില്‍ ക്യാപ്റ്റന്‍ ഹാർദിക് പാണ്ഡ്യ. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലെത്തിച്ച ക്യാപ്റ്റന്‍സി, ഓൾറൗണ്ട് മികവുമായാണ് പാണ്ഡ്യയുടെ വരവ്.
ഐപിഎല്ലിലും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഫിനിഷറുടെ റോള്‍ മനോഹരമാക്കിയ ഡികെ(ദിനേശ് കാർത്തിക്കാണ് ടീമിലെ ആറാമന്‍. സ്പിന്നർ ഓൾറൗണ്ടർ അക്സർ പട്ടേല്‍ തുടർന്നും. ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റായ ഹർഷല്‍ പട്ടേലിനൊപ്പം സീനിയർ പേസർ ഭുവനേശ്വർ കുമാറും ഇടംപിടിക്കും. ആവേശ് ഖാന്‍, അർഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക് എന്നിവരില്‍ ആരാവും അടുത്ത പേസറെന്നതാണ് സർപ്രൈസ്. അരങ്ങേറ്റത്തിനായാണ് അർഷ്ദീപും ഉമ്രാനും കാത്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയില്‍ ഇരുവരും ടീമിലുണ്ടായിരുന്നെങ്കിലും അരങ്ങേറ്റ ക്യാപ് ലഭിച്ചിരുന്നില്ല. യുസ്‌വേന്ദ്ര ചാഹലായിരിക്കും ടീമിലെ രണ്ടാം സ്പിന്നർ.
അയർലൻഡ്-ഇന്ത്യ ട്വന്‍റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ഡബ്ലിനിൽ ഇന്ത്യൻ സമയം രാത്രി ഒൻപതിനാണ് കളി തുടങ്ങുക. രോഹിത് ശർമ്മയും സംഘവും ഇംഗ്ലണ്ട് പര്യടനം നടത്തുമ്പോൾ അയർലൻഡിനെതിരെ ഇന്ത്യ യുവനിരയെയാണ് അണിനിരത്തുന്നത്. ഇതിഹാസ ബാറ്റർ വിവിഎസ് ലക്ഷ്‍മണാണ് ഇന്ത്യയെ പരിശീലിപ്പിക്കുന്നത്. ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യക്ക് അരങ്ങേറ്റ മത്സരമാണ് ഇന്നത്തേത്. അരങ്ങേറ്റം കാത്ത് ഉമ്രാൻ മാലിക്ക്, അർഷ്ദീപ് സിംഗ് എന്നിവർക്കൊപ്പം രാഹുൽ ത്രിപാഠിയും സ്ക്വാഡിലുണ്ട്. ഇതിന് മുൻപ് ഏറ്റുമുട്ടിയ മൂന്ന് കളിയിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു.
അയർലന്‍ഡ് പര്യടനത്തിലുള്ള ഇന്ത്യന്‍ ടി20 ടീം: ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്‌വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക്, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക്.