കൊച്ചി: ലോകകപ്പ് ടീമിൽ സഞ്ജു വി സാംസണിനെ ഉൾപ്പെടുത്താത്തിന്റെ പ്രതിഷേധം കാര്യവട്ടം സ്റ്റേഡിയത്തിൽ ഉയർന്നാൽ തിരിച്ചടിയാകുമെന്ന മറു വാദവുമായി കേരളാ ക്രിക്കറ്റ് അസോസിയേഷനുമായി ചേർന്ന് നിൽക്കുന്നവർ. ലോകകപ്പ് ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്താത് പ്രതിഭയെ നിഷേധിക്കലാണെന്ന ചർച്ച സജീവമായിരുന്നു. ഇതിന് ബിസിസിഐയോട് പ്രതിഷേധം അറിയിക്കാൻ കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ തീരുമാനിച്ചു. കാര്യവട്ടത്ത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി ട്വന്റി മത്സരം നടക്കുമ്പോൾ സഞ്ജുവിന്റെ മുഖമുള്ള ടീ ഷർട്ടുകൾ അണിഞ്ഞ് സഞ്ജുവിന് വേണ്ടി ആർപ്പുവിളിക്കാനായിരുന്നു സോഷ്യൽ മീഡിയയിലെ ആഹ്വാനം. അങ്ങനെ ചെയ്യുന്നതിൽ നിയമ വിരുദ്ധതയൊന്നുമില്ല. കളി നടക്കാൻ അനുവദിക്കുന്ന തരത്തിലെ ജനാധിപത്യപരമായ പ്രതിഷേധത്തിനായിരുന്നു ആഹ്വാനം, ഇത് കേരളാ ക്രിക്കറ്റിലെ ചിലർക്ക് പിടിച്ചില്ല.
സഞ്ജുവിന് ഒരു പ്രതിഭയുമില്ലെന്ന് ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. രാജസ്ഥാൻ റോയൽസിന്റെ നായകനാക്കിയപ്പോഴും അവഹേളനം തുടർന്നു. ഇവരാണ് ഇപ്പോൾ കാര്യവട്ടത്തെ പ്രതിഷേധത്തിനെ മറ്റൊരു തലത്തിൽ ചിത്രീകരിച്ച് ഭീതിയുണ്ടാക്കാൻ ശ്രമിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് മറു തന്ത്രമൊരുക്കലും. ഇന്ത്യ സൗത്ത് ആഫ്രിക്ക ടി ട്വന്റിക്കായി തിരുവനന്തപുരം സ്പോർട്സ് ഹബ്ബ് ഒരുങ്ങി കഴിഞ്ഞു…. എന്നാൽ തിരുവനന്തപുരത്ത് നിന്നും ഇനിയുള്ള മത്സരങ്ങൾ അട്ടിമറിക്കാൻ ചിലർ ആസൂത്രിത നീക്കങ്ങളുമായി ഇറങ്ങിയിട്ടുണ്ട്. സഞ്ജുവിന്റെ പേരിൽ മുതലെടുപ്പ് നടത്തി ഇനിയുള്ള മത്സരങ്ങൾ സ്പോർട്‌സ് ഹബ്ബിൽ നിന്നും നഷ്ടപ്പെടുത്തുവാനുള്ള ശ്രമങ്ങൾ ചിലർ അണിയറയിൽ ഒരുക്കുന്നുണ്ട്…-എന്നാണ് ഈ ഗ്രൂപ്പ് പറയുന്നത്.
തിരുവനന്തപുരം സ്പോർട്സ് ഹബ്ബ് ആദ്യ മത്സരത്തോടെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ച് പറ്റിയത് ഇവിടത്തെ കാണികളുടെ സ്പോർട്സ് മാൻ സ്പിരിറ്റ് കൊണ്ടാണ്. എന്നാൽ അതിന് വിപരീതമായി സംഭവിച്ചാൽ കേരളത്തിലേക്ക് ഇനി മത്സരങ്ങൾ ലഭിച്ചില്ല എന്ന് വരാം. അത്തരം ശ്രമങ്ങൾ അനുവദിച്ചുകൂടാ..
ഇനിയും മത്സരങ്ങൾ അരങ്ങേറണം സ്പോർട്സ് ഹബ്ബിൽ, ആരവങ്ങൾ ഉയരണം, എന്നും അഭിമാനം ആയിരിക്കണം നമ്മുടെ സ്റ്റേഡിയം-ഇതാണ് സോഷ്യൽ മീഡിയയിൽ സഞ്ജുവിന് അനുകൂല പ്രതികരണങ്ങൾ സ്റ്റേഡിയത്തിൽ ഉയരാതിരിക്കാൻ ശ്രമിക്കുന്നവരുടെ പ്രചരണം. കേരളാ ക്രിക്കറ്റിലെ ഒരു പ്രമുഖൻ ഇതിനും അപ്പുറത്തേക്കുള്ള സൂചനകളാണ് ഫെയ്‌സ് ബുക്കിലൂടെ നൽകുന്നത്.
സഞ്ജുവിന് വേണ്ടിയാണ് ക്രിക്കറ്റ് ആരാധകർ ആർപ്പുവിളിക്കേണ്ടത് എന്നാണ് സോഷ്യൽ മീഡിയയിലെ ഫാൻസുകളുടെ ആഹ്വാനം. എന്നാൽ അങ്ങനെയുള്ള പ്രവർത്തനത്തിൽ ഏർപ്പെടുന്നവരെ കണ്ടെത്തി സ്റ്റേഡിയത്തിന് പുറത്തേക്ക് വിടുമെന്നാണ് ഈ ഉന്നതന്റെ വെളിപ്പെടുത്തൽ. എല്ലാ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഇടങ്ങളിൽ നിന്നും വിലക്കുമുണ്ടാകുമെന്നും പറയുന്നു. കൈവിട്ട് കളിക്കുന്നവർക്ക് ബൂമാറാങ്ങായി മാറുമെന്നും മുന്നറിയിപ്പുണ്ട്. സഞ്ജുവിന്റെ ബനിയനുമിട്ട് പ്ലക്കാർഡും ഏന്തി സ്റ്റേഡിയത്തിൽ എത്തുന്നത് എങ്ങനെ ക്രിക്കറ്റിൽ നിന്ന് വിലക്ക് വാങ്ങാനുള്ള കുറ്റമാകുമെന്നതാണ് ഉയരുന്ന ചോദ്യം. ഏതായാലും സഞ്ജുവിന് അനുകൂല വികാരം കാര്യവട്ടത്തുയരുന്നത് ആർക്കും ഇഷ്ടപ്പെടുന്നില്ല.
അതിനിടെ കാര്യവട്ടത്തെ ക്രിക്കറ്റല്ല അല്ല മലയാളി പ്രതിഭയുടെ ക്രിക്കറ്റ് ഭാവിയാണ് വലുതെന്ന് ആരാധകർ പറയുന്നു. ഇനി പ്രതിഭ തെളിയിക്കുന്ന മലയാളിക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടാകാൻ പാടില്ല. അതിന് വേണ്ടിയാണ് ക്രിക്കറ്റ് ലോകത്തെ സഞ്ജുവിന്റെ നാട്ടുകാർ പ്രതിഷേധം അറിയിക്കാൻ ശ്രമിക്കുന്നതെന്നാണ് സഞ്ജു അനുകൂല കൂട്ടായ്മകളുടെ നിലപാട്. സ്റ്റേഡിയത്തിൽ സഞ്ജുവിന് അനുകൂലമായ ആരവം ഉയരുമെന്നാണ് അവർ പറയുന്നത്. ഇതിൽ ചില പരിശീലകർ പോലും അസ്വസ്ഥരാകുമ്പോൾ ക്രിക്കറ്റ് ആരാധകർ നിരാശരാണ്. കളിക്കാർക്ക് വേണ്ടിയാകണം പരിശീലകർ വാദിക്കേണ്ടത്. അല്ലാതെ ക്രിക്കറ്റ് മത്സരങ്ങൾക്ക് വേണ്ടിയാകരുതെന്ന വാദവും സജീവമാണ്.
ഓസ്ട്രേലിയയിലാണ് ലോകകപ്പ്. ബൗൺസി സീമിങ് ട്രാക്കിൽ ഫ്രണ്ട് ഫൂട് പ്ലേയേഴ്സിനു പ്രാമുഖ്യമുള്ള ബാറ്റിങ് യൂണിറ്റുമായി പോകുന്ന ടീം ഇന്ത്യ. ഇന്ത്യൻ സാധ്യത ആദ്യ 5 ബാറ്റർമാരുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും. ഇപ്പോൾ ടീമിലുള്ള മിക്കവരും ഫോം ഔട്ട്. എന്നിട്ടും സഞ്ജു സാംസൺ എന്ന മലയാളിയെ ടീം ഇന്ത്യ മറന്നു. അവർക്ക് വേണ്ടത് ബൗളറെയാണ്. അതിന് വേണ്ടി ദീപക് ഹൂഡയെ എടുത്തുവെന്ന് പറയുന്ന ടീം സെലക്ടേഴ്സ്. ചേതൻ ശർമ, ദെബാശിശ് മൊഹന്തി, ഹർവിന്ദർ സിങ്, സുനിൽ ജോഷി… എന്നീ ഇന്ത്യൻ സെലക്ടേഴ്സ്… എല്ലാം ബൗളർമാർ. ഇവരിൽ നിന്ന് ഇതു മാത്രമേ പ്രതീക്ഷിക്കാനാകൂ. 2020യിൽ ബാറ്റിങ് കരുത്താണ് അവശ്യം. എന്നിട്ടും ബൗളർമാരായ സെലക്ടർമാർക്ക് അത് പോലും മനസ്സിലായിട്ടില്ല.
ഇതിനെല്ലാം കാരണം ചതിയാണ്. സഞ്ജുവിനെ ഒഴിവാക്കാനുള്ള ചതി. ലോകകപ്പ് ഹീറോയായി സഞ്ജു മാറുമോ എന്ന ഭയം. ഇതെല്ലാം വച്ചുള്ള തീരുമാനം. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണ്. പുതിയ ആഹ്വാനങ്ങളും എത്തുന്നു. സഞ്ജുവിന് വേണ്ടി മലയാളി ശബ്ദിച്ചു തുടങ്ങുകയാണ്. അതിനുള്ള വേദിയായി ഇന്ത്യ-ദക്ഷിണാഫ്രിക്കാ മത്സരം മാറും. കാര്യവട്ടത്ത് കളി എത്തുകയാണ്. അന്ന് ബിസിസിഐയ്ക്ക് മുമ്പിൽ കരുത്ത് കാട്ടാൻ ഒരുങ്ങുകയാണ് മലായാളികൾ. സഞ്ജുവിനെതിരെയുള്ള നീതി നിഷേധത്തിന്റെ പ്രതിഷേധം ഗ്രൗണ്ടിൽ ഉയരും. ഇതിനെ തടയാനാണ് മറുവാദവുമായി ഒരു കൂട്ടർ എത്തുന്നത്.
ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി-ട്വന്റി മത്സരത്തിന് സജ്ജമായി കഴിഞ്ഞു തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം. നാൽപ്പതിനായിരത്തിലധികം കാണികളെ ഉൽക്കൊള്ളാവുന്ന തരത്തിലാണ് ഈ മാസം 28ന് നടക്കുന്ന മൽസരത്തിന് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. മൽസരങ്ങളില്ലാതെ കാടുപിടിച്ചു കിടന്ന സ്റ്റേഡിയം നവീകരിച്ചാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ മൽസരത്തിന് സജ്ജമാക്കിയത്. ഇതിനൊപ്പമാണ് ബിസിസിഐയുടെ മനസ്സിലെ കാട് മാറ്റാൻ കേരളത്തിലെ ആരാധകർ പ്രതിഷേധത്തിന് പുതിയ രൂപവും ഭാവവും നൽകുന്നത്. ഇതിനുള്ള ആഹ്വാനങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.
സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഏഷ്യാകപ്പിൽ മോശം പ്രകടനം നടത്തിയ കെ എൽ രാഹുലും ഋഷഭ് പന്തും വരെ ടീമിലുണ്ട്. ഐപിഎല്ലിൽ അടക്കം വ്യക്തിപരമായ സ്‌കോറിന് വേണ്ടി കളിക്കുന്ന രാഹുലിന്റെ ശൈലി ഏഷ്യാകപ്പിലും കണ്ടു. ഋഷഭ് പന്തിന് നിരവധി പിഴവുകളുണ്ടായി. 20-20 ക്രിക്കറ്റിൽ തീരെ ഫോമിലുമല്ല. എന്നിട്ടും മികച്ച ഫോമിൽ കളിക്കുന്ന സഞ്ജുവിനെ ഒഴിവാക്കിയതാണ് ക്രിക്കറ്റ് പ്രേമികളുടെ രോഷത്തിന് കാരണമാകുന്നു. ഇത് കാര്യവട്ടത്ത് പ്രതിഫലിപ്പിക്കാനാണ് തീരുമാനം.
സഞ്ജുവിന്റെ മുഖമുള്ള ബനിയനും മലയാളി ക്രിക്കറ്റർക്ക് അഭിവാദ്യം അർപ്പിക്കുന്ന പ്ലകാർഡുമായി എല്ലാവരും കളികാണാൻ എത്തണം. സഞ്ജുവിന് ജയ് വിളിച്ച് ബിസിസിഐയുടെ കണ്ണു തുറപ്പിക്കണം-ഇതൊക്കെയാണ് സോഷ്യൽ മീഡിയയിലെ ആഹ്വാനങ്ങൾ. എല്ലാം വൈറലാകുന്നുമുണ്ട്. അതുകൊണ്ട് തന്നെ സഞ്ജുവിനെ തഴഞ്ഞവർക്ക് നേരെയുള്ള പ്രതിഷേധമായി കാര്യവട്ടത്തെ കളിമാറുമെന്ന് ഉറപ്പാണ്. ടി-20 ലോകകപ്പിന് മുന്നോടിയാടി ഇന്ത്യ കളിക്കുന്ന അവസാന പരമ്പരയിലെ ആദ്യ മൽസരത്തിനാണ് കാര്യവട്ടം വേദിയാവുന്നത്. ലോകകപ്പ് ടീമിലുള്ള പ്രമുഖ താരങ്ങളെല്ലാം തന്നെ ഇത്തണവണ തിരിവനന്തപുരത്തെത്തും. ഈ സാഹചര്യത്തിൽ കൂടിയാണ് പ്രതിഷേധം ശക്തമാക്കുന്നത്.
ഇതുവരെ കാര്യവട്ടത്ത് രാജ്യാന്തര മൽസരം കളിക്കാത്ത സഞ്ജു സാംസണ് കാര്യവട്ടത്ത് ഇത്തവണ അവസരം ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. അതും അട്ടിമറിക്കപ്പെട്ടു. കാര്യവട്ടത്ത് ഇതുവരെയുള്ള മൂന്ന് കളികളിൽ രണ്ടെണ്ണിൽ ഇന്ത്യ ജയിക്കുകയു ഒരെണ്ണത്തിൽ തോൽക്കുകയും ചെയ്തു. 2019 ഡിസംബർ എട്ടിനാണ് കാര്യവട്ടം സ്റ്റേഡിയത്തിൽ അവസാന രാജ്യാന്തര മത്സരം നടന്നത്. അന്ന് ഇന്ത്യക്കെതിരെ വെസ്റ്റ്ഇൻഡീസ് എട്ടു വിക്കറ്റിനു വിജയിച്ചിരുന്നു.