CricketNewsSports

സഞ്ജുവിന് കീപ്പിംഗിന് അനുമതി, ക്യാപ്റ്റനായി മടങ്ങിയെത്തും; രാജസ്ഥാൻ തിരികെയുത്തുന്നു

ബെംഗളൂരു: രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസൺ ഉടൻ ചുമതലയേൽക്കും. സഞ്ജുവിന് വിക്കറ്റ് കീപ്പറാകാൻ ബിസിസിഐ അനുമതി നൽകി. കഴിഞ്ഞ ദിവസം പരിശോധനകൾക്കായി സഞ്ജു ബെംഗളൂരുവിലെ ‘സെന്റർ ഓഫ് എക്സലൻസിൽ’ എത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെയാണു സഞ്ജു സാംസണു വിരലിനു പരുക്കേറ്റത്. പരുക്കുമാറിയെങ്കിലും ഐപിഎല്‍ സീസണിലെ ആദ്യ മൂന്നു മത്സരങ്ങളിൽ വിക്കറ്റ് കീപ്പറാകാൻ താരത്തിന് അനുമതി ലഭിച്ചിരുന്നില്ല. ഇതോടെ രാജസ്ഥാൻ റോയൽസിനായി ഇംപാക്ട് പ്ലേയറുടെ റോളിലായിരുന്നു സഞ്ജു കളിച്ചത്.

ബെംഗളൂരുവിൽ പരിശോധനകൾ വിജയകരമായി പൂർത്തിയാക്കിയ സഞ്ജു ഉടൻ രാജസ്ഥാൻ റോയൽസ് ടീം ക്യാംപിലേക്കു മടങ്ങും. ശനിയാഴ്ച പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാന് കളിയുണ്ട്. ഈ മത്സരത്തിൽ സഞ്ജു രാജസ്ഥാനെ നയിക്കും. പഞ്ചാബിലെ മഹാരാജ യാദവീന്ദ്ര സിങ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് രാജസ്ഥാന്റെ അടുത്ത മത്സരം.

സീസണിലെ ആദ്യ മത്സരങ്ങളിൽ യുവതാരം റിയാൻ പരാഗായിരുന്നു ടീമിനെ നയിച്ചത്. സൺറൈസേഴ്സ് ഹൈദരാബാദിനോടും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടും തോറ്റ രാജസ്ഥാൻ ചെന്നെ സൂപ്പർ കിങ്സിനെതിരെ ആറു റൺസ് വിജയവും സ്വന്തമാക്കി.

രണ്ടു പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് രാജസ്ഥാൻ നിലവിലുള്ളത്. സഞ്ജു വരുന്നതോടെ ധ്രുവ് ജുറേൽ വിക്കറ്റ് കീപ്പറുടെ റോളിൽനിന്നു മാറി ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. സഞ്ജുവിന്റെ ക്യാപ്റ്റൻസിയിൽ രാജസ്ഥാൻ കൂടുതൽ മെച്ചപ്പെട്ട പ്രകടനങ്ങൾ നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ആദ്യ മത്സരങ്ങൾ തോറ്റതോടെ ടീമിനെതിരെ വൻ വിമർശനമാണ് ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നത്.

ജോസ് ബട്‍ലറും ട്രെന്റ് ബോൾട്ടും ഉൾപ്പടെയുള്ള വിദേശ താരങ്ങളെ നിലനിർത്താതിരുന്ന രാജസ്ഥാൻ ഇന്ത്യൻ യുവതാരങ്ങൾക്കു വേണ്ടിയാണു കൂടുതൽ തുക ചെലവഴിച്ചത്. താരലേലത്തിലും വലിയ താരങ്ങളെ ടീമിലെത്തിക്കാൻ രാജസ്ഥാനു സാധിച്ചിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker