സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് കേന്ദ്ര സർക്കാർ ; ചുമതലയേൽക്കുന്നത് ഈ തീയതിയില്‍

Sanjeev Khanna

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ചതായി അറിയിച്ച് കേന്ദ്രസർക്കാർ . നവംബർ പത്തിന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുന്ന ഒഴിവിലാണ് ജസ്റ്റിസ് ഖന്ന നിയമിതനാകുന്നത് . കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് ഇക്കാര്യം അറിയിച്ചത്. ആറു മാസക്കാലം അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായി തുടരും.

സ്ഥാനമൊഴിയുന്നതിനു മുന്നോടിയായി ചീഫ് ജസ്റ്റിസ് ഏറ്റവും സീനിയർ ജഡ്ജിയെ തന്റെ പിൻഗാമിയായി ശുപാർശ ചെയ്യുന്നതാണ് പൊതുവിൽ പാലിച്ചു വരുന്ന രീതി. അതിന്റെ ഭാ​ഗമായി അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നേരത്തെ ശുപാർശ ചെയ്യുകയായിരുന്നു . നിയമമന്ത്രാലയത്തിനുള്ള ശുപാർശക്കത്ത് ജസ്റ്റിസ് ഖന്നയ്ക്ക് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് കൈമാറുകയും ചെയ്തു.

ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ദേവ് രാജ് ഖന്നയുടെയും ഡൽഹിയിലെ ലേഡി ശ്രീറാം കോളേജിൽ ഹിന്ദി ലക്ചററായിരുന്ന സരോജ് ഖന്നയുടെയും മകനായി 1960 മേയ് 14-നാണ് സഞ്ജീവ് ഖന്ന ജനിച്ചത്. ഡൽഹി സർവകലാശാലയിൽനിന്ന് നിയമബിരുദം പൂർത്തിയാക്കിയ അദ്ദേഹം ഡൽഹിയിലാണ് തന്റെ അഭിഭാഷകവൃത്തിയുടെ ഭൂരിഭാഗവും ചിലവഴിച്ചത്. 2005-ൽ ഡൽഹി ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയും അതിന്റെ അടുത്തവർഷം ഡൽഹി ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയുമായി നിയമിതനുമാവുകയായിരുന്നു .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News