ന്യൂഡല്‍ഹി:കൊവിഡ് 19 രോഗബാധയേത്തുടര്‍ന്ന് സാനിട്ടൈസര്‍ ഉപയോഗം ലോകമെമ്പാടും ജീവിതശൈലിയുടെ ഭാഗമായി മാറിയിരിയ്ക്കുന്നു.അടിയ്ക്കടി കൈ കുകുകയും സാനിട്ടൈസറോ ഹാന്‍ഡ് റബ്ബുകളോ ഉപയോഗിച്ചാല്‍ വൈറസ് ബാധയെ ഒരു പരിധിവരെ തടുക്കാനാവുമെന്ന് പഠനങ്ങളിലൂടെ തെളിയിട്ടുമുണ്ട്.വീടുകള്‍,സ്ഥാപനങ്ങള്‍,ബാങ്കുകള്‍ തുടങ്ങി ജനങ്ങള്‍ ഇടപഴകുന്ന എല്ലായിടങ്ങളിലും സാനിട്ടൈസര്‍ നിര്‍ബന്ധവുമാണ്.
ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കിത്തുടങ്ങിയതോടെ ജനങ്ങള്‍ മെല്ലെ വീടുകള്‍ വിട്ട് പുറത്തേക്ക് ഇറങ്ങിത്തുടങ്ങിയിട്ടുമുണ്ട്. പലതരം ആളുകളുമായി ഇടപഴകുന്നതിനാല്‍ വാഹനങ്ങളില്‍ തന്നെ സാനിട്ടൈസര്‍ സൂക്ഷിയ്ക്കാനും ആരംഭിച്ചിട്ടുണ്ട്.ഇതിനിടെയാണ് അശ്രദ്ധയോടെ സാനിട്ടൈസര്‍ ഉപയോഗിയ്ക്കുന്നതുമൂലമുള്ള അപകടങ്ങളും റിപ്പോര്‍ട്ടു ചെയ്തു തുടങ്ങിയിരിയ്ക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് അഗ്നിശമന സേനാവിഭാഗം ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണവും ആരംഭിച്ചിട്ടുണ്ട്.
സാനിട്ടൈസറിലെ ആല്‍ക്കഹോള്‍ അടക്കമുള്ള രാസമൂലകങ്ങള്‍ക്ക് എളുപ്പത്തില്‍ തീപിടിയ്ക്കാന്‍ പ്രവണതയുള്ളതാണ്.വാഹനത്തില്‍ അപകടങ്ങളോ മറ്റോ ഉണ്ടായാല്‍ സാനിട്ടൈസര്‍ ചോര്‍ച്ച തീപ്പിടുത്തതിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചേക്കും.വാഹനത്തിനുള്ളില്‍ സുരക്ഷിതമായ ഇടത്ത് ഇത് സൂക്ഷിയ്ക്കാനും ശ്രദ്ധിയ്ക്കണമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കഴിഞ്ഞ ദിവസം ഹൈദരാബാദിനടുത്ത് മിയാപ്പൂരില്‍ 5000 ലിറ്റര്‍ സാനിറ്റൈസറുകളുമായി പോയ .ട്രക്കിന് തീപിടിച്ചിരുന്നു. സാനിറ്റൈസര്‍ ചോര്‍ന്നതാണ് ട്രക്കിന് തീപിടിക്കാന്‍ കാരണം.ഹരിയാനയിലെ റിവാഡിയില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച ശേഷം ഗ്യാസ് അടുപ്പിന് അരികില്‍ നിന്നയാള്‍ക്ക് പൊള്ളലേറ്റു. 30 ശതമാനം പൊള്ളലേറ്റയാളെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം കാര്‍ ഓടിക്കുന്നതിനിടെ തീപിടിച്ചത് സാനിറ്റൈസര്‍ കാരണമാണോ എന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.ഇതിനൊപ്പമാണ് മദ്യവില്‍പ്പനയ്ക്ക് കര്‍ശന വിലക്കുണ്ടായിരുന്ന സമയത്ത് സാനിട്ടൈസറില്‍ ആല്‍ക്കഹോള്‍ അടങ്ങിയിരിയ്ക്കുന്നതിനാല്‍
മദ്യത്തിന് പകരം സാനിട്ടൈസര്‍ കുടിച്ച് പൂസാകാന്‍ ചിലര്‍ ശ്രമം നടത്തിയത്. ആറിലധികം അളുകള്‍ക്കാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ജീവന്‍ നഷ്ടപ്പെട്ടത്.