കൊച്ചി: ലൈഫ് മിഷൻ കള്ളപ്പണ കേസിൽ നിർണായക നടപടിയിലേക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പ്രതികളുടെ 5.38 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. ഏഴാം പ്രതി യുണിടാക്ക് എംഡി സന്തോഷ് ഈപ്പന്റെ വീടും സ്വത്തും രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് നിക്ഷേപവുമാണ് കണ്ടുകെട്ടിയത്. ലൈഫ് മിഷൻ പദ്ധതി ഇടപാടുമായി ബന്ധപ്പെട്ട്, കോഴയായി കോടികൾ കൈമാറ്റം ചെയ്യപ്പെട്ടുവെന്നാണ് കേസ്.
പ്രളയ ബാധിതർക്ക് വീട് നിർമ്മിക്കാനുളള പദ്ധതിയിൽ കോഴയായി കോടികൾ വാങ്ങിയെന്ന ആരോപണമാണ് ഇഡി അന്വേഷിക്കുന്നത്. പദ്ധതിക്ക് വേണ്ടി യുഎഇ റെഡ് ക്രസന്റ് നൽകിയ 19 കോടിയിൽ 4.5 കോടി കമ്മീഷൻ നൽകിയെന്ന് സന്തോഷ് ഈപ്പൻ നേരത്തെ മൊഴി നൽകിയിരുന്നു.
ഇതിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്കും പങ്കെന്ന ആരോപണവും അന്വേഷണ പരിധിയിലുണ്ട്. കേസിലെ പ്രതികളിലൊരാളായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നിലവിൽ ജാമ്യത്തിലാണ്.