പാലക്കാട്: യു.ഡി.എഫിന്റെ തകര്‍പ്പന്‍ ജയത്തിന് പിന്നാലെ ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. പാലക്കാട്ടെ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത് ബി.ജെ.പിയിലെ കോക്കസ് ആണെന്ന് സന്ദീപ് പറഞ്ഞു. കെ. സുരേന്ദ്രനും വി. മുരളീധരനും സി. കൃഷ്ണകുമാറും ഉള്‍പ്പെടുന്ന കോക്കസ് ആണിത്. മുന്‍ നിശ്ചയിച്ച പ്രകാരം ജനാധിപത്യ മര്യാദയില്ലാതെയാണ് കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഗുരുതര പിഴവ് സംഭവിച്ചു. പാലക്കാട് ബി.ജെ.പിയുടെ അടിസ്ഥാന വോട്ടുകള്‍ ചോര്‍ന്നുവെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി.
അച്ചടക്കം എന്ന പേരില്‍ അടിമത്ത മനോഭാവത്തോടെ നില്‍ക്കുന്ന ആളുകളുടെ വലിയ കൂട്ടമായി ബി.ജെ.പി മാറി. അച്ചടക്കത്തിന്റെ വാള്‍ കാണിച്ചു ഭയപ്പെടുത്തുകയാണ്. ജനാധിപത്യ രീതിയില്‍ ബി.ജെ.പിയില്‍ ചര്‍ച്ച നടക്കുന്നില്ല. സാധാരണ പ്രവര്‍ത്തകരുടെയോ പൊതുജനത്തിന്റെയോ അഭിപ്രായം തേടുന്നില്ല. കൃഷ്ണകുമാറിനെതിരെ നിലപാട് സ്വീകരിക്കുന്ന ഒരാളെ പോലും സ്ഥാനാര്‍ഥി നിര്‍ണയ യോഗത്തിലേക്ക് വിളിച്ചില്ല. കുമ്മനം രാജശേഖരനെ യോഗത്തിലേക്ക് വിളിക്കുക പോലും ചെയ്തില്ല. കൃഷ്ണകുമാറിലേക്ക് സ്ഥാനാര്‍ഥിത്വം എത്താന്‍ വ്യാജ നടപടിക്രമങ്ങള്‍ നടത്തിയെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയില്‍ ഉണ്ടായ പൊട്ടിത്തെറിയെ കുറിച്ച് അഭിപ്രായം പറയുന്നില്ല. ആര്‍ജവത്തോടെ, അഭിമാനത്തോടെ അഭിപ്രായം പറയാന്‍ നട്ടെല്ലുള്ളവരല്ല ഇപ്പോള്‍ അഭിപ്രായം പറയുന്നത്. സ്ഥാനാര്‍ഥി നിര്‍ണയം നടന്നപ്പോള്‍ അഭിപ്രായം പറയണമായിരുന്നു. താന്‍ മാത്രമാണ് അഭിപ്രായം പറഞ്ഞതെന്നും സന്ദീപ് വ്യക്തമാക്കി.
ബി.ജെ.പി-സി.പി.എം നേതാക്കള്‍ ഒരുമിച്ച് ചര്‍ച്ച നടത്തിയത് പരസ്യമായതാണ്. ബി.ജെ.പിക്കെതിരെ ഒരു പ്രസ്താവന പോലും സി.പി.എം നടത്തിയിട്ടില്ല. ബി.ജെ.പിക്ക് പറയാന്‍ സാധിക്കാത്ത കാര്യങ്ങള്‍ സി.പി.എമ്മിനെ കൊണ്ട് പറയിപ്പിക്കുന്നു. ഒരു സമുദായത്തിന്റെ രണ്ട് പത്രങ്ങള്‍ പരസ്യം കൊടുത്തത് സി.പി.എമ്മിന് ജയിക്കാനുള്ള ആഗ്രഹം കൊണ്ടല്ലെന്ന് വ്യക്തമാണ്.
കെ. സുരേന്ദ്രന്‍ അടക്കം തെരഞ്ഞെടുപ്പിനിടെ നടത്തിയ വര്‍ഗീയ പ്രചാരണത്തിനെതിരെ ഒരു വാക്ക് സി.പി.എം നേതൃത്വം പറഞ്ഞിട്ടില്ല. ബി.ജെ.പി സ്ഥാനാര്‍ഥിയെ കുറിച്ച് ഒരു ആക്ഷേപവും സി.പി.എം നടത്തിയിട്ടില്ല. ബി.ജെ.പി-സി.പി.എം അന്തര്‍ധാര വ്യക്തമായ തെരഞ്ഞെടുപ്പാണിതെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി.